പാലക്കാട്: പാലക്കാട് ഐഐടിയിലെ പുതിയ ബാച്ച് ഇന്ന് ക്യാമ്പസിലെത്തും. നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് നാളെയാണ്ന്ന ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ചെന്നൈ ഐഐടി ഡയറക്ടര്‍ ഡോ. ഭാസ്കരരാമമൂര്ത്തി, പാലക്കാട് ഐഐടി ഡയറക്ടര്‍ പി.ബി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലായി 120 വിദ്യാര്‍ഥികളാണ് പുതിയ ബാച്ചിലെത്തുക. അഹല്യയിലെ താത്കാലിക കാമ്പസില്‍ തന്നെയാണ് ഈ വര്‍ഷവും ഐഐടി പ്രവര്‍ത്തിക്കുന്നത്. ഐഐടിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ജൂലായ് 31ന് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇടയ്ക്ക് നിയമസഭാതിരഞ്ഞെടുപ്പ് വന്നതുമൂലം നടപടിക്രമങ്ങള്‍ വൈകി. അവകാശികള്‍ തമ്മില്‍ തര്‍ക്കമുള്ള സ്ഥലങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താനാകാത്തതും കുറച്ച് സ്ഥലമുടമകളുടെ എതിര്‍പ്പുമാണ് മറ്റൊരു തടസ്സം. ആഗസ്റ്റ് പതിനഞ്ചോടെ ഐഐടിക്കുള്ള സ്ഥലം സംസ്ഥാനസര്‍ക്കാര്‍ കൈമാറുമെന്നാണ് കരുതുന്നത്. ഇതോടെ ലാബുകളുടെയും വര്‍ക്ക്ഷോപ്പുകളുടെയും നിര്‍മാണം തുടങ്ങും.
ആകെ 504.54 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 294.78 ഏക്കറിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. ശേഷിക്കുന്നതിന്റെ രജിസ്ട്രേഷന് രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കും. പുരയിടത്തിന് സെന്റിന് ശരാശരി 50,000 രൂപയും നിലത്തിന് 38,000 രൂപയുമാണ് വില നല്‍കുന്നത്.
ഏറ്റെടുക്കുന്ന സ്ഥലത്ത് ഐഐടിയുടെ ആര്‍കിടെക്ടുകളും കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരും ആദ്യഘട്ടസര്‍വേ പൂര്‍ത്തിയാക്കി. സ്ഥലം കൈവശം കിട്ടിയാലുടന്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം തുടങ്ങാനുള്ള നടപടികളായിക്കഴിഞ്ഞു. അടുത്ത അധ്യയനവര്‍ഷം പകുതിയാകുമ്പോഴേക്കും ഐഐടി സ്വന്തം കാമ്പസിലേക്ക് മാറാനാകും. പാലക്കാട് ഐഐടിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. പുതിയ ബാച്ചിനുവേണ്ടി അഹല്യ കാമ്പസില്‍ നിര്‍മിക്കുന്ന 60 മുറികളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തിനിടെയുണ്ടായ തൊഴില്ത്തര്ക്കത്തെത്തുടര്ന്നാണ് വൈകിയത്. പുതിയ വിദ്യാര്‍ഥികളെ നിലവിലെ സൗകര്യമുപയോഗിച്ച് താമസിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: