പാലക്കാട്: നല്ലേപ്പിള്ളിക്ക് സമീപം അമ്മയേയും മകളേയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. നല്ലേപ്പിള്ളി ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന കുമാരന്‍കുട്ടി മേനോന്റെ ഭാര്യ ശോഭന (52), മകള്‍ ബിന്ദുജ (22) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് മൃതദേഹങ്ങള്‍ കണ്ടത്.
വൈകീട്ട് നാലുമണിയോടെ ഒരാളുടെ കാല് നായ കടിച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുളിമുറിയോട് ചേര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശോഭനയുടെ മൃതദേഹത്തിലെ ഇരുകാലുകളും കടിച്ചുപറിച്ച നിലയിലാണ് കാണപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ വീടിനു പുറകിലെ പറമ്പില്‍ നിന്നും ഒരു കാല് കണ്ടെടുത്തു. മറ്റൊരു കാലിനായി പൊലീസും ഡോഗ് സ്ക്വാഡും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവസ്ഥലത്തിന് സമീപത്തു നിന്ന് മണ്ണെണ്ണ ക്യാനും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്.
നല്ലേപ്പിള്ളി വടക്കത്തറയില്‍ സ്ഥിരതാമസക്കാരായ ഇവര്‍ കുമാരന്‍കുട്ടി മോനോന്റെ മരണത്തിനു ശേഷം രണ്ടുവര്‍ഷത്തോളമായി ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. ബിന്ദുജ നല്ലേപ്പിള്ളിയില്‍ തന്നെയുള്ള ഫാന്‍സി സ്റ്റോറില്‍ ജീവനക്കാരിയാണ്. വിനിത (ബംഗളൂരു), വിജിത (പെരുവെമ്പ്) എന്നിവര്‍ സഹോദരിമാരാണ്.
ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസ് സംരക്ഷണയില്‍ സംഭവസ്ഥലത്തു തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീണ്ടും പരിശോധന തുടരും. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവി ശ്രീനിവാസ്, ഡിവൈ എസ് പി സുല്‍ഫിക്കര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ വീടിനുള്ളില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ ഇവരുടെ കൈയ്യക്ഷരം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
ചിറ്റൂര്‍ സി ഐ കെ എം ബിജു, എസ് ഐ ബഷീര്‍ സി ചിറയ്ക്കല്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: