തിരുവേഗപ്പുറ: തൂതപ്പുഴയില്‍ അനധികൃത മണല്‍ കടത്തുമൂലം രൂപപ്പെട്ട മണല്‍ക്കുഴികള്‍ അപകടം വിതയ്ക്കുന്നു. പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ മണല്ക്കുഴികളില്പ്പെട്ടുള്ള അപകടം പതിവാകുകയാണ്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും മലപ്പുറം ഭാഗത്തെ വിവിധ കടവുകളിലും അനധികൃതമായി മണല്‍ കടത്ത് ഇപ്പോഴും തുടരുന്നുണ്ട്. രാപകല്‍ ഭേദമില്ലാതെയാണ് ഇവിടങ്ങളിലെ മണല്‍ കടത്ത്. പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ തോണിയിലെത്തിയാണ് മണല്‍ കടത്തുന്നത്.
പുലര്‍ച്ചെയാണ് കരയ്ക്ക് കയറ്റിയിടുന്ന മണല്‍ച്ചാക്കുകള്‍ ചെറുതും വലതുമായ വാഹനങ്ങളില്‍ കടത്തുന്നത്. മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ് മണല്‍ കടത്തില്‍ സജീവമായുള്ളത്. ഇവിടത്തെ ഇടവഴികളിലൂടെയാണ് മണല്‍ കടത്തുന്നത്. പലപ്പോഴും അധികൃതര്‍ക്ക് ഇവിടങ്ങളില്‍ എത്തിപ്പെടാനും കഴിയുന്നില്ല.
കഴിഞ്ഞദിവസം പുഴയിലെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിക്കാനിടയായത് മണല്ക്കുഴില്പ്പെട്ടാണ്. അനധികൃതമായി മണലെടുത്ത കുഴികള്‍ക്ക് സമീപമാണ് പലപ്പോഴും ആളുകള്‍ കുളിയ്ക്കാന്‍ എത്തുന്നത്. ഇവിടത്തെ അപകടം അറിയാതെ നാട്ടുകാര്‍ പുഴയിലേക്ക് ഇറങ്ങുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇവിടെ പതിവാണ്. അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: