കരുവാരകുണ്ട്: വര്‍ധിച്ചുവരുന്ന വന്യമൃഗശല്ല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ മലയോരജനത പ്രക്ഷോഭത്തിലേക്ക്. എടപ്പറ്റ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകളുടെ മലയോരങ്ങളില്‍ ഒരുമാസമായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാത്ത വനംവകുപ്പധികൃതര്ക്കെതിരെ വന്‍പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ സഞ്ചരിക്കുന്ന പിക്കപ്പ്വാന്‍ ആനക്കൂട്ടം തകര്‍ത്തിരുന്നു. തൊഴിലാളികള്‍ തലനാരിഴക്കാണ് ഇവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. സ്വകാര്യ എസ്റ്റേറിലെ വാഹനവും തൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടന്നിട്ടും വനംവകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കാത്തത് ജനങ്ങളെ പ്രകോപിച്ചിരിക്കുകയാണ്.വാഹനങ്ങള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ആദ്യമായാണെന്നും കര്‍ഷകര്‍ പറയുന്നു. വന്യമൃഗങ്ങളെ നേരിടാന്‍ വനവകുപ്പ് സഹകരിക്കാറില്ല. നാട്ടുകാരുടെ ശ്രമഫലമായാണ് ഇവയെ തുരത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി കാട്ടാനകള്‍ പ്രദേശത്ത് തമ്പടിച്ചിട്ട് ദിവസങ്ങളായി. ദിനംപ്രതി കൂടുതല്‍ ആനകള്‍ ഇവിടേക്ക് എത്തുകയാണ്. കര്‍ഷകനായ കുന്നുമ്മല്‍ മത്തായി പറഞ്ഞു. ഇരിങ്ങാട്ടിരി, പനഞ്ചോല, പറയല്മാട് ഭാഗങ്ങളില്‍ നിന്നും ഒരുമാസത്തിനുള്ളില്‍ ഇരുപത്തോളം കുടുംബങ്ങള്‍ കാട്ടാനകളെ ഭയന്ന് താമസം മാറ്റി. തൊഴിലാളികള്‍ അടക്കമുള്ളവര്‍ പ്രദേശം വിട്ടതോടെ കാര്‍ഷിക പ്രവര്‍ത്തനവും നിലച്ചു. വന്യമൃഗ ശല്യം കലശലായിട്ടും സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ നിസംഗതക്കെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കുവാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. ആഗസ്റ്റ് ആദ്യവാരം നിലമ്പൂര്‍ താലൂക്കിലെ മുഴുവന്‍ വനംവകുപ്പ് ഓഫീസുകളും ഉപരോധിക്കും. തുടര്‍ന്നും ഫലം കാണുന്നില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നും വിവിധകര്‍ഷക സംഘടനാനേതാക്കളും കര്‍ഷകരും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: