മാനന്തവാടി: തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജീവിതകാലം മുഴുവന്‍ ദുരിതം പേറുന്ന അരിവാള്‍ രോഗികള്‍ക്ക് ആശ്വാസവുമായി ജില്ലയിലെ സാമാജികരെത്തി. ശാരീരിക അവശതകളെ അവഗണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 130 ലധികം രോഗികളാണ് കൂട്ടായ്മ നടത്തിയ മാനന്തവാടി ബ്ളോക്ക് ട്രൈസം ഹാളിലെത്തിയത്. ജനപ്രതിനിധികളുമായി രോഗികള്‍ക്ക് സംവദിക്കാനുള്ള അവസരവും കൂട്ടായ്മ ഒരുക്കി.പരിപാടിയുടെ ഭാഗമായി നടത്തിയ ശില്പശാലയില് ഡോ. എം. സന്തോഷ്കുമാര്‍ വിഷയാവതരണം നടത്തി. ആന്റിനാറ്റല്‍ ഡയഗ്നോസിസ് സൗകര്യം ജില്ലയില്‍ ലഭ്യമാക്കുക, അരിവാള്‍ രോഗനിയന്ത്രണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പില്‍ പ്രത്യേക മെഡിക്കല്‍ ഓഫീസറെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും ജാതി മത പരിഗണനയില്ലാതെ സൗജന്യ ചികിത്സ ലഭ്യമാക്കുക, അരിവാള്‍ രോഗികളായ മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക , പെന്ഷന് ആനുകൂല്യത്തിനായുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുക, അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ കൂട്ടായ്മ ഉന്നയിച്ചു.ജില്ലാ ആസ്പത്രിയിലും ബത്തേരി താലൂക്ക് ആസ്പത്രിയിലും അരിവാള്‍ രോഗികള്‍ക്കായി വാര്‍ഡുകളുണ്ടെങ്കിലും അതു തുറന്നു നല്‍കാത്ത കാര്യം രോഗികള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്തി. എസ്.ടി, ബി.പി.എല്‍ പരിഗണനയില്ലാതെ എല്ലാ വിഭാഗം അരിവാള്‍ രോഗികള്‍ക്കും പെന്ഷന് ലഭ്യമാക്കണമെന്നും രോഗികള്‍ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി അടിയന്തിര പരിഹാരമുണ്ടെക്കുമെന്ന് എം.എല്‍.എ മാര്‍ അറിയിച്ചു. അരിവാള്‍ രോഗികളായ കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്കൂളുകളില്‍ വീടിനടുത്ത് പഠന സൗകര്യമൊരുക്കുന്ന കാര്യം പരിഗണിക്കും. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ട്രസ്റ്റ് രൂപവത്കരിച്ച് അരിവാള്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കണ്വെന്ഷന് തീരുമാനിച്ചു. ഈ ട്രസ്റ്റിന് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സി.കെ. ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു. ആഗസ്ത് 13 നു ജില്ലയിലെത്തുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി അരിവാള്‍ രോഗികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ സംസാരിക്കുന്നതിന് കൂടിക്കാഴ്ചയ്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരിവാള്‍രോഗികളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍ണ്ണം പരിഗണിച്ച് അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഒ.ആര്. കേളു എം.എല്‍.എ പറഞ്ഞു.ആസ്പത്രിയിലെത്തുന്ന അരിവാള്‍ രോഗികള്‍ക്ക് വരി നില്‍ക്കാതെ ടോക്കണും ചികിത്സയും ലഭ്യമാക്കുക, ബസ്സുകളില്‍ യാത്രാസൗജന്യം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സിക്കിള്‍ സെല്‍ പേഷ്യന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി സി.ഡി. സരസ്വതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പൈലി സംസാരിച്ചു. സിക്കിള്‍ സെല്‍ പേഷ്യന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി. മണികണ്ഠന് സ്വാഗതവും അപ്പു വാളവയല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: