വിഴിഞ്ഞം: കോളിയൂര്‍ പൂങ്കുളത്ത് മരിയദാസന്റെ കൊലയാളികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നിര്‍വികാരമായി നിന്ന ജനക്കൂട്ടത്തിനിടയ്‌ക്ക് രണ്ട് കുഞ്ഞുങ്ങളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. മരണമടഞ്ഞ മരിയദാസന്റെയും ഷീജയുടേയും മക്കളായ പതിനാറ് വയസ്സുകാരി ആന്‍സിദാസും പതിനാലുകാരന്‍ അഭയദാസുമായിരുന്നു അവര്‍. കൊലപാതകം നടന്ന ദിവസം അതിരാവിലെ വീട്ടിലെ വളര്‍ത്തുപൂച്ച കാലില്‍ ഉരുമ്മിയുണര്‍ത്തിയതിനാല്‍ അവിചാരിതമായി ഞെട്ടിയുണര്‍ന്നതായിരുന്നു ഈ കുഞ്ഞുങ്ങള്‍. പൂച്ചയെ മുറിക്ക് പുറത്തേക്ക് എത്തിച്ചപ്പോഴാണ് ഹാളിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മാതാപിതാക്കളെ കണ്ടത്. കുട്ടികളുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ വിവരമറിയുന്നത്.
സംഭവം അറിഞ്ഞെത്തിയവര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയ തങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ മൃതശരീരം വീട്ടിലെത്തിക്കുന്നതിന് തൊട്ടു മുന്‍പാണ് കുഞ്ഞുങ്ങളെ ബന്ധുക്കള്‍ വിവരമറിയിക്കുന്നത്. മൃതശരീരത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ഇവരുടെ കാഴ്ച കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. കൊലപാതക സമയത്ത് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഇവര്‍ ഒരു ശബ്ദവും കേട്ടിരുന്നില്ല. മുറിയുടെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ ശബ്ദം കേട്ട് കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷേ വിധി മറ്റൊന്നാകുമായിരുന്നു. സംഭവത്തിന് ശേഷം ബന്ധുവീട്ടിലാണ് ഇവരുടെ താമസം.
പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വന്നതറിഞ്ഞ് എത്തിയ ജനക്കൂട്ടത്തോടൊപ്പം ഇവരും എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അയല്‍പക്കത്ത് വാടകയ്‌ക്ക് താമസിക്കുകയും തങ്ങളുടെ കുടുംബസുഹൃത്തായി അഭിനയിക്കുകയും ചെയ്തിരുന്ന കൊലുസു ബിനു എന്ന അനില്‍കുമാറാണ് പ്രതി എന്ന യഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കായിട്ടില്ല. അന്ന് നേരില്‍ കണ്ട ഭയാനക ദൃശ്യത്തില്‍ നിന്നും ഇരുവരും ഇതുവരെ മോചിതരായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: