കാഞ്ഞങ്ങാട്: വാട്ടര്‍ അതോരിറ്റിയുടെ അശാസ്ത്രീയമായ തടയണ നിര്‍മാണം മൂലം കര്‍ഷകര്‍ക്ക് നശിച്ചത് തങ്ങളുടെ കണ്ണായ കൃഷിസ്ഥലങ്ങളും കൃഷികളും. കോടോം ബേളൂര്‍ പഞ്ചായത്തിലെ പാലപ്പുഴ ഗോപാലന് ആചാരി, താനത്തിങ്കാല്‍ കണ്ണന്, ബേഡഡുക്ക പഞ്ചായത്ത് പറക്കടവിലെ നാരായണന്, അമ്പൂഞ്ഞി എന്നിവരുടെ ഒരേക്കറയോളം വരുന്ന കൃഷിഭൂമിയാണ് പാലപ്പുഴ പുഴക്ക് കുറുകെ അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണമൂലം വെള്ളം കയറി നശിച്ചത്. ഇവരുടെ നുറോളം കവുങ്ങുകള്‍, കായ്ഫലമുള്ള തെങ്ങുകള്‍, വാഴ, വിവിധ മരങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ജീവനോപാധിയായ കണ്ണായ സ്ഥലമാണ് പുഴയിലെ വെള്ളം ഗതിമാറിയൊഴുകി ഒലിച്ചുപോയത്.
കോടോം ബേളൂര്‍ പഞ്ചായത്തിലെ സാര്‍ക്ക് കുടിവെള്ള പദ്ധതി, ബേഡഡുക്ക പഞ്ചായത്തിലെ രാമങ്കയം കുടിവെള്ള പദ്ധതി എന്നിവയിലേക്ക് വേണ്ടുന്ന വെള്ളം കെട്ടിനിര്‍ത്താനാണ് പാലപ്പുഴയില്‍ വാട്ടര്‍ അതോരിറ്റി നടവഴിയോടുകൂടിയുള്ള തടയണ നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍ണാണം 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണത്തിന് ശേഷം പുഴയുടെ ഇരുകരയിലുമുളള കര്‍ഷികവൃത്തി മാത്രം കൈമുതലായുള്ള കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് കരുതിയ തടയണ
ഒറ്റ മഴയോടുകൂടിത്തന്നെ കാലനായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ വീതിയുള്ള പുഴയില്‍ നിര്‍മ്മിച്ച തടയണക്ക് ആവശ്യമായ ഷട്ടര്‍ നിര്‍മിക്കാത്തതിനാല്‍ മഴ വെള്ളം ഇരുഭാഗങ്ങളിലേക്കും ഗതിമാറിയൊഴുകുകയായിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇരുഭാഗത്തേയും കര്‍ഷകരുടെ കൃഷി മാത്രമല്ല കൃഷിഭൂമിയാകെ ഒലിച്ചുപോയി. ഈ ഭാഗങ്ങളില്‍ 5 മീറ്റര്‍ താഴ്ചയിലാണ് മണ്ണ് ഒലിച്ചുപോയിട്ടുള്ളത്. കവുങ്ങുകള്‍ കടപുഴകി. പുഴയോരത്തുള്ള കണ്ണായ കൃഷിസ്ഥലമാണ് നശിച്ചത്.
അഞ്ചോളം ഷട്ടറുകളെങ്കിലും ആവശ്യമായ തടയണയില്‍ ആകെയുള്ളത് 3 ഷട്ടറുകള്‍ മാത്രമാണ്. ഇവയാണെങ്കില്‍ വെള്ളം പൂര്‍ണമായും ഒഴുകാനുള്ള സൗകര്യവുമില്ല. ആദ്യമഴയില്‍ തന്നെ ഇവയില്‍ ചപ്പുചവറുകള്‍ കെട്ടിക്കിടന്ന് ഒഴുക്ക് നിന്നു. നിര്‍മാണ ഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ വെള്ളത്തിന്റെ ഒഴുക്കിനെപ്പറ്റി അധികാരികളോട് സൂചിപ്പിച്ചിരുന്നു. ഇത് വകവെക്കാതെയാണ് നിര്‍മാണം നടന്നത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, എംഎല്‍എ എന്നവര്‍ സ്ഥലം സന്ദര്‍ശിച്ചു. തടയണയുടെ ഇരുഭാഗങ്ങളിലും 100 മീറ്റര്‍ നീളത്തില്‍ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുക, ഷട്ടറിന്റെ എണ്ണം കൂട്ടുക, ഷട്ടറില്‍ മാലിന്യങ്ങള്‍ തടഞ്ഞ് നില്‍ക്കുന്നത് ഇല്ലാതാക്കാന്‍ തൊഴിലാളിയെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ നാട്ടുകാര്‍ അധികാരികളോടുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: