പട്ടാമ്പി: നിളാനദീതടസംരക്ഷണം ഉറപ്പുവരുത്തും മണല്‍ വാരല്‍ നിയന്ത്രണം കര്‍ക്കശമാക്കും പുഴയെ മാലിന്യമുക്തമാക്കും പുഴയെ സംരക്ഷിക്കും തുടങ്ങി പ്രഖ്യാപനങ്ങള്‍ക്ക് ഒരു പഞ്ഞവും ഒരു കാലത്തും ഉണ്ടായിരുന്നില്ല. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ പ്രഖ്യാപനങ്ങള്‍ അതില്‍ തന്നെ ഒതുങ്ങുന്നു എന്നതാണ് ഭാരതപ്പുഴയുടെ ദുരവസ്ഥ.
നിളയുടെ ഗതി ഇന്നും അധോഗതിതന്നെ. പണവും ഭരണ സ്വാധീനവുമുണ്ടെങ്കില്‍ എന്തും നടക്കുമെന്ന കാര്യത്തില്‍ മാറ്റമൊന്നുമില്ല. നദീതടസംരക്ഷണ പദ്ധതിയില്‍ എട്ട് കോടി രൂപയോളംപാലക്കാട് ജില്ലക്ക് അനുവദിച്ചിരുന്നതാണ്. എന്നാല്‍ അതുകൊണ്ടും പട്ടാമ്പി മേഖലക്ക് കാര്യമായ ഗുണമുണ്ടാക്കാനായില്ല.
റിവര്‍ മാനേജ്മെന്റിന് വളരെയധികം വരുമാനമുണ്ടാക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല എന്നിരിക്കെ പുഴസംരക്ഷണം ഏറ്റവും അനിവാര്യമായ സ്ഥലമാണ് ഇവിടെ. എന്നാല്‍ വ്യാപകമായി പുഴയോരം ഇടിയുകയും കയ്യേറ്റങ്ങള്‍ നടക്കുമ്പോഴും അവയെ അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന ആക്ഷേപം നിലനില്ക്കുന്നു.
കഴിഞ്ഞദിവസം പട്ടാമ്പി കിഴായൂര്നമ്പ്രംഭാഗത്ത് ഭാരതപ്പുഴയോരം കൈയേറി എന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ പ്രതിരോധ മാര്‍ച്ച് നടത്തിയിരുന്നു. ഇവിടം വേലികെട്ടിത്തിരിച്ച് ഏറെ ദിവസമായിരുന്നില്ല. ഇതിനെതിരെ യായിരുന്നു മാര്‍ച്ച്. അന്വേഷിച്ച് നടപടിയെടക്കാമെന്ന് പതിവുപോലെ മറുപടിയും കിട്ടി. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ കൈയ്യേറ്റം തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ പുഴ എന്നറിയപ്പെട്ടിരുന്ന ഭാരതപ്പുഴ ഇന്ന് അങ്ങനെ കരുതുക വയ്യ.
കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഭാതപ്പുഴ സംരക്ഷണത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് പുഴയുടെ നാശത്തിനും ജലക്ഷാമത്തിനും വഴിവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: