പാലക്കാട്: നഗരസഭാ പരിധിയിലെ കയ്യേറ്റങ്ങള്‍ 10 ദിവസത്തിനുള്ളില്‍ പൊളിച്ചുമാറ്റും. ഓപ്പറേഷന് പാലക്കാട് പദ്ധതിയുടെ ഭാഗമായി നടപടിയെടുക്കാന്‍ ഉത്തരവിട്ടു. നഗരസഭ റോഡുകള്‍, പൊതുസ്ഥലങ്ങള്‍, നഗരസഭ ഷോപ്പിങ് കോംപ്ലക്സുകളിലെ വരാന്തകളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ച കടകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്തത്തില്‍ പൊളിച്ചുനീക്കണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം ഇവ നഗരസഭ നീക്കം ചെയ്ത് ചെലവുതുക ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കും.
നഗരസഭയുടെ അധീനതയിലുള്ള സ്ഥലങ്ങള്‍ കയ്യേറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗം നിര്‍ദേശിച്ചിരുന്നു. ഇതിനു തടസ്സം നില്ക്കുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താനും ധാരണയായിട്ടുണ്ട്. നഗരത്തിലെ പല റോഡുകളും കയ്യേറ്റക്കാരുടെ പിടിയിലാണ്. പൊതുസ്ഥലങ്ങളില്‍ പലതും ചിലരുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ കയ്യടക്കുന്നതായാണു പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭയില്‍നിന്നു കാണാതാകുന്നതും വിവാദമായിട്ടുണ്ട്.
അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും കണ്ടത്തെി നടപടി സ്വീകരിക്കാന്‍ ജനുവരിയില്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതാണ്. സ്ഥാപനങ്ങള്‍ക്കുമുന്നില്‍ അനധികൃതമായി ഉണ്ടാക്കിയ പാര്‍ക്കിങ്, റോഡ് കൈയേറ്റം ഏതൊക്കെയെന്ന് കണ്ടെത്തും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പലതവണ തീരുമാനമെടുത്തെങ്കിലും അതൊന്നും നടപ്പായില്ല.
ഇപ്പോള്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘത്തെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകളുടെ പേരിട്ടാണ് പല കയ്യേറ്റങ്ങളെന്നും ജനപ്രതിനിധികള്‍ പരാതിപ്പെട്ടിരുന്നു. ഒഴിപ്പിച്ചെടുത്ത സ്ഥലം വീണ്ടും കയ്യേറിയാല്‍ നിയമ നടപടി സ്വീകരിക്കും. റോഡിലേക്ക് തള്ളി നില്ക്കുന്ന കടകളും പൊളിച്ചു മാറ്റും. ഒലവക്കോട് ജംക്ഷന് മുതല്‍ റെയില്‍വേ സ്റ്റേഷന് വരെയുള്ള റോഡിലെ കയ്യേറ്റങ്ങള്‍ രണ്ടു മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാറ്റിയിരുന്നു.
മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയുമെന്ന് ചെയര്‍പെഴ്സണ്‍ പ്രമീള ശശിധരനും വൈസ് ചെയര്മാന് സി.കൃഷ്ണകുമാറും പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ നടപടി ചില ലോബികള്‍ക്ക് കീഴ്പ്പെട്ട് അട്ടിമറിക്കപ്പെടുന്നതായും ചില ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നതായും യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഇതെല്ലാം മറികടക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് നഗരസഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: