കാഞ്ഞങ്ങാട്: കേരഫെഡിന്റെ നാളികേര സംഭരണം കേരകര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ലെന്ന് പരാതി. ജില്ലയില്‍ കേരഫെഡ് കൃഷിഭവന് മുഖേനയാണ് കര്‍ഷകരില്‍ നിന്ന് നാളികേരം സംഭരിക്കുന്നത്. എന്നാല്‍ ഇത് നാമമാത്രമാണെന്നും കേരകര്‍ഷകര്‍ പറയുന്നു. ആഴ്ചയില്‍ രണ്ട് ദിവസം തെരഞ്ഞെടുക്കപ്പട്ട കൃഷിഭവനുകളില്‍ മാത്രമാണ് ഇപ്പോള്‍ നാളികേരം സംഭരിക്കുന്നത്. പത്ത് കര്‍ഷകരില്‍ നിന്ന് 4 ക്വിന്റല്‍ വീതം ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കിലാണ് നിലവില്‍ കൃഷിഭവനുകളില്‍ തേങ്ങ സംഭരിക്കുന്നത്. 10 ക്വിന്റല്‍ നാളികേരം ലഭിക്കുന്ന ഒരു കര്ഷകന് നിലവിലെ ഉപാധി പ്രകാരം ഒരു തവണ 4 ക്വിന്റല്‍ മാത്രമാണ് വില്പന നടത്താന്‍ സാധിക്കുന്നത്. തന്നെയുമല്ല ബാക്കിയുള്ള നാളികേരം വില്ക്കണമെങ്കില് വീണ്ടും ടോക്കണെടുത്ത് 6 മാസം കൂടി കാത്തിരിക്കേണ്ട സ്ഥിതിയുമാണ് നിലവിലുള്ളത്. ഇത് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് നാളികേര സംഘങ്ങള്‍ പറയുന്നു. ഒരിക്കല്‍ വില്‍പ്പന നടത്തിയാല്‍ പിന്നെ ആറുമാസത്തോളം നാളികേരം വില്ക്കാന് സാധിക്കാതെ നശിച്ചുപോകുന്ന അവസ്ഥയാണുണ്ടാകുന്നതെന്ന് ഇവര്‍ പറയുന്നു. കേരസംഭരണം കേരകര്‍ഷകര്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നല്ലെന്നും സംഘങ്ങള്‍ പറയുന്നു. ഇതു തന്നെ ഏല്ലാ കൃഷിഭവനുകളിലും സംഭരണമില്ലാത്തതും വാടകയിനത്തില്‍ സാമ്പത്തിക നഷ്ടമണ്ടാക്കുന്നു. ഒരു കിലോക്ക് 25 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബജറ്റില്‍ ഇത് 27 രൂപയായി വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. കര്‍ഷകരെ സംബന്ധിച്ച് നാളികേരത്തിന് കേരഫെഡ് നല്ല വില നല്‍കുന്നുണ്ടെങ്കിലും മുഴുവന്‍ തേങ്ങയും ഒരേ സമയം വില്ക്കാന് സാധിക്കാത്തതിനാല്‍ എത്ര വില കിട്ടിയിട്ടും കാര്യമില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
കേരസംഭരണം മാര്‍ക്കറ്റിങ് സൊസൈറ്റികളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കളളാര്‍ പഞ്ചായത്തിലെ ഒരള നാളികേര ഉദ്പാദക സംഘം പ്രസിഡന്റ് എം.രഞ്ജിത്ത് കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നിലവിലുള്ള സംഭരണ രീതിയില്‍ തന്നെ സൊസൈറ്റികളെ ഏല്‍പ്പിച്ചാല്‍ ഒറ്റത്തവണ എത്ര നാളികേരം വേണമെങ്കിലും വില്പന നടത്താന്‍ സാധിക്കുമെന്നാണ് കേരസംഘങ്ങളുടെ അഭിപ്രായം. നാളികേര സംഭരണത്തിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാകാന്‍ സംഭരണ ചുമതല ജില്ലയിലെ മാര്‍ക്കറ്റിങ് സൊസൈറ്റികളെ ഏല്‍പ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: