ഒറ്റപ്പാലം: സംസ്കൃതം ഓറിയന്റല്‍ സ്കൂളുകളെ തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കേരള സംസ്കൃതാധ്യാപക ഫെഡറേഷന്. സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് വളച്ചൊടിക്കരുത്.
2011 സപ്തംബര്‍ ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ലക്ഷ്യമാക്കിയുള്ളതാണ്.
എന്നാല്‍, ഈ ഉത്തരവിലെ നിബന്ധനകള്‍ നടപ്പാവാത്തതിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ 18ന് പുതിയ ഉത്തരവിറക്കി. അതില്‍ അറബിക്, സംസ്കൃതം ഓറിയന്റല്‍ സ്കൂളുകളില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റംവരുത്താതെ മലയാള പഠനത്തിന് അവസരം സൃഷ്ടിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, 2014 ആഗസ്ത് 28ന് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ഭാഷാപഠനം സംബന്ധിച്ച് യോഗം ചേര്‍ന്നു. യോഗത്തില്‍ ഓറിയന്റല്‍ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും സംസ്കൃത, അറബിക് ഭാഷാധ്യാപക സംഘടനാപ്രതിനിധികളും പങ്കെടുത്തിരുന്നു.
ഉത്തരവ് സൃഷ്ടിച്ച പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് മലയാളം മീഡിയം തുടരാനും ഓറിയന്റല്‍ സ്കൂളുകളില്‍ നിലവിലുള്ള സ്ഥിതി തുടരാനും തീരുമാനമായി.
ഇതുവരെ പുറത്തിറങ്ങിയ ഉത്തരവുകളിലൊന്നും ഓറിയന്റല്‍ സ്കൂളുകളില്‍ രണ്ടാംഭാഷ മലയാളമാക്കണമെന്ന നിര്‍ബന്ധമില്ല. എന്നാല്‍, മേലുത്തരവുകളുടെ ചില ഭാഗങ്ങള്‍മാത്രം അടര്‍ത്തിയെടുത്ത് മാനേജര്‍മാര്‍ അധികതസ്തിക സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഒരു സംസ്കൃതം ഓറിയന്റല്‍ സ്കൂള്‍ ഒന്നും രണ്ടും പേപ്പര്‍ സംസ്കൃതം വേണമെന്ന സര്‍ക്കാര്‍ ഉത്തരവുകളും ഹൈക്കോടതിവിധിയും അനുസരിക്കാതെ മുന്നോട്ടുപോവുകയാണെന്നും ഫെഡറേഷന് പറഞ്ഞു.
സംസ്കൃത മഹാപ്രതിഭകളുടെ മണ്ണില്‍നിന്ന് സംസ്കൃതത്തെ പടിയിറക്കാനുള്ള ബോധപൂര്‍വമായ ശ്രമം അനുവദിക്കില്ലെന്നും ഫെഡറേഷന് സംസ്ഥാന ജനറല്‍സെക്രട്ടറി പി.ജി. അജിത്ത് പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: