തൃശൂര്‍: വനഭൂമിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് കണ്ടെത്തി അടച്ചുപൂട്ടിയ നടത്തറ പഞ്ചായത്തിലെ അനധികൃത ക്വാറികള്‍ തുറക്കാനുള്ള ഗൂഢനീക്കങ്ങള്‍ അടുത്തയിടെ ശക്തിപ്പെട്ടിരിക്കുകയാണ്.
പാറമടകളും ക്രഷറുകളും പ്രവര്‍ത്തിക്കരുതെന്ന ആറാം വാര്‍ഡ് ഗ്രാമസഭായോഗതീരുമാനവും ഹൈക്കോടതിവിധിയും അട്ടിമറിക്കാനുള്ള നീക്കമാണ് സജീമായിരിക്കുന്നത്. നിരീക്ഷണസമിതി രൂപീകരിച്ച് ക്വാറികള്‍ തുറക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് കളക്ടറും പഞ്ചായത്ത് ഭരണസമിതിയും കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ശക്തമായ സമരത്തെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഈ നീക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ ആദിവാസികളടക്കമുള്ള തദ്ദേശവാസികളുടെ ജീവിതത്തിനു വെല്ലുവിളിയായിരിക്കുന്ന ഈ നീക്കത്തിനെതിരെ മലയോര സംരക്ഷണ സമിതി സജീവമായി സമരരംഗത്തുതന്നെയാണ്. സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനുമുന്നില്‍ നടത്തുന്ന അനശ്ചിതകാല രാപ്പകല്‍ സമരം തുടരുകയാണ്.
മുഖ്യമായും ചുമട്ടുതൊഴിലാളികള്‍ ജോലി ചെയ്തിരുന്ന നിയമവിരുദ്ധക്വാറികളില് നിന്ന് യൂണിയന് നേതൃത്വങ്ങള്ക്കടക്കം പലര്‍ക്കും ഭീമമായ തോതില്‍ അനധികൃത വരുമാനമുണ്ടെന്നതാണ് വാസ്തവം. ഈ വിഭാഗങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളനുസരിച്ചും തുറക്കാന്‍ പാടില്ലാത്ത ക്വാറികള്‍ തുറക്കാന്‍ ശ്രമിക്കുന്നത്. അതിനെതിരെ മലയോര സംരക്ഷണ സമിതി നടത്തുന്ന പോരാട്ടത്തിനു പിന്തുണ നല്‍കേണ്ടത് മുഴുവന്‍ ജനാധിപത്യവാദികളുടേയും പരിസ്ഥിതിപ്രവര്ത്തകരുടേയും മനുഷ്യസ്നേഹികളുടേയും കടമയാണ്.
പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി നടക്കുന്ന ഈ പോരാട്ടത്തോട് ഐക്യപ്പെടുന്നതിനും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനപദ്ധതി ആവിഷ്കരിക്കാനും വേണ്ടി ഇന്ന് 5 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ആലോചനായോഗം ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: