ശ്രീകൃഷ്ണപുരം: വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്തത് ഗുണഭോക്താക്കളെ വലച്ചു. തുച്ഛമെങ്കിലും ഇതിനെ മാത്രം ആശ്രയിക്കുന്നവരുമുണ്ട്. പെന്ഷന് ബാങ്കുകള്‍ വഴിയാക്കിയതോടെ മിക്ക ഗുണഭോക്താക്കളും പ്രയാസത്തിലായിരിക്കയാണ്. ബാങ്കില്‍ പെന്ഷന് തുക വന്നുവോയെന്ന് അറിയാന്‍ മാര്‍ഗമില്ല.
പെന്ഷന് വാങ്ങാന്‍ പോകണമെങ്കില്‍ ഓട്ടോറിക്ഷ ചെലവും മറ്റുമായി പെന്‍ഷന്റെ നല്ലൊരു വിഹിതം ചെലവാകുന്നു. പരാശ്രയമില്ലാതെ പലര്‍ക്കും ബാങ്കിലെത്താനും കഴിയില്ല. അതിനിടെ പെന്‍ഷന്‍തുക സര്‍ക്കാര്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഉള്ള പെന്ഷന് പഴയ പോലെ മണിയോര്‍ഡറായി പോസ്റ്റ്മാന് വീട്ടില്‍ കൊണ്ടു പോയി കൊടുക്കുന്ന രീതി പുനസ്ഥാപിക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
പെന്ഷന് വാങ്ങുന്നവരില്‍ ഭൂരിഭാഗവും വൃദ്ധരും വികലാംഗരും മറ്റ് അവശതകള്‍ അനുഭവിക്കുന്നവരുമാണെന്ന കാര്യം വിസ്മരിക്കരുത്. പണമില്ലാത്തതിനാല്‍ നിത്യവും കഴിക്കുന്ന മരുന്നു പോലും വാങ്ങാനാകാതെ ദുരിതമനുഭവിക്കുന്നവരേറെയാണ്. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി ഗുണഭോക്താവിന് എത്തിക്കുവാനുള്ള സത്വര നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: