വടക്കഞ്ചേരി: മംഗലംഡാം റിസര്‍വോയറില്‍ നീര്നായ്ക്കള് പെരുകി; ഡാമിലെ മത്സ്യംവളര്‍ത്തല്‍ പദ്ധതി ആശങ്കയില്‍. സീസണില്‍ 22 ലക്ഷം വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്ന ഡാമില്‍ ഇക്കുറി എട്ടുലക്ഷത്തില്‍ താഴെ മാത്രം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെയെല്ലാം നീര്നായ്ക്കള് തിന്നുതീര്‍ക്കുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യത പദ്ധതിക്കു നേതൃത്വം നല്കുന്ന റിസര്‍വോയറിലെ മത്സ്യബന്ധന സൊസൈറ്റിക്കു വരുന്നതുകൊണ്ടാണ് നിയന്ത്രണം.
നീര്‍നായ്ക്കള്‍ക്ക് തീറ്റകൊടുക്കുന്ന മട്ടില്‍ മത്സ്യംവളര്‍ത്തല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു. 2014-ല്‍ 22 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നെങ്കിലും വിളവെടുപ്പ് സമയങ്ങളില്‍ നാലിലൊന്നുപോലും കാണാനില്ലാത്ത സ്ഥിതിയാണ്. വളര്‍ത്തുമത്സ്യങ്ങള്‍ പെട്ടെന്ന് ഓടിപ്പോകാത്തവയായതിനാല് നീര്‍നായ്ക്കള്‍ക്കും ഇരതേടാന്‍ എളുപ്പമാണ്.
കട്ട്ളപ്പോലെയുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ ഒരുവര്‍ഷംകൊണ്ട് മൂന്നുകിലോ വരെ തൂക്കംവരും. ഭാരക്കൂടുതലാകുമ്പോള് മത്സ്യങ്ങളുടെ സഞ്ചാരവേഗത കുറയും. ഡാമില്‍ വെള്ളം കുറയുന്ന വേനലില്‍ കൂട്ടത്തോടെയാണ് നീര്നായ്ക്കള് മത്സ്യങ്ങളെ വേട്ടയാടുന്നത്. കട്ട്ളക്കു പുറമേ മൃഗാല, റോഹു തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷവും നിക്ഷേപിക്കുന്നത്. മലമ്പുഴയില്‍നിന്നും മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് റിസര്‍വോയറിലെ പാണ്ടിക്കടവില്‍ നിര്‍മിച്ചിട്ടുള്ള പെന്‍കള്‍ച്ചറില്‍ നിശ്ചിതപ്രായംവരെ വളര്‍ത്തും. പിന്നീടാണ് പെന്കള്ച്ചര് പൊളിച്ച് റിസര്‍വോയറിലേക്ക് തുറന്നുവിടുക. മംഗലംഡാമില്‍ നീര്നായ്ക്കള് എങ്ങനെ എത്തിയെന്നത് വ്യക്തമല്ല. നീര്‍നായ്ക്കളെ നശിപ്പിക്കുന്നത് കുറ്റകരമായതിനാല്‍ ഡാമിലെ മത്സ്യംവളര്‍ത്തല്‍ പദ്ധതിതന്നെ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. മുപ്പതോളം ഹരിജന്‍ കുടുംബങ്ങളാണ് ഇതുവഴി ഉപജീവനം നടത്തുന്നത്. രാത്രി മത്സ്യംപിടിക്കാന്‍ റിസര്‍വോയറില്‍ പോകുന്ന തൊഴിലാളികളെ ഇവ ആക്രമിക്കുമോയെന്ന ഭയവുമുണ്ട്. മംഗലം ഡാമില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: