പാലക്കാട്: നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിലെ പ്രാക്തന വനവാസിവിഭാഗത്തില്പ്പെട്ടവര്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പാഴ് വാക്കായി. മഴക്കാലം ആരംഭിച്ചതോടെ കയറിയിരിക്കാന്‍ സ്ഥലംപോലുമില്ലാതെ പാറക്കെട്ടിനുള്ളില്‍ ഇരിക്കേണ്ട അവസ്ഥയിലാണ് വനവാസികള്‍.
ഇവര്‍ക്കായി സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും താഴേക്കിടയില്‍ എത്തിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി മനുഷ്യാവകാശ കമ്മീഷനു നല്കിയ പരാതിയില്‍ പറയുന്നു. ഷീറ്റും തുണിയുമൊക്കെക്കൊണ്ട് മറച്ച വീടുകളിലാണ് വനവാസികള്‍ താമസിക്കുന്നത്. മഴയും പ്രകൃതിക്ഷോഭവും ഉണ്ടായാല്‍ വലിയ പാറക്കല്ലുകള്‍ക്കിടയില്‍ അഭയംപ്രാപിക്കുകയാണ് ചെയ്യുന്നത്.
കോളനിയിലെ 20 കുടുംബങ്ങളിലായ അമ്പതോളംപേരുണ്ട്. ഇവര്‍ക്ക് ആകെ എട്ട് റേഷന്‍കാര്‍ഡുകളാണുള്ളത്. എല്ലാ മാസവും 25 കിലോ അരിയും കുറച്ച് ധാന്യങ്ങളും കോളനിയിലേക്കുള്ള വഴിയില്‍ എത്തിക്കും. അവിടെനിന്ന് പണം നല്‍കിയാണ് കോളനിക്കുള്ളില്‍ എത്തിക്കുന്നത്. മിക്കപ്പോഴും മാസാവസാനം ആദിവാസികള്‍ പട്ടിണിയിലാകും.
മലയില്‍നിന്നും താഴ്ചയിലായതിനാല്‍ ആര്‍ക്കെങ്കിലും അസുഖംവന്നാല്‍ തൊട്ടില്കെട്ടിവേണം മുകളില്‍ എത്തിക്കാന്‍. മാത്രമല്ല, ഇവിടത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ പ്രൊമോട്ടര്‍മാര്‍ ഗുരുതരവീഴ്ച വരുത്തുന്നതായും പരാതിയില്‍ പറയുന്നു.
ഈ ഊരില്‍ ആകെ ഒരു പെണ്‍കുട്ടിമാത്രമാണ് എസ്എസ്എല്‍സി പരീക്ഷ പാസായത്. നിലവില്‍ ഒരു പെണ്‍കുട്ടി എസ്എസ്എല്‍സിക്ക് 30 കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ പഠിക്കുന്നുണ്ട്. ഈ പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ സൗകര്യമൊരുക്കിക്കൊടുക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെടുകയാണ്.
2010-11 ല്‍ 148കോടിരൂപയുടെ കേന്ദ്ര പദ്ധതി ആവിഷ്കരിച്ചെങ്കിലും ചെറുനെല്ലിയിലെ പ്രാക്തനവിഭാഗങ്ങള്ക്ക് ഒന്നുംകിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്.
ഇക്കാര്യത്തില്‍ വീഴ്ച പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: