ഈ മാസാദ്യത്തില്‍ കോഴിക്കോട്ട് തൊണ്ടയാട്ടുള്ള ചിന്മയ വിദ്യാലയത്തിലെ ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിലാണ് സംഘത്തിന്റെ നൂതന പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ പ്രാന്തീയ ബൈഠക് നടന്നത്. സംഘത്തിന്റെ പതിവുള്ള കാര്യക്രമങ്ങളും സമയസാരിണിയുമനുസരിച്ചുതന്നെ ബൈഠക് പൂര്‍ത്തിയായി. അടുത്തവര്‍ഷത്തെ പ്രവര്‍ത്തനത്തെ സംബന്ധിച്ച ആസൂത്രണങ്ങളും വികാസലക്ഷ്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്തു ബൈഠക് അവസാനിച്ചു.
സംഭവബഹുലവും പ്രക്ഷുബ്ധവുമായ അന്തരീക്ഷത്തിലാണ്, അതിനുമുമ്പത്തെ മാസങ്ങളില്‍ കേരളം കഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമൊക്കെ സംഘ സ്വയംസേവകരിലും പ്രതിഫലനങ്ങളുണ്ടാക്കിയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ വളരെ ഭദ്രമായ സ്ഥിതിനിലനിന്നുവെന്നുതന്നെയായിരുന്നു വിലയിരുത്തല്‍.
കോഴിക്കോടുമായി ഏറെക്കാലത്തെ ആത്മീയബന്ധമുണ്ടായിരുന്നതിനാല് അവിടെ ബൈഠക്കിലെ ഇടവേളകളില്‍ എത്തിയിരുന്ന പല പഴയ സ്വയംസേവകരുമായി കാണാനും പരിചയം പുതുക്കാനും സാധിച്ചു. അതില്‍ ഒന്നുരണ്ട് പേരുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. പാറോപ്പടിയിലെ രമേശനാണ് ഒരാള്‍. ഞാന്‍ കോഴിക്കോട്ട് ജനസംഘ പ്രചാരകനായി കഴിഞ്ഞ 70 കളില്‍ അയാള്‍ കൗമാരം കടന്നിട്ടില്ലാത്ത നല്ല പ്രസരിപ്പുള്ള പയ്യനായിരുന്നു.
ഇന്ന് നല്ലൊരു നല്ലെണ്ണ വ്യവസായി ആണ്. മാഹി, കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഐക്കരപ്പടി തുടങ്ങിയ പലയിടങ്ങളിലും എള്ളാട്ടുന്ന മില്ലുകളും റിഫൈനറികളും ചീനയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിയുമുള്ള വന്‍ വ്യവസായ ശൃംഖലയായ ആര്.ജി.ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. ആര്.ജി.ഗുഡ്സ്, പ്രൈഡ് ഇന്ത്യാ എക്സ്പോര്‍ട്ട്സ് എന്നീ സ്ഥാപനങ്ങളും രമേശ് നടത്തുന്നുണ്ട്. ബൈഠക്കിന്റെ വിശ്രമവേളയില്‍ അടുത്തുവന്ന് വിളിച്ചപ്പോള്‍ ആളെ മനസ്സിലായില്ല. വൈകാതെ പഴയ കാര്യങ്ങള്‍ തെളിഞ്ഞുവന്നു.
അടിയന്തരാവസ്ഥക്കാലമാണ്. ഭാരത രക്ഷാ നിയമ പ്രകാരം മറ്റേതാനും പ്രവര്‍ത്തകരോടൊപ്പം ഞാന്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കിടക്കുകയാണ്. ഞാനും, പരേതനായ മുതിര്‍ന്ന പ്രചാരകന് പെരച്ചേട്ടനും കാസര്കോട്ടുകാരന് വി.രവീന്ദ്രനുമാണ് ഒരേ ചാര്‍ജ്ഷീറ്റിലെ പ്രതികള്‍. രാവിലെ ജയില്‍നിന്ന് വാനില്‍ എല്ലാവരെയും കോടതിയില്‍ കൊണ്ടുവന്ന്, കേസ് നടപടികള്‍ കഴിഞ്ഞാല്‍ തിരിച്ച് വാനില്‍ത്തന്നെ ജയിലില്‍ എത്തിച്ച് പ്രതികളെ കൈമാറുകയെന്നതാണ് പതിവു നടപടി. രണ്ടുമൂന്നു കുറ്റപത്രങ്ങളിലായി വേറെയും തടവുകാര്‍ ഉണ്ടായിരുന്നു.
കേസരിയിലെ രാജന് മാഷ്, കല്‍പ്പറ്റയിലെ പി.പി.ദാമോദരന്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്മഭൂമിയില് നിന്നു വിരമിച്ച അഴിക്കോടന്‍ ദാമോദരന്‍, തളിപ്പറമ്പിലെ കെ.സി.കണ്ണേട്ടന് തുടങ്ങിയവര്‍. പെരച്ചേട്ടനും ഞാനും രവിയുമടങ്ങിയ ഒരു കേസ് മാത്രമായി ഒരു ദിവസം കോടതിയിലെത്തി. കോടതി പിരിഞ്ഞിട്ടും തിരിച്ചുപോകാനുള്ള വാന്‍ എത്തിയില്ല. ഞങ്ങള്‍ക്ക് ഉച്ചഭക്ഷണം, കോഴിക്കോട്ടെ പ്രവര്‍ത്തകര്‍ കൊണ്ടുവന്നുതന്നു. അതില്‍ ഒരു ഭാഗം പാറാവു പോലീസുകാരുമായി ഷെയര്‍ ചെയ്തു. ഞങ്ങള്‍ ജയിലിലേക്ക് പോയിട്ടു സ്ഥലം വിടാമെന്നും കരുതി കാത്തുനിന്നവരും വിഷമിച്ചു തുടങ്ങി.
ആറുമണിക്കുമുമ്പ് പ്രതികളെ ജയിലില്‍ എത്തിക്കാന്‍ പാറാവുകാര്‍ ബാധ്യസ്ഥരാണ്. ആര്‍എസ്എസുകാര്‍ സംഘം ചേര്‍ന്നു പ്രതികളെ വിടുവിച്ചു കൊണ്ടുപോകുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായി എന്നുതോന്നുന്നു. ഇന്നത്തെപ്പോലെ മൊബൈലുകളോ വാക്കിടാക്കികളോ അന്നില്ല. ഞങ്ങള്‍ നടക്കാന്‍ തയ്യാറാണെന്നു ഞാന്‍ അവരെ അറിയിച്ചു. ഡിഐആര്‍ പ്രതികളെ വാനിലല്ലാതെ കൊണ്ടുപോയ്ക്കൂടാ എന്ന ചട്ടമുണ്ടത്രെ! മൂന്നുപേരുള്ളതിനാല് രണ്ടുപേരെ ഒരുമിച്ചു വിലങ്ങുവെക്കാം. അവരുടെ ഓരോ കൈ സ്വതന്ത്രമായിരിക്കും. ഒരാളുടെ രണ്ടുകൈകളും ആമത്തിലായിരിക്കും. ഗത്യന്തരമില്ലാതെ പോലീസുകാര്‍ അതു സമ്മതിച്ചു.
മറ്റാരും കൂടെ വരരുതെന്നു അവര്‍ അഭ്യര്‍ത്ഥിച്ചു. ഞാനും രവിയും ഒരുമിച്ചും രണ്ടുകൈയും വിലങ്ങിലായ പെരച്ചേട്ടനുമായി അങ്ങനെ കോടതിയില്‍നിന്നു ഞങ്ങളെ ചെറൂട്ടിറോഡിലെ ഗാന്ധിഗൃഹത്തിനു മുന്നിലൂടെ നടത്തിച്ചു. അവിടത്തെ ചിരപരിചിതരായ ഒട്ടേറെ സുഹൃത്തുക്കള്‍ ആ യാത്ര കണ്ട് സ്തംഭിച്ചുനിന്നു. അവിടെനിന്ന് തിരക്കൊഴിഞ്ഞ ഇടവഴികളിലൂടെ മാര്‍ക്കറ്റിനു പിന്‍വശം വഴി ജയില്‍ റോഡിലെ പാവമണി ജങ്ഷനിലെത്തും വരെ പോലീസുകാര്‍ക്ക് ശങ്ക മാറിയില്ല. അതിനിടെ എതിരെ വന്ന രമേശന് എന്നെയും പെരച്ചേട്ടനെയും കണ്ട് അന്തംവിട്ടുപോയി. എന്തോ പറയാന്‍ ആഞ്ഞ അയാളോട് വേണ്ട എന്ന് ഞാന്‍ ആംഗ്യത്തില്‍ സങ്കേതം നല്കി.
ബൈഠക്കിനിടെ കണ്ടപ്പോള്‍ രമേശന് ആ സംഭവം അനുസ്മരിക്കുകയും കണ്ണുനിറഞ്ഞ്, കണ്ട സ്വയംസേവകരോടൊക്കെ അക്കാര്യം പറയുകയും ചെയ്തതായി പറഞ്ഞു. പാരമ്പര്യമായി കൊപ്ര കച്ചവടവും എണ്ണ വ്യവസായവുമാണ് രമേശന്റെ വീട്ടിന്. ഇപ്പോള്‍ വെളിച്ചെണ്ണയുടെ രംഗം വിട്ടു നല്ലെണ്ണയിലേക്കു മാറിയെന്നേയുള്ളൂ. മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിന്നും എള്ളു സംഭരിക്കാന്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ എള്ളു കൃഷി ഇല്ലാതായി.
തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര മുതലായ സ്ഥലങ്ങളില്നിന്നാണത്രേ ഇപ്പോള്‍ എള്ളു സംഭരണം. ശരിയാണ്, കേരളം ആ കൃഷിയും കൈയൊഴിഞ്ഞു. ഞാന്‍ താമസിക്കുന്ന കുമാരമംഗലത്ത് തൊടുപുഴ താലൂക്കിലെ ഏറ്റവും വിസ്തൃതമായ പാടശേഖരമുണ്ടായിരുന്നു. അവിടെ മൂന്നാം വിളയായി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ എള്ളും ഉഴുന്നും പയറും വിതച്ചിരുന്നു. ചിലപ്പോള്‍ ചാമയും വരകും കൃഷി ചെയ്തതോര്ക്കുന്നുണ്ട്. കാരെള്ളും ചിറ്റെള്ളും മാറി മാറി കൃഷിചെയ്തിരുന്നു. കാരെള്ളിന്റെ എണ്ണ ഔഷധ ഗുണത്തില്‍ ഏറ്റവും മികച്ചതാണ്.
കൊളസ്ട്രോള്‍ ഏറ്റവും കുറവും അതിലാണത്രെ. അതിന്റെ പിണ്ണാക്കും അതീവ സ്വാദിഷ്ടമാണ്. അന്ന് പാടത്ത് കൃഷി ചെയ്തുവന്ന ഉഴുന്നിന്റെ സ്വാദ് ഇക്കാലത്ത് കിട്ടുന്ന തൊലി കളഞ്ഞയിനത്തിന് ഇല്ല. എള്ളും ഉഴുന്നും മൂന്നാം വിളയായതിനാല്‍ വിതയ്ക്കുകയും കൊയ്യുകയും മാത്രമാണ് പണി. വേനല്‍ മഴ അധികമാകാതിരുന്നാല്‍ വിളവിനളവുണ്ടാവില്ല. എള്ളിന്റെയും ഉഴുന്നിന്റെയും മേനി അറിഞ്ഞവരില്ലത്രെ.
നേരത്തെ പറഞ്ഞ ഏറ്റവും വലിയ കുമാരമംഗലം പാടശേഖരത്തിന്റെ നടുവിലൂടെ മൂവാറ്റുപുഴ നദീതട പദ്ധതിയുടെ വലതുമെയിന് കനാലും ഇരുവശത്തെ റോഡുകളും നിര്‍മിച്ചതോടെ, ആയിരക്കണക്കിനേക്കര്‍ നിലങ്ങള്‍ നെല്‍കൃഷി യോഗ്യമല്ലാതായി. ആ കനാലാകട്ടെ ഇന്ന് മാലിന്യവാഹിനിയുമായി. മണ്ണുപിരണ്ട പണിത്തുണിയുപേക്ഷിച്ചു വെള്ളക്കോളര്‍ പണിയിലേക്കു തിക്കിത്തിരക്കുന്ന അടിസ്ഥാനവര്‍ഗം പെരുകിയപ്പോള്‍ കുപ്പിയിലേയും പാക്കറ്റിലെയും ഫ്ളേവര്‍ ചെയ്യപ്പെട്ട എണ്ണയുമായി ജീവിതം പൊരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു.
ഇടുക്കി അണക്കെട്ടു വന്നതോടെ പെരിയാറിനുണ്ടാകുന്ന ജലക്കുറവിന്റെ ഒരു ഭാഗം പരിഹരിക്കാനായി തുടക്കത്തില്‍ വിഭാവനം ചെയ്യപ്പെട്ട എംവിഐപി വലതു കനാല്‍ ഒരു ലക്ഷ്യവും നേടാതെ ഒഴുകുന്നു.
രമേശന്റെ എള്ളെണ്ണ വ്യവസായത്തെപ്പറ്റി പറഞ്ഞുപറഞ്ഞ് ശാഖാ ചംക്രമണം ചെയ്തു എവിടെയൊക്കെയൊ എത്തി. ചിന്മയാഞ്ജലിയിലെ ബൈഠക്കിനിടെ പഴയ സ്വയംസേവകനായ പെരുവയല്‍ ഭാസ്കരനെയും കണ്ടു. 1968 ലാണെന്നു തോന്നുന്നു മാവൂര്‍ ഗ്വാളിയാര്‍ റയണ്‍സിലെ ബിഎംഎസ്-സിഐടിയു തൊഴിലാളികള്‍ ഏറ്റുമുട്ടിയതില്‍ ഒരു സിഐടിയുക്കാരന്‍ മരിച്ച സ്തോഭകരമായ സംഭവമുണ്ടായി. പുലര്‍ച്ചെ നടന്ന ഈ വിവരമൊന്നുമരിയാതെ രാവിലത്തെ ഷിഫ്ടില്‍ പണിക്കു കയറാന്‍ ദൂരെനിന്നെത്തിയ ഒരു ബിഎംഎസ് തൊഴിലാളിക്കു വെട്ടേറ്റ് മെഡിക്കല്‍ കോളേജിലെത്തി.
അയാളെ പരിചരിക്കാന്‍ ആസ്പത്രിയിലെത്തിയ ഭാസ്കരന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച രഹസ്യപ്പോലീസ് അയാളെയും പിടികൂടി. ഭാസ്കരന് നന്നെ ചെറു പ്രായത്തില്‍ തെറ്റൊന്നും ചെയ്യാതെ കൊലക്കേസ് പ്രതികളില്‍ പെടേണ്ടിവന്നു. കേസില്‍ ബിഎംഎസുകാരെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി വന്നത്.
ഭാസ്കരന് അന്നു പതിനാറോ, പതിനെട്ടോ വയസ്സേ ആയിരുന്നുള്ളൂ. ചിന്മയാഞ്ജലിയില് കണ്ടപ്പോള്‍ വാര്ധക്യത്തിലേക്കു പടി കയറിത്തുടങ്ങിയെന്നു തോന്നി. അങ്ങനെ ഒട്ടേറെ പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കിട്ടിയ അവസരമായി പ്രാന്തീയ ബൈഠക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: