കിങ്സ്റ്റൺ: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 92 റൺസിനും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പരിശീലകൻ അനിൽ കുംബ്ലെയും നായകൻ വിരാട് കോഹ്ലിയും. വിൻഡീസിൽ വച്ച് ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇന്ത്യയുടെ ഇന്നിങ്സ് വിജയം.
ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരുപോലെ മികവു തെൡയിച്ചതാണ് ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ കൂറ്റൻ വിജയം നേടിക്കൊടുത്തത്. ബാറ്റിങിൽ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയും യഥാർത്ഥ ഓൾറൗണ്ടറായി കഴിവുതെൡയിച്ച് ബാറ്റിങ്ങിലും ബൗളിങിലും മിന്നിത്തിളങ്ങിയ അശ്വിനും ഒത്തുചേർന്നതോടെയാണ് അനായാസ ജയം ഇന്ത്യക്ക് സ്വന്തമായത്. ആദ്യ ഇന്നിങ്സിൽ 113 റൺസെടുത്ത അശ്വിന് ബൗളിങിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും രണ്ടാം ഇന്നിങ്സിൽ പന്തുകൊണ്ട് മായാജാലം കാണിച്ചു. 83 റൺസ് വഴങ്ങി 7 വിക്കറ്റുകളാണ് അശ്വിൻ പിഴുതത്.
ഈ പ്രകടനം മാൻ ഓഫ് ദി മാച്ച് അവാർഡ് ബഹുമതിയും അശ്വിന് നേടിക്കൊടുത്തു. ഇരുവർക്കും പുറമെ അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനും സ്പിന്നർ അമിത് മിശ്രയും വൃദ്ധിമാൻ സാഹയും മികച്ച ഇന്നിങ്സ് നടത്തി. എന്നാൽ മുരളി വിജയ്, മുൻനിര ബാറ്റ്സ്മാന്മാരായ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർക്ക് മികച്ച ഇന്നിങ്സ് നടത്താൻ കഴിഞ്ഞില്ല. ഇവരും കൂടി ഫോമിലേക്കെത്തിയാൽ ഇന്ത്യയെ പിടിച്ചുകെട്ടാൻ വിൻഡീസ് ബൗളർമാർക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും.
ബൗളർമാരും മികച്ച ഫോമിലാണ്. ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. ഒപ്പം ഇഷാന്ത് ശർമ്മയും കൂടി പിച്ചിലെ പേസും ബൗൺസും മുതലെടുത്ത് പന്തെറിഞ്ഞാൽ വിൻഡീസിനെ പ്രതിരോധത്തിലാക്കാം.
മറുവശത്ത് ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്, മർലോൺ സാമുവൽസ്, ഡാരൻ ബ്രാവോ, കാർലോസ് ബ്രാത്ത്വെയ്റ്റ്, വിക്കറ്റ് കീപ്പർ ഡൗറിച്ച് എന്നിവരാണ് ബാറ്റിങിലെ വമ്പന്മാർ.
എന്നാൽ സുദീർഘമായ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിൽ അവർ പരാജയപ്പെടുന്നതാണ് ആതിഥേയർക്ക് തിരിച്ചടിയാവുന്നത്. ജാസൺ ഹോൾഡറും ദേവേന്ദ്ര ബിഷുവും ഗബ്രിയേലും ഉൾപ്പെടുന്ന ബൗളിങ് നിരയും തരക്കേടില്ലാതെ പന്തെറിയുന്നവരാണ്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ പേസർ അൽസാരി ജോസഫിനെയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുക എന്നതാണ് വിൻഡീസിന്റെ ലക്ഷ്യം. അതേസമയം നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 2-0ന്റെ അപരാജിത ലീഡാണ് കോഹ്ലിയും കൂട്ടരും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: