രഞ്ജിത്ത് ഏബ്രഹാം തോമസ്
പെരിന്തല്‍മണ്ണ: പഴയ വള്ളുവനാട് രാജ്യത്തിന്റെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണക്ക് ആ പേര് വന്നതിനെ കുറിച്ച് രസകരമായ പല കഥകളുമുണ്ട്. പെരും തല്ലന്മാരുടെ നാടാണ് കാലക്രമേണ ലോപിച്ച് പെരിന്തല്‍മണ്ണ ആയതെന്നാണ് ഏറ്റവും പ്രചാരം നേടിയ കഥ. ആ ചേകവന്മാരുടെ പിന്മുറക്കാരാണ് പെരിന്തല്‍മണ്ണയില്‍ വളയം പിടിക്കുന്ന പലരും. അതിരൂക്ഷമായ ഗതാഗതക്കുരുക്കില്‍ നഗ്നമായ നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരാണ് പെരിന്തല്‍മണ്ണയുടെ തീരാശാപം. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.
ഓടിക്കോ…സ്വകാര്യ
ബസ് വരുന്നുണ്ടേ
ഒരുകാലത്ത് ടിപ്പര്‍ ഡ്രൈവര്‍മാര്‍ കൈവശം വച്ചിരുന്ന കുപ്രസിദ്ധിയാണ് ഇന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കുള്ളത്. അലക്ഷ്യമായ ഡ്രൈവിംഗും അമിത വേഗതയുമാണ് പലരുടേയും മുഖമുദ്ര. മിക്ക സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും പരാതികള്‍ ഉയരാത്ത ദിവസമില്ല. പക്ഷേ, ഇവരെ തൊടാന്‍ പോലും നിയമപാലകര്‍ക്ക് പേടിയാണ്. എന്തെങ്കിലും നടപടിയെടുത്താല്‍ പിന്നെ മിന്നല്‍ പണിമുടക്കായി, അനിശ്ചിതകാല സമരം പ്രഖ്യാപിക്കലായി, അങ്ങനെ പ്രതികാര നടപടികള്‍ ഒന്നിനു പിറകെ ഒന്നായി വരും. അതുകൊണ്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട എന്ന് കരുതി ബന്ധപ്പെട്ടവരും മൗനം പാലിക്കുന്നു. സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ പറ്റി മുമ്പ് ജന്മഭൂമിയില് വന്ന പരമ്പര ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഹരി ആനമങ്ങാട് ഗതാഗതമന്ത്രിക്കും ആര്‍ടിഒക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പരാതി ചവറ്റുകുട്ടയിലായ ലക്ഷണമാണ്. തങ്ങള്‍ക്ക് തോന്നിയതുപോലെ വാഹനം പറത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ നിരത്തുകളിലെ കാലന്മാരായി അവതരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്റ്റോപ്പില്‍ കൈ കാണിച്ചാലും നിര്‍ത്താതിരിക്കുക, നോ പാര്‍ക്കിംഗില്‍ നിര്‍ത്തുക, ചെറിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അസഭ്യം പറയുക, നിര്‍ത്താതെ ഹോണ്‍ മുഴക്കി നാട്ടുകാരെ ബുദ്ധിമുട്ടിക്കുക തുടങ്ങിയവയൊക്കെ ഇവരുടെ കലാപരിപാടികളില്‍ ചിലത് മാത്രം. എന്നാല്‍ ഇതിന്റെയെല്ലാം അവസാനം അവശേഷിക്കുന്നത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തന്നെയാകും. പക്ഷേ , അതവര്‍ക്ക് നല്‍കുന്നത് ആത്മ സംതൃപ്തിയാണെന്ന് മാത്രം.
ഇന്നത്തെ ചിത്രം
പെരിന്തല്‍മണ്ണ റോയല്‍ റിച്ച് ട്രാവല്‍സ് ഉടമ സിദ്ദിഖ് ചെമ്മാട് പകര്‍ത്തിയ ഈ ചിത്രം നഗ്നമായ നിയമലംഘനത്തിന്റെ നേര്‍സാക്ഷ്യമാണ്. പെരിന്തല്‍മണ്ണ-പാലക്കാട് റോഡില്‍ പോലീസ് സ്റ്റേഷന് സമീപം നടുറോഡില്‍ നടന്ന ഡ്രൈവര്‍മാരുടെ കയ്യാങ്കളിയുടെ കാഴ്ചയാണിത്. സ്വകാര്യ ബസിനെ മറികടക്കുന്ന ഓട്ടോറിക്ഷ. ഓട്ടോറിക്ഷയെ മറികടക്കുന്ന മറ്റൊരു സ്വകാര്യ ബസ്. എതിര് വശത്തുകൂടി വരുന്ന കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയില്‍ ഇടിക്കാതെതിരിക്കാന് രണ്ടാമത്തെ സ്വകാര്യ ബസ് വെട്ടിച്ചു മാറ്റുന്നു. ശ്രമം പാളി ഓട്ടോറിക്ഷയില്‍ തട്ടുന്നു. ഓടുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവര്‍ അതിവേഗം പുറത്തേക്ക് ചാടുന്നു. ബസ് ഡ്രൈവര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ പോകുന്നു. പൊരിവെയിലത്ത് പെരുംതല്ല്. ലൈവായി കാണാന്‍ നാട്ടുകാര്‍. അതിനൊപ്പം വാഹനനിര വേറെയും. ബസ് ഡ്രൈവറുടെ പക്ഷം പിടിച്ച് ബസ് ഡ്രൈവര്‍മാരും ഓട്ടോ ഡ്രൈവറുടെ പക്ഷം പിടിച്ച് ഓട്ടോക്കാരും നിരത്ത് കയ്യടക്കുന്നു. ഗതാഗതക്കുരുക്ക് ഒരു കിലോമീറ്റര്‍ നീണ്ടിട്ടും പാവം പോലീസുകാര്‍ മാത്രം ഒന്നും അറിഞ്ഞതുമില്ല.
നിലവിളി ശബ്ദത്തെ
പിന്തുടര്ന്ന് ഫ്രീക്കന്മാര്
ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയില്‍ ഒരു മണിക്കൂറിനുള്ളില്‍ കുറഞ്ഞത് അഞ്ച് ആംബുലന്‍സുകളെങ്കിലും പോകുന്നത് കാണാം.
എന്നാല്‍ ഇവയുടെ അകമ്പടി സേവകരായി കുറഞ്ഞത് പത്ത് ഇരുചക്ര വാഹനങ്ങളെങ്കിലും കാണും. കൂടുതലും 25 വയസില്‍ താഴെയുള്ളവര്‍. നിലവിളി ശബ്ദത്തിന് പുറകെ പോയാല്‍ കുരുക്കിലാകാതെ രക്ഷപ്പെടാമെന്ന ചിന്തയാണ് ഇവരെ അതിന് പ്രേരിപ്പിക്കുന്നത്. അതേസമയം, അവശ്യ സര്‍വീസായ ആംബുലന്‍സുകളോട് വലിയ വാഹനങ്ങള്‍ പലതും മമത കാട്ടാറില്ലെന്നാണ് പരാതി. ആംബുലന്‍സുകള്‍ വരുന്നത് കണ്ടാല്‍ പിന്നെ അതിലും വേഗമാണ് മറ്റു വാഹനങ്ങള്‍ക്ക്. മുമ്പിലും പുറകെയുമുള്ള വാഹനങ്ങളുടെ ഇത്തരം ഞാണിന്മേല് കളിയില്‍ ജീവിന്റെ കാവല്ക്കാരാകാന് പെടാപാട് പെടുകയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: