ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്തിന്റെ ബന്ധുവിന്റെ ഹോട്ടലില്‍ നിന്നുള്ള മാലിന്യം റോഡരുകില്‍ തള്ളിയതിന് ഹോട്ടല്‍ ഉടമയ്ക്ക് നഗരസഭ സെക്രട്ടറി പിഴയടയ്ക്കാന്‍ നല്കിയ ഉത്തരവ് ചെയര്പേഴ്സന് ഇടപെട്ട് തടഞ്ഞതായി ആക്ഷേപം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനുസമീപം ഠാണ റോഡില്‍ പ്രവര്‍ത്തിക്കുന്ന ചിക്ക് ഹട്ട് ഹോട്ടലിലെ മാലിന്യങ്ങള്‍ അമ്പതോളം കിറ്റുകളിലാക്കി നഗര പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി നിക്ഷേപിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പരാതി ഉയര്‍ന്നതോടെ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം നടത്തുകയും ഹോട്ടലിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 20,000 രൂപ പിഴയും മാലിന്യം നീക്കാന്‍ 2,500 രൂപ അധിക ചാര്‍ജ്ജും നല്കാന് ഹോട്ടല്‍ ഉടമയ്ക്ക് നഗരസഭ സെക്രട്ടറി നോട്ടിസ് നല്‍കിയത്. എന്നാല്‍ ഭരണസമിതിയില്‍പ്പെട്ട ഒരംഗത്തിന്റെ ബന്ധുവിന്റെ ഹോട്ടലായതിനാല്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ ഉത്തരവ് മരവിപ്പിച്ചു. തുടര്‍ന്ന് ഹോട്ടലുടമയ്ക്ക് താക്കീത് നല്കി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നെന്ന് പറയുന്നു. സെക്രട്ടറിയുടെ ഉത്തരവിന് മുകളില്‍ മറ്റൊരു തീരുമാനമെടുക്കാന്‍ കൗണ്‍സില്‍ അനുമതി വേണമെന്നിരിക്കെ ചെയര്‍പേഴ്സന്റെ നടപടി വിവാദമായിരിക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളടക്കം ഇക്കാര്യത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: