ഒരിക്കല്‍-
ഒരിക്കല്‍ എന്നു പറഞ്ഞാല്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് മുമ്പ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസുണ്ടായി. പോളക്കുളം കൊലക്കേസ്!. പീതാംബരന് എന്നൊരാളാണ് പോളക്കുളത്ത് ടൂറിസ്റ്റ് ഹോമില്‍ നിന്നും വീണുമരിച്ചത്. അന്വേഷണം എങ്ങുമെങ്ങും എത്താതെ നില്ക്കുന്നു. പാലാരിവട്ടത്ത് ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാകുന്നു.
ദൃശ്യമാധ്യമങ്ങള്‍ അത്ര വ്യാപകമായിട്ടില്ലാത്തതിനാല്‍ അത്തരം മാധ്യമ വിചാരണ ഉണ്ടായില്ലെന്നുമാത്രം. ആ കേസിലാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ ഡമ്മി പരീക്ഷണം നടത്തിയതുമൊക്കെ. പിന്നീട് സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയ്ക്ക് ഹേതുവായതും ഇതുതന്നെ.
ഇക്കാലത്ത് പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന് പത്രാധിപരായുണ്ടായിരുന്ന ചെമ്പരത്തി എന്ന വാരിക എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചുവന്നിരുന്നു. അതില്‍ സ്ഥിരമായിത്തന്നെ ഫീച്ചറുകള്‍ എഴുതിക്കൊണ്ടിരുന്ന ആളാണ് ഞാന്‍.
പോളക്കുളം കേസ് അന്ന് തെളിഞ്ഞിട്ടില്ല. മജീന്ദ്രന് എന്ന സിനിമാ നിര്‍മാതാവിന്റെ കൊലക്കേസ് തെളിഞ്ഞിട്ടില്ല. ഒരു എസ്ഐയെ കൊലപ്പെടുത്തിയത് തെളിഞ്ഞിട്ടില്ല. അങ്ങനെ തെളിയപ്പെടാത്ത ഒട്ടേറെ കേസുകള്‍!.ചെമ്പരത്തി വാരികയില്‍ ഒരു സ്ഥിരം പംക്തിയ്ക്കുള്ള സ്കോപ്പ്’. തെളിയപ്പെടാത്ത കൊലപാതകങ്ങള്‍! പരമ്പര ആരംഭിച്ചു. അങ്ങനെയാണ് ഞാന്‍ പോളക്കുളം കൊലക്കേസ് എഴുതുന്നത്. ഒന്നിലേറെ ലക്കങ്ങളിലായാണത് പുറത്തുവന്നത്. കൊലപാതകവും കാര്യങ്ങളുമെല്ലാം വിശദീകരിച്ചു. ആക്ഷന്‍ കൗണ്‍സിലുകാരേയും മറ്റും ഇന്റര്‍വ്യൂ ചെയ്തു. മരണമടഞ്ഞ യുവാവിന്റെ വീട്ടുകാരെ കണ്ടു.
സാധ്യതകളെക്കുറിച്ച് വിശകലനം ചെയ്തു. വിശദമായ ഒരു സചിത്രലേഖനം. ആ ലേഖനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണ വഴികളെക്കുറിച്ചും പറഞ്ഞിരുന്നു.
അക്കൂട്ടത്തില്‍ അക്കാലത്ത് വളരെ പ്രശസ്തമായി നടത്തിയിരുന്ന ഒരു തുണിക്കട പാലാരിവട്ടത്തുണ്ടായിരുന്നു. ആ തുണിക്കട ഉടമയായ യുവാവ് കൊലപാതക നാള് ടൂറിസ്റ്റുഹോമിലിരുന്നു കൂട്ടുകാരൊത്ത് മദ്യപിച്ചിരുന്നതും അതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൊലപാതകവുമായി കൂട്ടിവായിക്കാനാകുമോ എന്നറിയാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നതും പരാമര്‍ശിച്ചു.
വാരിക പുറത്തിറങ്ങി. ഒരാഴ്ച കഴിഞ്ഞില്ല. ഒരു വൈകുന്നേരം നാടകമേള എന്ന പ്രസിദ്ധീകരണം നടത്തിയിരുന്ന ശങ്കര്‍ജി വെള്ളിമറ്റത്തിന്റെ മകന് അജയന് വെള്ളിമറ്റം എന്നെ കാണാനായി എത്തി. ഞങ്ങള്‍ നല്ല പരിചയക്കാരാണ്.
‘മോഹന്‍ ചേട്ടന് സൂക്ഷിക്കണം. മോഹന്‍ ചേട്ടനെ വഴിക്കുവച്ച് കൈകാര്യം ചെയ്യാന്‍ ആളുകള്‍ റെഡിയായി ഇരിക്കുകയാണ്’- അജയന് പറഞ്ഞു.
”എന്തിന്’ ഞാന്‍ അത്ഭുതപ്പെട്ടു. ‘ വാരികയില്‍ എഴുതിയ പോളക്കുളം കൊലക്കേസില്ലെ”…ഉണ്ട്. അതില്‍ പറഞ്ഞ…ടെക്സ്റ്റൈയിലിന്റെ മുതലാളി തല്ലുകാരെ റെഡിയാക്കി നിര്‍ത്തിയിരിക്കുന്നു. ആ പേര് എഴുതിയതിനാണ്. അതുകൊണ്ട് സൂക്ഷിക്കണം.
അന്ന് പുറത്തുപോയാല്‍ ചിലപ്പോഴൊക്കെ വളരെ വൈകി വീട്ടിലെത്തുന്ന ആളാണ് ഞാന്‍.
അയാളെന്തിന് എന്നെ കൈകാര്യം ചെയ്യണം. നടന്നകാര്യം. അന്നത്തെ പത്രങ്ങള്‍ പേരുസഹിതം പരാമര്‍ശിച്ച കാര്യം. ഞാനാവര്‍ത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പിന്നെന്തു പ്രശ്നം. എനിക്ക് മനസ്സിലായില്ല.
‘അജയന് ഈ ഇന്‍ഫോര്‍മേഷന്‍ തന്നതാരാണ്’.
‘കുസുമന്‍ ചേട്ടനാണ്. കുസുമന്‍ ചേട്ടന് തന്നെയാണ് എന്നോട് ഇത് അറിയിക്കാന്‍ പറഞ്ഞതും.
കുസുമന്‍ എന്റെ അടുത്ത പരിചയക്കാരനാണ്. ചിത്രകാരനായ കുസുമൻ അപ്പോള്‍ പാലാരിവട്ടം സംസ്കാര ജങ്ഷനില്‍ ഒരു ലേഡീസ് സ്റ്റോര്‍ നടത്തുകയാണ്.
അന്നുവൈകുന്നേരം ഞാന്‍ കുസുമനെ കണ്ടു. കുസുമന്‍ പറഞ്ഞു. ‘അജയന്റെയടുത്ത് ഞാനാണ് പറഞ്ഞുവിട്ടത്. സംഗതി ശരിയാണ്. ആളുകളെ ഏര്‍പ്പാടുചെയ്തിട്ടുണ്ട്.
കുസുമന്‍ അറിയാന്‍ കഴിയും. കാരണം ഈ ടെക്സ്റ്റൈയില്‍ ഉടമ കുസുമന്റേയും പരിചയക്കാരനാണ്. ഇക്കാര്യം ഞാനുമായി നല്ല അടുപ്പമുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറി അഡ്വ. ജോസഫ് പുതുശ്ശേരി അറിഞ്ഞു. അദ്ദേഹം ടെക്സ്റ്റൈല്‍ ഉടമയെ തേടിയെത്തിയെങ്കിലും കാണാനായില്ല.
കാര്യങ്ങള്‍ ഇങ്ങനെ നീങ്ങവെ-ഒരു ദിവസം ഞാന്‍ കുസുമന്റെ കടയില്‍ ചെന്നു. അപ്പോള്‍ അവിടെ ഇരിക്കുന്ന ടെക്സ്റ്റൈയില്‍ ഉടമ. അയാള്‍ക്ക് എന്നെ കണ്ടിട്ട് മനസ്സിലായില്ല. കുസുമന്‍ നേരെ പരിചയപ്പെടുത്തി. ഇതാണ് വെണ്ണല മോഹന്‍. ടെക്സ്റ്റൈയില്‍ ഉടമയുടെ മുഖം മാറി. വല്ലാത്തൊരു ഭാവം. കുറച്ചുസമയം മിണ്ടാട്ടമില്ല.
പിന്നീട് അയാള്‍ പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് ഒരു പണിതരാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. കൈ ഒടിച്ചുകളയണം എന്നാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ കൈ നീട്ടി. എന്താ ഒടിക്കുന്നോ?. വീണ്ടും അയാള്‍ വീര്‍പ്പുമുട്ടി.
പിന്നെ അയാള്‍ എന്റെ കൈയില്‍ സ്നേഹത്തോടെ പിടിച്ചു. എന്തിനാണ് എന്നോട് ഇതു ചെയ്തത്.
ഞാന്‍ എന്തു ചെയ്തു എന്നാണ്. നമ്മള് തമ്മില്‍ വിരോധവുമില്ല, സ്നേഹവുമില്ല. വസ്തുതകള്‍ എഴുതിയെന്ന് മാത്രം. എനിക്ക് മുമ്പും പത്രങ്ങള്‍ എഴുതിയിട്ടുള്ളതല്ലെ.
അപ്പോഴാണ് അയാള്‍ കാര്യം പറഞ്ഞത്. അയാളുടെ വിവാഹനിശ്ചയത്തിന്റെ തലേന്നാണത്രെ വാരിക പുറത്തിറങ്ങിയത്. വധുവിന്റെ വീട്ടുകാര്‍ ഈ വാരികയുടെ വായനക്കാരായിരുന്നു. ഫീച്ചര്‍ വായിച്ചതോടെ മദ്യപനും തെമ്മാടിയുമാണെന്ന് മുദ്രകുത്തി വിവാഹം ഒഴിവാക്കാനവര്‍ തീരുമാനിച്ചുപോലും.
പിന്നീട് ആരൊക്കെയോ മദ്ധ്യസ്ഥം പറഞ്ഞ് വിവാഹം ശരിയാക്കി എടുക്കുകയായിരുന്നുവത്രെ!. ആ ദേഷ്യമാണുപോലും എനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
കാര്യങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
ചങ്ങാതി, അങ്ങനൊന്നുണ്ടായാല്‍ കാര്യങ്ങള്‍ വീണ്ടും വഷളാവുകയല്ലേ ചെയ്യൂ. പത്രത്തില്‍ വരിക പോളക്കുളം കേസെഴുതിയതിന്റെ പേരില്‍ അക്രമിച്ചു എന്നാകും. അതോടെ ഇനിയും ഇതുവരെ തെളിയാത്ത ഈ കേസില്‍ നിങ്ങള്‍ വീണ്ടും പിടിയിലാകും.
അയാള്‍ മൗനം പൂണ്ടു.
പിന്നെ, അല്പം കഴിഞ്ഞു പറഞ്ഞു. മോഹന്‍ നിങ്ങളായി ഞാന്‍ മനസ്സിലാക്കിയിരുന്നത് വേറൊരാളെയായിരുന്നു. പണി ആളുമാറി അയാള്‍ക്ക് കിട്ടിപ്പോയേനെ.
അയാള്‍ കരുതിയിരുന്ന ആളെ പറഞ്ഞു. ഞാനായി അയാള്‍ കരുതിയിരുന്നത് അക്കാലത്തെ ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന തുരുത്തിയില്‍ ഉണ്ണികൃഷ്ണനെയാണ്.! ഇന്ന് ആ ടെക്സ്റ്റൈല്‍ ഉടമയും ഞാനും നല്ല അടുപ്പക്കാരാണ്.
കോട്ടയത്ത് വാരികയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇടുക്കിയില്‍ ഒരു സംഭവം എഴുതാന്‍ വേണ്ടി പോകേണ്ടിയിരുന്നത്.
ഡേറ്റ കളക്ട് ചെയ്തു. ഫോട്ടൊകളൊക്കെ എടുത്തു. അപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു. സന്ധ്യമയങ്ങി. തിരിച്ചുപോരാന്‍ അവിടെ നിന്നും വണ്ടിയില്ല. ഞാനാണെങ്കില്‍ വാരികയുടെ വണ്ടിയിലില്ല പോയിരുന്നതും. ജീപ്പുകിട്ടാന്‍ നിര്‍വാഹമില്ല. ലോഡ്ജും കടകളും ഒന്നുമില്ല. മനുഷ്യജീവികള്‍ അപ്രത്യക്ഷമായതുപോലെ. സന്ധ്യ ഇരുണ്ടു. ഞാന്‍ പകച്ചു. റോഡ് വിജനം. റോഡിന്റെ ഒരുവശം അഗാധ കൊക്ക. മറുവശം കാട്. ഇരുട്ടിറങ്ങി വന്നു. അടുത്തുപോയിട്ട് ചുറ്റുപാടും നോക്കിയിട്ട് ഒരു വീടിന്റെ നുറുങ്ങുവെട്ടം പോലും ഇല്ല.
ഇനിയിപ്പോള്‍…
അപ്പോഴാണ് തടികയറ്റിയ ഒരു ലോറി അവിടെയെത്തിയത്. രണ്ടും കല്പിച്ച് കൈ നീട്ടി. ലോറി മുരണ്ടുകൊണ്ടു നിന്നു. വഴിയില്‍ പെട്ടുപോയതാണ്. അടുത്തുള്ള ഏതെങ്കിലും ടൗണില്‍ എത്തിച്ചുതന്നാല്‍ മതി. ലോറിയില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ കൂടിയുണ്ട്. അത്ര പന്തിയല്ലാത്ത രൂപവും മുഖഭാവവും. അവരെന്നെ സൂക്ഷിച്ചുനോക്കി. പിന്നെ, അവര്‍ തീരുമാനിച്ചു പറഞ്ഞു. ങും..കയറ്.
ഞാന്‍ ലോറിയില്‍ കയറിപ്പറ്റി. ആശ്വാസത്തോടെ നിശ്വസിച്ചു. അവര്‍ പതറിയ നോട്ടം പിന്നിലേക്ക് പായിക്കുന്നുണ്ട്. തമ്മില്‍ തമ്മില്‍ എന്തോ പിറുപിറുക്കുന്നുണ്ട്. ലോറിയാണെങ്കില്‍ ഹൈറേഞ്ചിന് പറ്റാത്ത വേഗതയിലാണ് ഓടുന്നത്. ഒരപകടം…ഞാന്‍ ഒന്നുഭയന്നു. ഇരുട്ടിലേക്ക് നോക്കി ഞാനിരുന്നു.
ഒരു ഹെയര്‍പിന്‍ വളവുകഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. അവര്‍ നമ്മളെ വിട്ടിട്ടില്ല. അവന്മാര് പിന്നാലെ ഉണ്ട്.
ഡ്രൈവര്‍ റിയര്‍ മിററില്‍ നോക്കിയാണ് പറഞ്ഞത്. മറ്റുള്ളവര്‍ എന്നെ നോക്കി.
പിന്നെ പറഞ്ഞു. കാട്ടീന്ന് രക്ഷപെടാന്‍ വന്ന്, അതിലും വലിയ ആപത്തില്‍ പെടണ്ട. അടുത്തുള്ള വളവില്‍ വണ്ടി സ്പീഡ് കുറയ്ക്കും. ചാടിക്കോളണം.
എനിക്കൊന്നും മനസ്സിലായില്ല.
ചോദിക്കാനും പറയാനും സമയം കിട്ടിയില്ല. അടുത്ത വളവെത്തി.
വണ്ടി വേഗം കുറച്ചു. ‘ ങാ ങാ…ചാട്’
ഞാന്‍ രണ്ടും കല്പിച്ച് ചാടി. ചാട്ടത്തില്‍ മലമുകളിലേക്കുള്ള മരത്തിന്റെ വേരില്‍ പിടികിട്ടി. കൈയും കാലും ഉരഞ്ഞു. അപ്പോഴേക്കും ലോറി പാഞ്ഞുകഴിഞ്ഞിരുന്നു.
ഇഞ്ചക്കാടായിരുന്നു അത്.
വാച്ചില്‍ നോക്കുമ്പോള്‍ സമയം പതിനൊന്ന്. കാടിന്റെ ഭാഗത്തേയ്ക്ക് കുറച്ചുകയറി(എതിര്‍ഭാഗത്ത് കൊക്കയാണല്ലോ). എന്തുചെയ്യണം എന്നറിയാതെ നിന്നു. ഭയം വിശപ്പിനേയും ദാഹത്തേയും കെടുത്തിക്കഴിഞ്ഞിരിക്കുന്നു.
അല്പനേരം കഴിഞ്ഞില്ല, ലോറി പോയ വഴിയേ ഇരച്ചു മൂളിച്ചുകൊണ്ട് ഫോറസ്റ്റുകാരുടെ ജീപ്പുകള്‍ പായുന്നു!. അപ്പോള്‍ അതാണ് കാര്യം. ഇവരെയാണ് അവര്‍ ഭയന്നത്.
ലോറി കള്ളത്തടിയുമായി പോയതായിരുന്നു.
ആ രാത്രി!.
ഇഞ്ചക്കാട്ടില്‍…ഒറ്റയ്ക്ക്…പാമ്പിനേയും മറ്റും ഭയന്ന്, ചീവീടുകളുടേയും മറ്റു ജീവികളുടേയും ശബ്ദം കേട്ട്…ഉറങ്ങാതെ വെളുപ്പിച്ചു.
അമേരിക്കയിലുള്ള മലയാളികളുടെ ഒരു വാരികയാണ്’ മലയാള പത്രം’. അതില്‍ ഞാന്‍ എഴുതിയിരുന്നു.
പത്രാധിപര്‍ സി.ആര്. ജയന്റെ നിര്‍ദ്ദേശപ്രകാരം വാരികയ്ക്കുവേണ്ടി കേരളീയ മിത്തിനെ കൂട്ടി ഇണക്കി ഒരു നോവല്‍ എഴുതാന്‍ ആരംഭിച്ചു.
നോവലിന്റെ പേര് ‘ ആയില്യം’ എന്നായിരുന്നു. സര്‍പ്പമാണ് അതിലെ മുഖ്യകഥാപാത്രം. പുനര്‍ജന്മവും മറ്റും ഇഴചേരുന്നുണ്ട്. ഒരു കന്നിമാസ ആയില്യത്തിന് നാളാണ് നോവല്‍ ആരംഭിക്കുന്നത്. അതിലെ ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും നടക്കുന്നത് ആയില്യം നാളിലാണ്. ശില്‍പഘടനയാവട്ടെ ഒരു വര്‍ത്തുള ചക്രരീതി.
നോവല്‍ രചന ആരംഭിച്ചു. ഓരോ അധ്യായവും എഴുതിക്കഴിയുമ്പോള്‍ വീടിന്റെ മുറ്റത്ത് ഒരു പാമ്പിനെ കാണും!.
അതിനെ ഉപദ്രവിക്കാതെ ഓടിച്ചുവിടുകയാണ് പതിവ്. നോവലിന്റെ എല്ലാ അദ്ധ്യായ ദിവസവും പാമ്പെത്തി. നോവലെഴുതി കഴിഞ്ഞു. പിന്നീട് പാമ്പിനെ കണ്ടിട്ടുമില്ല!. വല്ലാത്തൊരു അത്ഭുതവും യാദൃച്ഛികതയും (ഇത് ഒരിക്കല്‍ എന്ന് അഭിമുഖം നടത്തിയപ്പോള്‍ ദീപിക ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ വിശദമായി പറഞ്ഞിട്ടുള്ളതാണ്). ഇതും എഴുത്തിന്റെ വഴിയിലെ അനുഭവങ്ങള്‍. അങ്ങനെ എത്രയെത്ര…
പ്രതികരിക്കാൻ ഇവിടെ എഴുതുക: