ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരാള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ ബാധിക്കില്ല. നല്ല ആഹാരശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനാവശ്യമാണ്. മിതമായ അളവില്‍ കഴിക്കുക,സാവധാനം ചവച്ചരച്ചു മാത്രം കഴിക്കുക, കഴിക്കുന്നതിന് മുമ്പും ശേഷവും കൈകളും വായും മുഖവും നന്നായി കഴുകുക തുടങ്ങിയവയൊക്കെ നല്ല ശീലങ്ങളാണ്. എങ്കിലും കുറച്ചുകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ആഹാരം കഴിക്കേണ്ട സമയം
ഭക്ഷണം കഴിക്കുന്നതിന് ഒരു സമയം നിശ്ചയിക്കേണ്ടതുണ്ട്. കൃത്യമായി ആ നേരത്തു മാത്രം കഴിക്കുന്നതാണ് ഉത്തമം.സമയം തെറ്റിയുളള ആഹാരശീലം ശാരീരികമായും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വീട്ടില്‍
എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രാതല്‍ കുട്ടികള്‍ ഒരിക്കലും മുടക്കരുത്.പഠനത്തെയും ഓര്‍മ്മശക്തിയെയും ശ്രദ്ധയെയും ഇത് ബാധിക്കും. ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ് വരെ ശുദ്ധവെളളം കുടിച്ചിരിക്കണം. വലിച്ചുവാരി കഴിക്കുന്നതും അമിതമാകുന്നതും
അപകടമാണ്. ചവച്ചരക്കാതെ വിഴുങ്ങുന്നതും ഒഴിവാക്കുക.
എത്രത്തോളം ആഹാരം കഴിക്കാം ?
ഒരാള്‍ക്ക് ഒരു ദിവസം എത്ര അളവ് ആഹാരം കഴിക്കാം എന്നതിന്,ഒരാള്‍ക്കു നിര്‍ദ്ദേശിച്ച അളവായിരിക്കില്ല മറ്റൊരാള്‍ക്ക്. അയാളുടെ പ്രായം,ഉയരം,ശരീരത്തിന്റെ തൂക്കം,ജോലി,കായികാധ്വാനം,വ്യായാമശീലം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് ആഹാരം എത്ര കഴിക്കാമെന്ന് തീരുമാനിക്കേണ്ടത്.
ചിട്ട വേണം
കുറഞ്ഞ അളവുതന്നെയാണ് എന്നും ശീലമാക്കേണ്ടത്.പൊതുവായി ശരീരശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്ന ഒരു പട്ടികയാണ് ഇനിപറയുന്നത്. ആഹാരത്തില്‍ നാലിലൊരു ഭാഗം ധ്യാനം (ചോറ്,ചപ്പാത്തി,പുട്ട്,ഇഡലി തുടങ്ങിയവ),നാലിലൊരു ഭാഗം മാംസ്യം (മല്‍സ്യം,മാംസം,പയറുവര്‍ഗങ്ങള്‍),ഇനിയുളള പകുതിയില്‍ പച്ചക്കറികള്‍,ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
ഭക്ഷണം തയ്യാറാക്കേണ്ട രീതി
വലിയവിലകൊടുത്തും അധ്വാനിച്ചും നമ്മള് കൊണ്ടുവരുന്ന ഭക്ഷണസാധനം കൊണ്ടുള്ള പാചകരീതി ശരിയായില്ലെങ്കില്‍ ഗുണമേന്മയും രുചിയും കുറയുമെന്നറിയുക. ചില കൊച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ രുചികരവും പോഷകപൂര്‍ണ്ണവുമായ ആഹാരം നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുളളൂ ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. കഴിവതും രാസവളങ്ങള്‍ ചേര്‍ത്തുണ്ടാക്കാതെ ശുദ്ധമായ പച്ചിലവളവും മണ്ണിരകമ്പോസ്റ്റും ഇട്ട് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ എടുക്കുക.
പുഴുങ്ങിയതുമതി
പുഴുങ്ങിയ ഭക്ഷണസാധനങ്ങള്‍ കറിവെച്ചതിനേക്കാള്‍ ഗുണകരമാണ് എന്നു തെളിഞ്ഞിട്ടുണ്ട്.പച്ചക്കറികള്‍ പച്ചയായോ,പുഴുങ്ങിയോ കഴിക്കുമ്പോഴാണ് പോഷകാംശങ്ങള്‍ കുറച്ചെങ്കിലും ഉപയോഗപ്രദമാകുന്നതത്രെ.ആവിയില്‍ പുഴുങ്ങിയ ഇഡലി,പുട്ട് തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. വറുത്തതും പൊരിച്ചതും ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.അഥവാ വല്ലപ്പോഴും പൊരിക്കുകയോ വറുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, ഒരിക്കലുപയോഗിച്ച എണ്ണ തന്നെ പിന്നെയും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
വീണ്ടും ചൂടാക്കല്ലേ
ആവശ്യത്തിനുള്ള ആഹാരം മാത്രം പാചകം ചെയ്യുക. ബാക്കിവരുന്നവ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ പോഷണങ്ങള്‍ നഷ്ടപ്പെടുകയും ഹാനികരമായ അവസ്ഥയിലേക്ക് ആരോഗ്യത്തെ നയിക്കുകയും ചെയ്യും. എണ്ണയും നാളികേരവും പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ്,എരിവ് എന്നിവ ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തിവെക്കുന്നുണ്ട്. ഉപ്പിലിട്ടു സൂക്ഷിച്ചവ വല്ലപ്പോഴും ഉപയോഗിക്കാം. പാകം ചെയ്യുന്നതോടെ ഭക്ഷണത്തിന്റെ ജീവന് നഷ്ടപ്പെടുന്നു. മൂന്നുമണിക്കൂര്‍ പിന്നിടുമ്പോഴേക്കും പൂര്‍ണ്ണമായും,മൃതാഹാരം എന്നനിലയിലേക്ക് ഭക്ഷണം എത്തിച്ചേരും. ഇത് കഴിച്ചാല്‍ വെറുതെ വയറുനിറയുമെന്നല്ലാതെ ഊര്‍ജ്ജം ലഭിക്കുന്നില്ല എന്നറിയുക. ഈ മൃതാഹാരം ആമാശയത്തിനും കുടലുകള്‍ക്കും ശരീരത്തിനാകെയും ശരിക്കും പീഡനമാണ് നല്‍കുക.
എപ്പോഴൊക്കെ ?
വിശക്കുമ്പോഴാണ് നാം ആഹാരം കഴിക്കേണ്ടത്. വിശന്നു തുടങ്ങി രണ്ടുമണിക്കൂറിനു ശേഷം ഭക്ഷിക്കുന്നതാണ് ഗുണകരം. ഇനി ആഹാരം അത്യാവശ്യമാണ് എന്ന് ശരീരം വിളിച്ചു പറയുമ്പോള്‍ മാത്രം ദഹനരസങ്ങള്‍ അപ്പോഴേക്കും ഭക്ഷണത്തെ ദഹിപ്പിച്ച് പോഷകങ്ങള്‍ വേര്‍ത്തിരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.
വയറിനു പീഡനം
വിശപ്പില്ലാതിരിക്കുമ്പോള്‍ പ്രിയപ്പെട്ട ആഹാരപദാര്‍ത്ഥങ്ങള്‍ മുന്നില്‍ക്കണ്ടതുകൊണ്ട് കഴിക്കുന്നത് ദഹനേന്ദ്രിയത്തെ തകരാറിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമാകും.കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുമ്പ് മറ്റൊന്നുകഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.ഒരു ദിവസം പരമാവധി മൂന്നു നേരമാണ് വൈദ്യശാസ്ത്രപ്രകാരം ആഹാരത്തിന്റെ സമയം. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണ്ണമായി ദഹിക്കാന്‍ എട്ടുമണിക്കൂര്‍ എടുക്കും. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടു മണിക്കൂര്‍ എടുക്കുമെന്നു സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: