പെരിന്തല്‍മണ്ണ: കടുങ്ങപുരം മാലപ്പറമ്പ് പാറക്കൂട്ടങ്ങളില്‍ തട്ടി ചിതറി കളകളാരവം മുഴക്കി പാഞ്ഞുപതഞ്ഞൊഴുകുന്ന കാട്ടാറിന്റെ പരിശുദ്ധതയിലലിഞ്ഞ പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന്റെ പ്രകൃതി സൗന്ദര്യം അടുത്തറിയാനാണ് പാലൂര്കോട്ടയിലേക്കു ദൂരെ ദിക്കുകളില്‍നിന്നുപോലും കേട്ടറിഞ്ഞു ആളുകളെത്തുന്നത്.
പെരുന്നാള്‍ പോലുള്ള ആഘോഷദിനങ്ങളിലും അവധിദിവസങ്ങളിലുമാണ് ഇവിടേ ഏറെയും സഞ്ചാരികളെത്തുന്നത്. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കടുങ്ങപുരം പള്ളിക്കുളമ്പിനും മാലാപറമ്പ് പാലച്ചോടിനുമിടയിലാണ് പാലൂര് കോട്ട സ്ഥിതി ചെയ്യുന്നത്.
പാലക്കാട് കോട്ട കഴിഞ്ഞാല്‍ ടിപ്പുവിന്റെ കുതിരക്കുളമ്പടി ഏറെ പതിഞ്ഞ കുന്നിന്‍പ്രദേശമാണ് പാലൂര് കോട്ടയെന്ന് ചരിത്രം പറയുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ടിപ്പുവും കൂട്ടരും തമ്പടിച്ചിരുന്ന കോട്ട ഇപ്പോള്‍ പൂര്‍ണമായും നശിച്ചിരിക്കയാണ്.
മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വ്യവസായ പ്ലോട്ട് ഈ മലമുകളിലാണുള്ളത്. ഖിലാഫത്ത് സമരനായകന്മാരായ കട്ടിലശ്ശേരി മുഹമ്മദ്മുസ്ലിയാരും എം.പി. നാരായണമേനോനും ഒളിത്താവളമായി ഇവിടെ ഉപയോഗിച്ചിരുന്നതായും പറയുന്നു.
നശിച്ച കോട്ടക്ക് സമീപം മീറ്ററുകളോളം പരന്നു കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുളത്തില്‍ നിന്നും ഉത്ഭവിച്ച് കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളിലൂടെ 500 അടിയോളം താഴ്ചയില്‍ വീഴുന്ന മനോഹരമായ വെള്ളച്ചാട്ടം കാണാന്‍ സോഷ്യല്‍ മീഡിയകളിലൂടെ കണ്ടും കേട്ടുമറിഞ്ഞെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ കൂടുതല്‍ ആളുകളെത്തുന്നത്. സംസ്ഥാനപാതയായ അങ്ങാടിപ്പുറം-കോട്ടക്കല്‍ റൂട്ടില്‍ കടുങ്ങപുരം സ്കൂള്‍ പടിയില്‍നിന്ന് രണ്ട് കിലോമീറ്ററും ദേശീയപാത മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ രാമപുരത്തുനിന്ന് അഞ്ച് കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
വെള്ളച്ചാട്ടത്തിനരികില്‍ പാറമടക്കുകളില്‍ ചെറിയ ഗുഹകളുമുണ്ട്. മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ ഇട പിടിക്കേണ്ട പാലൂര്ക്കോട്ടയും ഈ മനോഹര വെള്ളച്ചാട്ടവും അധികൃതരുടെ പിടിപ്പുകേടു കൊണ്ട് നശിക്കുന്നത് വിനോദ സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും വല്ലാതെ നിരാശയിലാക്കുന്നുണ്ട്
ചരിത്ര പ്രാധാന്യമുള്ള പാലൂര് കോട്ട നശിച്ചതുപോലെ ഈ വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും നശിക്കാതിരിക്കാന്‍ പാലൂര് കോട്ടയെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: