കല്‍പ്പറ്റ : അമ്പലവയല്‍ ഗവണ്മെന്റ് ആശുപത്രിയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ബിജെപി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിരവധി നിവേദ്ദനങ്ങള് നല്‍കിയിട്ടും സമരപരിപാടികള്‍ നടത്തിയിട്ടും ആശുപത്രിയിടെ പ്രവര്‍ത്തനത്തിന് യാതൊരു മാറ്റവുമില്ല. 1948ല്‍ വയനാട് എക്സ് സര്‍വീസ്മെന്‍ കോളനിക്കാര്ക്കുവേണ്ടിയാണ് ആശുപത്രി ആരംഭിച്ചത്. ഇന്ന് ആയിരകണക്കിന് രോഗികള്‍ ഈ ആശുപത്രിയെ ആശ്രയിക്കുന്നു. 25 കൊല്ലം മുന്‍പ്വരെ ഇവിടെ മികച്ച സേവനം ലഭിച്ചിരുന്നു. പിന്നീട് സ്ത്രീകളുടെ പ്രസവവും ശസ്ത്രക്രിയകളും ഇല്ലാതായി. 35 കിടക്കകളും അനുബന്ധസൗകര്യങ്ങളും ഇവിടെയുണ്ട്. ഉച്ചകഴിഞ്ഞാല്‍ ഒരു ഡോക്ടറുടെ സേവനംപോലും ഇവിടെ ലഭ്യമല്ല. പിഎച്ച്സിയെ സിഎച്ച്സി ആയി ഉയര്‍ത്തിയിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ ഇടത്-വലത് സര്‍ക്കാരുകള്‍ മറന്നു. കിലോമീറ്ററുകള്‍ അകലെയുള്ള ബത്തേരി താലൂക്ക് ആശുപത്രിയെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. ഗൈനോക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍ തുടങ്ങി അഞ്ച് ഡോക്ടര്‍മാര്‍ ഇവിടെ വേണം. അനുബന്ധജീവനക്കാരും വേണം. ഇതിനെതിരെയാണ് ബിജെപി സമരരംഗത്തിറങ്ങുന്നത്. ഇവിടുത്തെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു, ആശുപത്രിയിലേക്ക് കുടിവെള്ളം ഉറപ്പുവരുത്തണം. ആശുപത്രിഭൂമി കയ്യേറ്റം ഇവിടെ സ്ഥിരം കാഴ്ച്ചയാണ്. മുടങ്ങികിടക്കുന്ന കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നാളെ രാവിലെ പത്ത് മണിക്ക് അമ്പലവയല്‍ ഗവ.ആശുപത്രിയിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ജനകീയ ധര്‍ണ്ണയും നടത്തും. പ്രശ്നപരിഹാരമായില്ലെങ്കില്‍ ബ്ലോക്ക് ഓഫീസ് ഉപരോധം, ഡിഎംഒ ഓഫീസ് ഉപരോധം തുടങ്ങിയവ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമരം ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ കൂട്ടാറ ദാമോദരന്‍, കെ.വേണു, ഒ.പി.ശശിധരന്, കെ.ആര്.ഷിനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: