പാലക്കാട്: അപകടകരമായ വിധത്തില്‍ അശ്രദ്ധമായി കെ.എസ്.ആര്.,ടി.സി ബസ് ഓടിച്ചതിന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി ഡ്രൈവര്‍ക്ക് പിഴയിട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് 6.30ന് കല്ലടിക്കോട് വെച്ചാണ് സംഭവം. മണ്ണാര്‍ക്കാട് താലൂക്കാഫീസില്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കുശേഷം ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി പാലക്കാട്ടേക്ക് തിരിച്ചു വരുകയായിരുന്നു. അതേ സമയം പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മലപ്പുറം ഡിപ്പോയിലെ ടൗണ്‍ ടു ടൗണ്‍ മലബാര്‍ കെ.എല്‍.15 8968 ബസ് അമിതവേഗതയില്‍ വരുകയായിരുന്നു. തെറ്റായ ദിശയില്‍ വാഹനം വരുന്നതു കണ്ട് ജില്ലാ കളക്ടറുടെ വാഹനം റോഡിന്റെ പുറത്തേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു.
ഉത്തരവാദിത്തമില്ലാതെ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്ക് പിഴയിടാന്‍ ജില്ലാ കളക്ടര്‍ പോലിസിന് നിര്‍ദ്ദേശം നല്കി. 500 രൂപയാണ് പിഴയിട്ടത്. എന്നാല്‍ സ്വകാര്യ ബസ്സ് സൈഡ് നല്കാതെയുള്ള ഓട്ടമാണ് സംഭവത്തിന് കാരണമായതെന്ന് ഡ്രൈവര്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ചുള്ള പരാതി നല്കിയാല് പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: