പാലക്കാട്: പരിശുദ്ധമായ കല്‍പ്പാത്തിപ്പുഴയെ മാലിന്യം നീക്കി ശുചീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. പന്നിവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം പുഴ മലിനപ്പെട്ടുകിടക്കുകയാണ്. കര്‍ക്കടകവാവിനു മുന്നോടിയായി പുഴ ശുചീകരിക്കണമെന്ന് നാട്ടുകാരും വിശ്വാസികളും ആവശ്യപ്പെടുന്നു.
കുണ്ടമ്പലം, ചാത്തപുരം, ഗോവിന്ദരാജപുരം എന്നീ കടവുകളും പരിസരവും അടിയന്തരമായി വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എന്‍. വിശ്വനാഥന് ജില്ലാ കളക്ടര്‍ക്കും നഗരസഭയ്ക്കും നിവേദനം നല്‍കിയിട്ടുണ്ട്. മാമാങ്ക ഉത്സവത്തോടനുബന്ധിച്ച് പ്രധാന കടവുകള്‍ വൃത്തിയാക്കിയിരുന്നെങ്കിലും വീണ്ടും പഴയപടിയായിട്ടുണ്ട്. കുണ്ടമ്പലം കടവിനോട് ചേര്‍ന്നുള്ള ശുചിമുറി കെട്ടിടവും ഉപയോഗശൂന്യമായി കിടക്കുകയാണ്.
കര്‍ക്കടക വാവിന് വലി നടത്താന്‍ ആയിരങ്ങളാണ് കല്പാത്തിപ്പുഴയിലെത്തുക. പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ മഴ ലഭിച്ചില്ലെങ്കില്‍ മലമ്പുഴ ഡാം തുറക്കേണ്ടതായിവരും. ബലിതര്‍പ്പണത്തിനായി എത്തുന്ന ആളുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും നിലവില്‍ സൗകര്യമില്ല. വാവുമായി ബന്ധപ്പെട്ട് പൊലീസ്, അഗ്നിശമനസേന, ആരോഗ്യ വകുപ്പുകളുടെ സേവനം ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നഗരസഭയുടെ ഭാഗത്തു നിന്ന് എല്ലാ നടപടികളുമുണ്ടാകുമെന്നും മറ്റ് വകുപ്പുകളുടെ ഏകോപനത്തിന് മുന്‍കൈയെടുക്കുമെന്നും ചെയര്‍പെഴ്സണ്‍ പ്രമീളശശിധരന്‍, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: