മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ട രാമനാട്ടുകര, കൊണ്ടോട്ടി നഗരസഭ, വാഴയൂര്‍, ചെറുകാവ്, ചീക്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിതരണ ശൃംഖല പ്രവര്‍ത്തനക്ഷമമായ സ്ഥലങ്ങളില്‍ ശേഷിക്ക് അനുസൃതമായി ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് കേരളാ വാട്ടര്‍ അതോറിറ്റി ഗാര്‍ഹിക/ഗാര്‍ഹികേതര കണക്ഷന് നല്‍കുമെന്ന് മലപ്പുറം പി.എച്ച് ഡിവിഷന് എക്സി. എഞ്ചിനീയര്‍ അറിയിച്ചു. ഇതിനുള്ള അപേക്ഷ ഫോം 15 രൂപ അടച്ചാല്‍ കൊണ്ടോട്ടി കൊളത്തൂരിലുള്ള അസി. എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കും. സ്റ്റാംപ് ഒട്ടിച്ച് ഉപഭോക്താവിന്റെ അഡ്രസ്സിലുള്ള രണ്ട് കവറുകള്‍, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പഞ്ചായത്ത്/നഗരസഭയില്‍ നിന്നുള്ള ഉടമസ്ഥാവകാശ സര്‍ട്ടഫിക്കറ്റ്, 200 രൂപയുടെ സ്റ്റാംപ് പേപ്പറിലുള്ള കരാര്‍ പത്രം സഹിതം വാട്ടര്‍ അതോറിറ്റിയുടെ ലൈസന്‍സുള്ള പ്ലംബര്‍മാര്‍ മുഖേന അപേക്ഷ നല്‍കണം. ഫീസിനത്തില്‍ 562 രൂപ ഓഫീസില്‍ അടയ്ക്കണം. പ്രവൃത്തിക്ക് വേണ്ട മീറ്റര്‍, പൈപ്പുകള്‍, വാള്‍വുകള്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങി വാട്ടര്‍ അതോറിറ്റി ലൈന്‍ മുതല്‍ ടാപ്പ് വരെ ഉപഭോക്താവിന്റെ ചെലവില്‍ സ്ഥാപിക്കണം. റോഡ് കട്ടിങിനുള്ള അനുവാദം ആവശ്യമായി വരുന്ന പക്ഷം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും ഉപഭോക്താവ് തന്നെ വാങ്ങണം. ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ലൈസന്‍സുള്ള പ്ലംബര്മാരുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ആവശ്യപ്പെട്ട കൂടിയ നിരക്ക് താഴെ പറയുന്ന വിധമാണെന്ന് എക്സി. എഞ്ചിനിയര്‍ അറിയിച്ചു. പ്ലാന്‍, കരാര്‍പത്രം മുതലായവ തയ്യാറാക്കി സമര്‍പ്പിച്ച് കണക്ഷന് നല്കുന്നതു വരെയുള്ള സര്‍വീസ് ചാര്‍ജ് 1640 രൂപ, 15 മീറ്റര്‍ വരെ കണക്ഷന് നല്‍കുന്നതിന് പ്ലംബര്‍മാര്‍ക്കുള്ള കൂലി ചെലവ് 2750 രൂപ തുടര്‍ന്ന് വരുന്ന ഓരോ മീറ്ററിനും കൂലി ചെലവ് 40 രൂപ. അംഗീകൃത പ്ലംബര്‍മാരുടെ ലിസ്റ്റ് സെക്ഷന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ 0483 2712100.
പ്രതികരിക്കാൻ ഇവിടെ എഴുതുക: