വക്കീലന്മാരാണോ പത്രക്കാരാണോ തെറ്റു ചെയ്തതെന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായി വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് പരിതപിക്കുന്നു നമ്മുടെ കണാരേട്ടന്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളാണ് ഉണ്ടാവുന്നത്. പത്രക്കാരനെന്താ കൊമ്പുണ്ടോന്ന് ഒരു ചോദ്യം; തിരിച്ചും. സംഗതികളിങ്ങനെ പോകെ, ഒരു വിഭാഗത്തിന്റെ വിവരണവും വേദനയും മാത്രമല്ലേ പുറംലോകം അറിയുന്നതെന്ന വശവുമുണ്ട്. ഏതു സംഭവത്തിനും രണ്ടും വശമുണ്ടെന്നത് ആര്‍ക്കും അറിയാവുന്നതുകൊണ്ട് ഇതിലും അങ്ങനെ തന്നെയായിരിക്കുമെന്ന് കണക്കു കൂട്ടുന്നത് സ്വാഭാവികം.
ഇതിനെക്കുറിച്ച് കൂലങ്കഷമായി ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് കണാരേട്ടന് മൂന്നു നാലു മാസം മുമ്പ് ഒറ്റപ്പാലം കോടതിപ്പരിസരത്ത് ഉണ്ടായ സംഭവഗതികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ചൂണിക്കാണിച്ചത്. അന്ന് അവിടെ സംഘപരിവാറുകാര്‍ പത്രക്കാരെ അടിച്ചു ചമ്മന്തിയാക്കുകയായിരുന്നെന്നും മാധ്യമപ്രവര്‍ത്തകര്‍ ഒരു കണക്കിന് രക്ഷപ്പെടുകയായിരുന്നുവെന്നും മറ്റുമാണ് പറഞ്ഞത്. ഉന്തിലും തള്ളിലും പെട്ടുപോയ പത്രക്കാരുടെ വിവിധ പോസിലുള്ള ദൃശ്യവിസ്മയങ്ങള്‍, ചര്‍ച്ചകള്‍, വിശകലനങ്ങള്‍, അവലോകനങ്ങള്‍, വിദഗ്ധനിരീക്ഷണങ്ങള്‍ അങ്ങനെയങ്ങനെ ആഘോഷമായിരുന്നു.
എന്നാല്‍ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ പ്രവര്ത്തകന്മാരെ കാണാന്‍ സംഘടനയുടെ ഉത്തരവാദപ്പെട്ട രണ്ടുമൂന്നു പ്രവര്ത്തകന്മാര് അവിടെയെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ രാഷ്ട്രീയപ്രവര്‍ത്തനം തലയ്ക്കുപിടിച്ച ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ നേതൃത്വത്തില്‍ ഈ സംഘടനാപ്രവര്‍ത്തകരെ പ്രകോപനമൊന്നും കൂടാതെ കയ്യേറ്റം ചെയ്യുകയായിരുന്നു. ക്ഷമയുടെ നെല്ലിപ്പടി തകര്‍ന്നതിനെ തുടര്‍ന്ന് ചെറുതായൊന്നു പ്രതികരിച്ചപ്പോള്‍ അത് വലിയ വിഷയമാക്കുകയും ലോകമാകെ ചര്‍ച്ച നടത്തുകയും ചെയ്തു.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഭാഗം മാത്രമേ കാണിച്ചുള്ളൂ, എഴുതിയുള്ളൂ, വിശദീകരിച്ചുള്ളൂ. എന്തായിരുന്നു അത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാവുമ്പോള്‍, ജനങ്ങള്‍ ഇവരിലൂടെയേ മുഴുവന്‍ വിവരങ്ങളും അറിയൂ എന്നാവുമ്പോള്‍ മറുഭാഗം അറിയാന്‍ മറ്റെന്തുവഴി? നിഷ്പക്ഷതയും സഹിഷ്ണുതയും ആലിന്കൊമ്പില് തൂങ്ങിമരിക്കുമ്പോള്‍ ശേഷിക്കുന്നതെന്ത് എന്നൊരു ചോദ്യം ഉയര്‍ന്നുവരുന്നില്ലേ?
അതേപോലെയുള്ള ചില പ്രശ്നങ്ങള്‍ നമ്മുടെ വക്കീല്‍-മാധ്യമസംഘര്ഷങ്ങളിലും ഉണ്ടായിട്ടില്ലേ എന്ന് ന്യായമായും സംശയിക്കാം.
ഫോര്‍ത്ത് എസ്റ്റേറ്റിനെ കളിയാക്കി നാലാം ലിംഗക്കാര്‍ എന്ന അപഹാസ്യത എഴുതിവെക്കാന്‍ കറുത്ത കോട്ടിട്ടവര്‍ കാണിച്ചതിന്റെ പിന്നില്‍ ഏത് നിയമമാണ് കൂട്ടുണ്ടായിരുന്നത് എന്ന് അറിയില്ല. ഏതായാലും ഇക്കാര്യത്തില്‍ ഏറെ ഗുണമുണ്ടായത് സര്‍ക്കാറിനാണെന്നു തോന്നുന്നു. മാധ്യമങ്ങളാണല്ലോ എല്ലാം മാലോകരെ അറിയിക്കുന്നത്. അതുകൊണ്ടു തന്നെ അവരെയൊന്ന് ശരിയാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണുതാനും.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി വന്ന വിദ്വാനെക്കുറിച്ചും മറ്റും നടന്ന ചര്‍ച്ചകള്‍ ഭരണകൂടത്തെ എത്രമാത്രം അസ്വസ്ഥപ്പെടുത്തിയെന്ന് നാമറിഞ്ഞതാണ്. ഒടുവില്‍ ഞാനീവഴിക്കില്ലേ എന്ന് പിറുപിറുത്ത് ടിയാന് ഒഴിഞ്ഞു പോകേണ്ടിവന്നു. അതിന്റെ കലിപ്പ് അത്ര പെട്ടെന്നൊന്നും അടങ്ങുന്നതല്ലല്ലോ. ആരാണോ വേലവെച്ചത് അവര്‍ക്കു തന്നെ രണ്ടു കൊടുക്കാന്‍ സാഹചര്യമൊത്തുവന്നാല്‍ ആരാണ് ആഹ്ലാദചിത്തനാവാത്തത്. ഒരു നിസ്സാരപ്രശ്നത്തെ വേണ്ടാത്തവിടങ്ങളിലേക്കൊക്കെ കൊണ്ടുപോകാന്‍ ആരോ കാണിച്ച അമിത താല്പര്യത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും കണ്ടത്.
ജനങ്ങള്‍ക്ക് വിവരം നല്കാന് ജീവന് പണയപ്പെടുത്തി പണിയെടുക്കുന്നവര്‍ ബീര്‍ കുപ്പികൊണ്ട് തലപൊട്ടി ചോരയൊലിപ്പിക്കുന്നത് രസിച്ചു കണ്ടിരുന്നവരില്‍ ഭരണക്കാര്‍ എത്ര? പ്രതിപക്ഷക്കാര് എത്ര? കണക്കെടുക്കാന്‍ പറ്റുമോ? അടി കിട്ടുന്ന പണിക്ക് ഇറങ്ങിത്തിരിക്കേണ്ടെന്ന് ഭംഗ്യന്തരേണ പറഞ്ഞ നേതാവിന്റെ മനസ്സിലിരിപ്പ് എന്താവാം? നീയൊക്കെ ഉണ്ടാക്കിവെക്കുന്ന തലവേദനയ്ക്ക് മരുന്ന് ഇതല്ലാതെ മറ്റെന്ത് എന്നാവില്ലേ?
ഇനി പിന്നീടുണ്ടായ സംഭവഗതികളിലേക്കുകൂടി വരിക. പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്നുള്ളത് പണ്ടത്തെ ഒരു ശൈലിയാണ്. അതില്‍ എല്ലാമുണ്ട്. മുന്‍ ആഭ്യന്തരമന്ത്രി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായാലും പഠിച്ചതല്ലേ പാടൂ. തങ്ങളല്ലാതെ ആരും പാടില്ലെന്ന അസഹിഷ്ണുത തിടംവെച്ചു തുള്ളുമ്പോള്‍ എന്ത് മര്യാദ, എന്ത് മനുഷ്യത്വം? പിന്നെ ഇതിലൊരു തമ്പ്രാന്ചുവയുമുണ്ട്. പാടത്ത് പണിയെടുക്കുന്ന അടിയാളര്‍ക്ക് ഭൂവുടമ (തമ്പ്രാന്) വരമ്പത്ത് വെച്ചാണല്ലോ പണ്ട് കൂലി കൊടുത്തിരുന്നത്. പണിയെടുക്കുന്നതും നോക്കി തമ്പ്രാന് കുടചൂടി കാര്യസ്ഥന് തൊട്ടടുത്തു തന്നെയുണ്ടാവും.
ഏതു പാര്‍ട്ടിയായാലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും മനസ്സില്‍ ഫ്യൂഡല്‍ മാടമ്പിത്തത്തിന്റെ വൈറസുകള്‍ ചുരമാന്തുമ്പോള്‍ ഇങ്ങനെയല്ലാതെ മറ്റെന്തു പറയാന്‍. എന്നാല്‍ ഈ തമ്പ്രാന് മനസ്സിലാക്കാതെ പോയ മറ്റൊരു കാര്യമുണ്ട്. ഈ ന്യൂജന്‍കാലത്ത് പാടത്ത് പണിയും അവിടത്തന്നെ കൂലിയുമാണ്. എന്നുവെച്ചാല്‍ കൂലി വാങ്ങാന്‍ വരമ്പത്തേക്ക് വരേണ്ട ആവശ്യമില്ലെന്ന്. ഒന്നുകൂടി വിശദമാക്കിയാല്‍ തമ്പ്രാനും അടിയാനും ഒന്നും ഇല്ല. ഒന്നുകില്‍ എല്ലാരും തമ്പ്രാക്കള്‍. രണ്ടുകില്‍ സകലരും അടിയാളര്‍.
എന്തുതന്നെയായാലും നമ്മുടെ കോടിയേരിത്തമ്പ്രാനും ടിയാന്റെ കാര്യസ്ഥനും കൂടി കാര്യങ്ങളൊക്കെ ഒരു വഴിക്കാക്കുമെന്നു വ്യക്തം. പിണറായിക്കാരന് മുഖ്യമന്ത്രിയായതോടെ വെള്ളിവെളിച്ചത്തില്‍ നിന്ന് നിഷ്ക്രമിക്കേണ്ട നിലയായി. അതിന്റെ കലിപ്പ് തീര്‍ക്കാന്‍ പറ്റിയ അവസരത്തിന് കാത്തിരിക്കുമ്പോഴാണ് പയ്യന്നൂരില്‍ ആനയും അമ്പാരിയും ചേര്‍ന്നുള്ള വരവേല്പ്. ഏത് കോമ്രേഡിനാണ് മനസ്സില്‍ ലഡു പൊട്ടാതിരിക്കുക.
അങ്ങനെ വന്നാല്‍ നാലു വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ പിന്നെന്തു പാര്‍ട്ടിപ്പണി. ഇതിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാത്തവര്‍ ഡിജിപി, മുഖ്യമന്ത്രി, കോടതി എന്നിങ്ങനെയുള്ള ഓലപ്പാമ്പുകള്‍ കാണിച്ച് പേടിപ്പിക്കും. കയംകണ്ട കന്നിന് കുന്നിനോടാ പേടി. ആയതിനാല്‍ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഈ നാടായ നാടൊക്കെ തമ്പ്രാന്മാരുടെ കൈവശാവകാശത്തിലുള്ളതാ. നേരും നിലയും നോക്കി നടന്നാല്‍ നേരെ ചൊവ്വേ സിദ്ധികൂടാം. ഇല്ലെങ്കില്‍ നേരത്തെ പറഞ്ഞതു തന്നെ ഒന്നുകൂടി പറയാം. പാടത്ത് പണി, വരമ്പത്ത് കൂലി.
മീഡിയ സ്കാനിച്ച് വിളമ്പുന്ന മ്മടെ യാസീന്‍ അശ്റഫ് ഇത്തവണ (മാധ്യമം വാരിക, ആഗ. 01) പറഞ്ഞുകൂട്ടിയതിന്റെ ഒടുവിലത്തെ നാലുവരിയില്‍ പത്രപ്രവര്‍ത്തനത്തിന്റെ ഒരു മുഖമുണ്ട്. ഇതാ വായിച്ചോളിന്‍: തുര്‍ക്കിയിലെ പാളിപ്പോയ സൈനിക അട്ടിമറിയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ (ജൂലൈ 17) മലയാള മനോരമക്കും അല്പമൊന്ന് പാളി.
ലീഡ് വാര്‍ത്തയിലെ മരണസംഖ്യ കുറെ എഡിഷനുകളില്‍ 265, ചിലതില്‍ 250, തൃശൂര്‍ പതിപ്പില്‍ 161. ഇത് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു രസികന്റെ കമന്റ്: കോട്ടയത്തു നിന്ന് വാങ്ങാതെ ഞാന്‍ തൃശൂരില്‍ ചെന്ന് പത്രം വാങ്ങി; അങ്ങനെ 104 ജീവന് രക്ഷിച്ചു. രക്ഷിക്കണമെന്നു തോന്നുന്നവര്‍ക്ക് ഇങ്ങനെയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: