ഉത്തര്‍പ്രദേശിലെ രാജ്ഗഡില് നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചന്ദേരിയിെലത്താം. മുഗളരും, സുല്ത്താന്മാരും, രജപുത്രരാജാക്കന്മാരും, ബ്രിട്ടീഷുകാരും ഒക്കെ മാറിമാറി ഭരിച്ച ദേശം. ജൈനമത സ്ഥാപനത്തിന് വഴിയൊരുക്കിയ സ്ഥലം. സിന്ധ്യ കുടുംബത്തിന്റെ ഭരണനൈപുണ്യം തെളിയിച്ച പ്രദേശം ഇങ്ങനെ നിരവധി പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലമാണ് ചന്ദേരി. പുരാണവും ചരിത്രവും കൈകോര്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ ആണ് ഇതിന് സമീപത്തായി ഉള്ളത്.
പര്‍വ്വതങ്ങളും തടാകങ്ങളും വനപ്രദേശങ്ങളും നിറഞ്ഞ സ്ഥലമാണ് ഇവിടം. സമീപത്തായി ഉര്വ്വശിനദിയും, ചന്ദ്രഗിരിപര്വ്വതവും സ്ഥിതി ചെയ്യുന്നു. മാല്‍വ സുല്ത്താന്മാരും, ബുന്ദേല്‍ഖണ്ഡ് രജപുത്രരും ഭരിച്ചിരുന്ന സ്ഥലം 11-ാം നൂറ്റാണ്ടില്‍ ഡല്‍ഹി വഴി ഗുജറാത്തിലേയ്ക്കള്ള പ്രധാന വാണിജ്യപാതയായിരുന്നു ഇത്. ദല്‍ഹികേന്ദ്രമാക്കി ഭരിച്ചിരുന്ന സുല്ത്താന്മാരുടേയും മറ്റും സൈനികകേന്ദ്രവും ഇവിടെയായിരുന്നു. ചന്ദേരി പ്രദേശത്തെ മാല്‍വ, മേവാര്‍ ഇത്തരത്തില്‍ തിരിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്.
കോട്ടയ്ക്ക് പുറമെ ക്ഷേത്രങ്ങളും, പള്ളികളും, കൊട്ടാരങ്ങളും ജൈനക്ഷേത്രങ്ങളും നിറഞ്ഞ സ്ഥലമാണ് ഇവിടം. ചന്ദേരിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് സിന്ധ്യ കുടുംബം നാടുവാണ ‘ചന്ദേരിക്വില (ചന്ദേരികോട്ട) സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് താഴേയ്ക്ക് നോക്കിയാല്‍ ചന്ദേരിഗ്രാമം ഒട്ടാകെ കാണാന്‍ കഴിയും. ഇടുങ്ങിയ രാജകീയ ഇടനാഴികളും പുരാതനമായ കൊട്ടാരങ്ങളും കൊണ്ടു നിറഞ്ഞ രാജനഗരി എന്നു തന്നെ പറയാം. പ്രധാന സ്ഥലങ്ങളില്‍ എല്ലാം രജപുത്ര വീരന്മാരുടേയും മുസ്ലിം രാജാക്കന്മാരുടേയും ശവക്കല്ലറകള്‍ നിറഞ്ഞ സ്ഥലമാണിവിടം. 500 വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന കോട്ടയും പ്രധാന പാതകളും ഇന്ന് പുന:രുദ്ധാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനഭരണകൂടവും സിന്ധ്യ രാജകുടുംബവും ഇതിന് നേതൃത്വം കൊടുക്കുന്നു. രാജഭരണം മാറി ജനായത്തഭരണം വന്നപ്പോഴും ഈ നാട് സിന്ധ്യ കുടുംബത്തെ മറന്നിട്ടില്ല തിരികെ സിന്ധ്യ കുടുബവും ചന്ദേരിയും സമീപപ്രദേശമായ ഗുണ, ശിവപുരി, ഗ്വാളിയാര്‍, നിസാംഗഡ് എന്നിവിടങ്ങളില്‍ തന്നെയാണ് ഇന്നും സിന്ധ്യ കുടുംബം ജനവിധി തേടുകയും ചെയ്യുന്നത്. 45,000 ത്തോളം വരുന്ന ജനസംഖ്യയില്‍ 50ശതമാനത്തോളം ആളുകളും ഉപജീവനത്തിനായി വസ്ത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു.
ചന്ദേരിസാരി ലോകപ്രശസ്തമാണ്. കൂടാതെ കാര്‍ഷിക വിളയായ ഗോതമ്പ്, ചോളം, നെല്ല് എന്നിവയും കൃഷി ചെയ്തു വരുന്നു. കുമ്മായകൂട്ടും ചുണ്ണാമ്പ് കല്ലും കരിക്കിന് വെള്ളവും ഒക്കെ ചേര്‍ത്ത് നിര്‍മ്മിച്ച കോട്ടയില്‍ കാലാന്തരത്തില്‍ വന്ന കേടുപാടുകള്‍ ദ്രുതഗതിയില്‍ പുന:രുദ്ധാനം നടന്നുവരുന്നു. കോട്ടയ്ക്കകത്ത് എത്തിയാല്‍ പുരാണ ഇതിഹാസകഥകളും, മിത്തുകളും, ചരിത്രവും, വൈദേശിക ശക്തികള്‍ക്കെതിരെ രജപുത്രരാജാക്കന്മാരുടെ ധീരമായ ചെറുത്തുനില്‍പ്പുകളും വീരേതിഹാസകഥകളും മനസ്സില്‍ മിന്നി മറയും.
കോട്ടയ്ക്ക് ഉള്ളില്‍ ആയി രാജഭരണകാലത്തെ ചിത്രങ്ങളും, സംഭവങ്ങളും ചുമരില്‍ പതിച്ചിട്ടുള്ളത് കാണാം. നടുത്തളത്തിന് ചുറ്റുമായി മുറികളും, ഇടനാഴികളും, അകത്തങ്ങളുമായി പഴയ പ്രൗഢി വിളിച്ചോതുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. കോട്ടയും ചുറ്റുപാടും ചേര്‍ന്ന് ‘കിലാകോട്ടി’ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിരവധി പുരാതന ക്ഷേത്രങ്ങള്‍ തകര്‍ത്ത് മുഗളര്‍ മസ്ജിദ് സ്ഥാപിച്ചിട്ടുള്ളതും കാണാം. കോട്ടയ്ക്ക് സമീപത്തായി മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ഇന്സ്പെക്ഷന് ബംഗ്ലാവും സ്ഥിതി ചെയ്യുന്നുണ്ട്. ഇന്നുകാണുന്ന നിലയില്‍ കോട്ട പണിതത് കീര്ത്തിപാല്രാജാവ് ആയതിനാല്‍ ”കീര്‍ത്തി ദുര്‍ഗ്ഗ്” എന്നും കോട്ട അറിയപ്പെടുന്നു.
പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ട
അംബര ചുംബിയായി നിലനില്‍ക്കുന്ന കോട്ട നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്ഥിരമായി ആര്‍ക്കും ഭരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. രജപുത്രന്മാര് മുഗളന്മാരുമായി ഏറെ പടവെട്ടിയ സ്ഥലമാണ് ഇവിടം. 300 വര്‍ഷക്കാലം രജപുത്രരുടെ പോരാട്ടവീര്യം മനസ്സിലാക്കിയ മുഗളരും ബ്രിട്ടീഷ് സൈന്യവും പലകുറി പിന്മാറിയ സ്ഥലം സ്വാതന്ത്ര്യാനന്തരം മദ്ധ്യപ്രദേശില്‍ ലയിച്ചു. മദ്ധ്യപ്രദേശിലെ അശോക്നഗര്‍ ജില്ലയിലാണ് ചന്ദേരി സ്ഥിതി ചെയ്യുന്നത്.
മുഗളരും, രജപുത്രന്മാരും അടക്കിവാണ കോട്ടയുടെ മുന്‍ഭാഗത്തെ മുഖ്യകവാടത്തിന് ഖൂനിദര്ബാജ എന്നാണ് അറിയപ്പെടുന്നത്. കോട്ടയുടെ കിഴക്ക് ഭാഗത്തായി രജപുത്രന്മാര് വീരമൃത്യു വരിച്ച സ്ഥലവും, 1528 ജനുവരി 29 ന് ചന്ദേരിയിലേക്ക് കടന്നുവന്ന മുഗള്‍ രാജാവായ ബാബര്‍ അന്നത്തെ ചന്ദേരി രാജാവായ മേഥിനി റാവുമായി യുദ്ധത്തിലേര്‍പ്പെടുകയും അദ്ദേഹം യുദ്ധത്തില്‍ മരിക്കുകയും ഭാര്യയും യുദ്ധത്തില്‍ മരിച്ച മറ്റു സൈനികരുടെ വിധവകളുമായി ആയിരക്കണക്കിന് വരുന്ന സ്ത്രീകള്‍ മുഗളരാല് പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കൂട്ടസതി അനുഷ്ഠിച്ച സ്ഥലവും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ശിലാസ്മാരകം ‘ജൗഹര്‍ സ്മാരകം’എന്നാണ് അറിയപ്പെടുന്നത്. 1932 ല്‍ ശിവാജി റാവു സിന്ധ്യയാണ് ഈ സ്മാരകം നിര്‍മ്മിച്ചത്.
നഗരത്തില്‍ നിന്നും 250 അടി ഉയരത്തിലാണ് ചന്ദേരി ക്വില സ്ഥിതി ചെയ്യുന്നത്. ഇപ്പോഴത്തെ ചന്ദേരിയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ് ബുധിചന്ദേരി എന്ന പഴയ ചന്ദേരി നഗരം സ്ഥിതി ചെയ്യുന്നത്. മുഗള്‍ സുല്ത്താന്മാരും മറ്റും നിരവധി പടയോട്ടം നടത്തിയിട്ടുണ്ട് എങ്കിലും ഇതില്‍ പ്രധാനമായും 13-ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ തുഗ്ലക് ചന്ദേരിയില്‍ തമ്പടിക്കുകയും ഇവിടം കീഴടക്കി ഇവിടുത്തെ സമ്പത്ത് ഏറെയും കൈയടക്കിയ തുഗ്ലക് പിന്നീട് ചന്ദേരി ദല്‍ഹി സുല്‍ത്താനായ നസീര്‍-ഉദ്-ദീന് മുഹമ്മദിന് നല്കി.
438-ല്‍ മാള്‍വയിലെ സുല്‍ത്താനായ മുഹമ്മദ് ഖില്‍ജി ഈ നഗരം പിടിച്ചെടുത്തു. 1520-ല്‍ മേവാര്‍ ഭരണാധികാരി റാണാസംഗ ഇത് പിടിച്ചെടുത്തു. പിന്നീട് മേദിനിറായി മാള്വിയിലെ സുല്‍ത്താന്റെ മുന്മന്ത്രിയെ രാജ്യഭരണം ഏല്‍പ്പിച്ചു. പിന്നീട് മുഗള്‍ ഭരണാധികാരി ബാബറും, 1540-ല്‍ ഷെര്‍ഷാ സൂരിയും ഈ നഗരം പിടിച്ചെടുത്തു. ദല്‍ഹി കേന്ദ്രമാക്കി ഭരിച്ച അക്ബറും ചന്ദേരിയില്‍ ഭരണം കൈയാളി. 1586-ല്‍ രജപുത്രരുടെ പോരാട്ട വീര്യത്തില്‍ ചന്ദേരിനഗരം ഇവര്‍ പിടിച്ചെടുത്തു. രജപുത്രനായ രാമ്സാഹ് കുറച്ചു നാള് ഭരണം നടത്തിയശേഷം ഭരണം മകന് രാജാമധുകറിനെ ഏല്പിച്ചു. 1780 – ല്‍ ദേവിസിംഗ് ബുന്ദേല ഈ നഗരത്തിന്റെ ഗവര്‍ണറായി. തുടര്‍ന്ന് 1811 വരെ ഈ നഗരം അദ്ദേഹം കൈവശം വച്ചു. 1811-ല്‍ മറാത്ത ഭരണാധികാരി ഗ്വാളിയാറിലെ ദൗലത്ത് റാവു സിന്ധ്യ തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി ഭരിച്ചു.
1844-ല്‍ ഇവിടം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. എന്നാല്‍ 1857-ലെ കലാപത്തില്‍ നഗരത്തിന്റെ നിയന്ത്രണം ബ്രിട്ടീഷുകാര്‍ക്ക് നഷ്ടമായി. 1858 ഫെബ്രുവരി 14-ന് സര്ഹ്യൂസ് റോസ് എന്ന ബ്രിട്ടീഷ് സൈനീക മേധാവി കോട്ട പിടിച്ചടക്കി. 1861-ല്‍ മറാത്ത രാജവംശത്തിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറ വച്ച ബ്രിട്ടീഷ് സൈന്യം കോട്ടയുടെ ഭരണം ഗ്വാളിയാര്‍ രാജവംശത്തിലെ സിന്ധ്യകുടുംബത്തിന് നല്കി. ഇത് ചന്ദേരിയുടെ സുവര്‍ണ്ണകാലഘട്ടമായി വിശേഷിപ്പിക്കാം. ഈ കാലയളവില്‍ ചന്ദേരിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളും മറ്റും നടത്തി നഗരത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചു.
ഇന്നും സിന്ധ്യ കുടുംബത്തിന്റെ രാജഭരണകാലത്ത് ഉണ്ടായ മാറ്റം വീക്ഷിക്കുവാനും ഈ സുന്ദരനഗരത്തെ കാണുവാനും ഇവിടുത്തെ ചരിത്രത്തിന്റെ പ്രത്യേകതകള്‍ അറിയുവാനും നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. തലമുറകള്‍ പോരാടി, വെട്ടിപ്പിടിച്ച് കൈമാറിയ ഈ കോട്ടയില്‍ റാണാപ്രതാപനെപോലുള്ള രജപുത്രന്മാര് പോരാട്ടം നയിച്ചതായും പറയപ്പെടുന്നു. തലമുറകള്‍ക്കായി കഥയുടെ അക്ഷയഖനിയൊരുക്കിയ ഈ പഴയകോട്ടയ്ക്ക് ചുറ്റുപാടും നിരവധി കാഴ്ചകളാണ് ഉള്ളത്.
ബാദല്‍ മഹല്‍
കോട്ടയുടെ പടിഞ്ഞാറുഭാഗത്തുനിന്നും താഴേയ്ക്കുള്ള കല്‍പ്പടവുകള്‍ നടന്നിറങ്ങിയാല്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ബാദല്‍മഹല്‍ ആയി. പുല്‍ത്തകിടിയും ഭൂമിക്കടിയിലായി ഖനനം ചെയ്തപ്പോള്‍ കണ്ടെത്തിയ കെട്ടിടാവശിഷ്ടങ്ങളും, ചിത്രപ്പണികള്‍ നിറഞ്ഞ മേല്ക്കൂരകളാലുള്ള കവാടവും, തുരങ്കപ്പാതയും ഒക്കെയായി ഇവിടെ നിരവധി കാഴ്ചകള്‍ സമ്മാനിക്കുന്നു. ഇതിന് മുന്നില്‍ കോട്ടയ്ക്ക് അഭിമുഖമായി ആര്‍ച്ച് രൂപത്തില്‍ ഉള്ള ശില്‍പഗോപുരമാണ് ബാദല്‍മഹല്‍.
ഈ പുല്‍ത്തകിടിയ്ക്ക് അടിയിലായി അത്ഭുത നിധിശേഖരം ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറയപ്പെടുന്നു. 1450 ല്‍ ആണ് ഇത് പണി കഴിപ്പിച്ചിട്ടുള്ളത്. ഇവിടെനിന്നും നടന്നിറങ്ങി റോഡ് മുറിച്ചുകടന്നാല്‍ പുരാതനമായ ചന്ദേരി ജുമാ മസ്ജിജ്ദ് കാണാം. കൊത്തുപണികള്‍ കൊണ്ട് ഏറെ സമ്പന്നമായ ഇവിടെ നിരവധി കല്ത്തൂണുകളിലായാണ് ഈ കെട്ടിടം നിലനില്‍ക്കുന്നത്. ശിലയില്‍ കൊത്തിയെടുത്ത കവാടവും മിന്നാരങ്ങളും ഒക്കെയുള്ള ഇവിടം മുമ്പ് ശിവക്ഷേത്രമായിരുന്നു. ബാബര്‍ ചന്ദേരി ആക്രമിച്ചപ്പോള്‍ ക്ഷേത്രവും തകര്‍ത്ത് മസ്ജിദ് പണിയുകയായിരുന്നു.
കാട്ടിഗാട്ടി
ചന്ദേരി കോട്ടയ്ക്ക് തെക്കുപടിഞ്ഞാറായി നഗരത്തിന്റെ കവാടമായി കാണപ്പെടുന്നസ്ഥലമാണ് ‘കാട്ടിഗാട്ടി’. മലനിരകളാല്‍ ചുറ്റപ്പെട്ട ചന്ദേരി നഗരത്തെ ആക്രമിക്കാന്‍ ഈ മല ഭേദിച്ചാല്‍ മാത്രമേ കഴിയു എന്നു മനസ്സിലാക്കിയ ബാബര്‍ തന്റെ സൈനികരെ ഉപയോഗിച്ച് ഒറ്റരാത്രികൊണ്ട് 80 അടി ഉയരത്തിലും 39 അടി വീതിയിലും 192 അടി നീളത്തിലും പര്‍വ്വതം മുറിച്ചാണ് ബാബര്‍ ഇവിടെ കടന്നുവന്ന് രജപുത്രസൈന്യവുമായി ഏറ്റുമുട്ടി കോട്ട കൈക്കലാക്കിയത്.
ചന്ദേരിനഗരത്തില് നിന്നും 2 കി.മി. ദൂരത്താണ് കാട്ടിഗാട്ടി സ്ഥിതി ചെയ്യുന്നത്. ചന്ദേരിയില്‍ നിന്നും ഗ്വാളിയറിലേയ്ക്ക് പോകാനുള്ള രാമ് നഗര്‍ റോഡ് ഇത് വഴിയാണ് കടന്നുപോകുന്നത്. 1981-ല്‍ മാധവറാവു സിന്ധ്യയാണ് മദ്ധ്യപ്രദേശ് പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് കാട്ടിഗാട്ടി ഇന്നു കാണുന്ന രൂപത്തില്‍ മഹനീയമായ കവാടവും ചുറ്റുപാടും സൗന്ദര്യവത്ക്കരണം നടത്തിയത്.
ബത്തീസി ബാവടി
ചന്ദേരിയില്‍ നിന്നും 2 കി.മി. ദൂരത്തായാണ് ബത്തീസിബാവടിയെന്ന ഭൂഗര്ഭജലാശയം കാണാന്‍ കഴിയുക. മലനിരകള്‍ക്ക് താഴെയായി കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ജലാശയം മനുഷ്യനിര്‍മ്മിതം തന്നെയാണ്. 32 കല്പ്പടവുകളാല് ചുറ്റപ്പെട്ട ജലാശയം എന്ന നിലയിലാണ് ബത്തീസി ബാവടി എന്ന പേര് ഇതിന് ലഭിച്ചത്. കൊടും വേനലിലും ചന്ദേരി നിവാസികള്‍ക്ക് ജലം ശേഖരിച്ചിരുന്നത് ഇവിടെ നിന്നുമായിരുന്നു. 32 കല്‍പ്പടവുകള്‍ വീതം ഒന്നിനുമീതെ ഒന്നായിട്ടുകാണുന്ന ജലാശയത്തിന്റെ ആഴം ഇന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
ഇവിടം തീര്‍ത്തും വിജനമായ സ്ഥലമാണ്. 1485-ല്‍ മാള്‍വയിലെ സുല്‍ത്താനായ ഗയാസുദീന് ഖില്‍ജി 60 അടി വിസ്തീര്‍ണ്ണത്തില്‍ 32 വീതം വരുന്ന കല്‍പ്പടവുകള്‍ നിറഞ്ഞ ജലാശയം നിര്‍മ്മിച്ചു. പുരാതനമായ വാസ്തുനിര്‍മ്മാണ ശൈലിയിലാണ് ബിത്തീസിബാവടി നിര്‍മ്മിച്ചിട്ടുള്ളത്.
ജാഗേശ്വരി ദേവി മന്ദിര്‍
മുഗളരെ കീഴടക്കി ചന്ദേരി കോട്ടയുടെ ആധിപത്യം ഏറ്റെടുത്ത രജപുത്ര രാജാവായ കീര്ത്തിപാലാണ് അതിപുരാതനമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കോട്ടയോളം തന്നെ പഴക്കമുള്ള ഈ ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചു എന്ന് കരുതുന്നു. പഴയതില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചന്ദേരി രാജാക്കന്മാര് ആരാധന നടത്തിയിരുന്ന ക്ഷേത്രം കോട്ടയുടെ സമീപത്തും കോട്ടയുടെ അടിവാരത്തുമായാണ് സ്ഥിതി ചെയ്യുന്നത്.
പാറയിടുക്കുകളില്‍ നിന്നും ക്ഷേത്രത്തിലെത്തുന്നവര്ക്കാവശ്യമായ ജലം കിട്ടും. നീരുറവകളില്‍ നിന്ന് വരുന്ന തണുത്ത ജലം ഏറെ രുചികരവുമാണ്. ബുന്ദേല്കണ്ട് രജപുത്രരാജാക്കന്മാര്‍ അന്നത്തെ ശൈലിയില്‍ പാറയില്‍ പണി തീര്‍ത്ത ജാഗേശ്വരി ദേവി, ഗണപതി, ഹനുമാന് ക്ഷേത്രങ്ങളുമാണ് അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത്. രാവിലെയും വൈകിട്ടുമായി ആരാധന നടത്തുന്ന ക്ഷേത്രത്തില്‍ രണ്ടു നേരങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലാണ് ദേവിയെ കാണാന്‍ കഴിയുക എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ചന്ദേരിയില്‍ ജൈനമതം
ദിഗംബര്‍ വംശത്തില്‍പ്പെട്ട ജൈനമതക്കാര്‍ ഏറെ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് ചന്ദേരി. ചന്ദേരിയിലും ബുധിചന്ദേരിയിലുമായി ഇവരുടെ നിരവധി ക്ഷേത്രങ്ങളാണുള്ളത്. 9-10 നൂറ്റാണ്ടുകളിലായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജൈനമത തീര്‍ത്ഥാടകര്‍ ചന്ദേരിയില്‍ താമസമാക്കിയത്. ഇവരില്‍ ഏറെയും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി ബിസിനസ് രംഗത്ത് സജീവമായി ഉണ്ട്.
ഇവരില്‍ ഏറെയും സമ്പന്നരായതിനാല്‍ ഇവരുടെ ക്ഷേത്ര സങ്കേതങ്ങള്‍ വിലപിടിപ്പുള്ള മാര്‍ബിളിലും മറ്റുമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. ചെറുതും വലുതുമായി നിരവധി ജൈനക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഏറെ പഴക്കമുള്ള ശ്രീദിംഗബര് ജൈന ചൗബ്ബീസി മന്ദിര്‍ ആണ് ഏറ്റവും പഴയതും വലിപ്പമേറിയതുമായ ക്ഷേത്രം. പുരാതനമായി പാറകളില്‍ വര്ത്തമാനവീരന്റെ രൂപം വിവിധ ഭാവങ്ങളില്‍ കൊത്തിവച്ച ക്ഷേത്രങ്ങളും നിരവധിയുണ്ട്.
ചന്ദേരിനഗരത്തിന്റെ മധ്യഭാഗത്തായാണ് ചൗബ്ബീസി ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 13-ാം നൂറ്റാണ്ടിലാണ് ഇത് പണിതത്. ക്ഷേത്രത്തില്‍ ഏറെ നയനമനോഹരമായ കൊത്തുപണികളും കാണാം. താരതമ്യങ്ങള്‍ക്ക് വഴങ്ങാത്ത വിധം ഇവിടെ ശില്പവൈഭവം വിളിച്ചോതുന്നു.
ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
ചന്ദേരിയുടെ ചരിത്രപരവും സാംസ്കാരികവുമായ നിരവധി പൈതൃകശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. 2008 ല്‍ പണി തീര്‍ത്ത മ്യൂസിയത്തില്‍ ശില്പ – ശിലായുഗ ഭംഗിയുടെ അപൂര്‍വ്വ ശേഖരം തന്നെയുണ്ട്. 7-ാം നൂറ്റാണ്ട് മുതല്‍ 15-ാം നൂറ്റാണ്ടുവരെയുള്ള രാജഭരണകാലത്തെ ശില്പങ്ങളും ചെമ്പിലും വെള്ളിയിലുമൊക്കെയുള്ള ആഭരണങ്ങളും, ആയുധങ്ങളും നിത്യോപയോഗ സാധനങ്ങളും താളിയോല ഗ്രന്ഥങ്ങളും ദേവി ദേവന്മാരുടെ രൂപങ്ങളുമൊക്കെ നിരവധിയുണ്ട്.
മറ്റൊരു സ്ഥലത്തായി ഹീനയാനകാലത്തേയും മഹായാനകാലത്തേയും വജ്രായനകാലത്തേയും ശില്പങ്ങളും മറ്റ് കൊത്തുപണികളും സൂക്ഷിച്ചിരിക്കുന്നു. കൂടാതെ അതതു കാലത്തെ രാജവംശങ്ങളുടെ കലാഭിമുഖ്യത്തിന്റെ ചാരുത തെളിയിക്കുന്ന ശില്പങ്ങളും കൊത്തുപണികളും എങ്ങും കാണാം. കൂടാതെ ഉല്ഖനനത്തില് ലഭിച്ച വസ്തുക്കളും ടെറാകോട്ട ശില്പങ്ങളും… ഇങ്ങനെ നീളുന്ന കാഴ്ചകള്‍ ഇവിടെ നിരവധിയുണ്ട്. ഹിന്ദു – ജൈന – മുഗള്‍ ശില്പങ്ങളും മറ്റു വസ്തുക്കളും നിരവധി ഗാലറികളിലായി തിരിച്ചിരിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ട ഗാലറികള്‍ ചന്ദേരി ഗാലറി, വൈഷ്ണവ ഗാലറി, ജൈനഗാലറി, ആനന്ദം ഗാലറി എന്നിവയാണ്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ ഏറ്റവും താഴത്തെ നിലയിലാണ് ചന്ദേരി ഗാലറി സ്ഥിതി ചെയ്യുന്നത്. ഇവിടെ ചന്ദേരിയുടെ ചരിത്രപരമായ പ്രത്യേകതകളും പെയിന്റിങുമാണ് പ്രധാനമായുള്ളത്. കൂടാതെ അതതു കാലത്തെ യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
വൈഷ്ണവംഗാലറിയില് വിഷ്ണുഭഗവാന്റെ പത്തവതാരങ്ങളും വിവിധ രൂപഭാവങ്ങളോടുകൂടിയ ശില്പങ്ങളും കാണാം. നരസിംഹം, വാമനാവതാരം, കൂടാതെ ഗജേന്ദ്രമോക്ഷം, പന്നിയുടെ രൂപത്തിന് പുറത്തായി കൊത്തിവച്ച നൂറുകണക്കിന് രൂപങ്ങളും അനന്തശായിയായ ശ്രീപത്മനാഭന്റെ രൂപവും പ്രദര്‍ശനത്തിനുണ്ട്. ജൈനഗാലറിയില് മഹാവീരന്റെയും പാര്ശനാഥന്മാരുടെ രൂപങ്ങളും ബുദ്ധപ്രതിമകളും, ജൈനമത ശില്പങ്ങളും മറ്റുമായി ഇതിന്റെ നീണ്ട നിര തന്നെയുണ്ട്. ആനന്ദംഗാലറിയില് ചന്ദേരിയുടെ മാത്രം പ്രത്യേകതയായ സാരി നിര്‍മ്മാണ രീതി, തറി, സാരിയുടേയും മറ്റ് വസ്ത്രങ്ങളുടേയും പ്രദര്‍ശനം, പഴയകാല നാണയങ്ങളുടെ പ്രദര്‍ശനം, ആദിമ മനുഷ്യന്റെ കാലം മുതലുള്ള ആയുധങ്ങളും രൂപപരിണാമങ്ങളും ചന്ദേരി ചരിത്രം രേഖപ്പെടുത്തുന്ന പെയിന്റിങും ഇവിടെ കാണാം.
ഒരു ഭാഗത്തായി 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉപയോഗിച്ച ചന്ദേരി സാരിയും ഈ സാരിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ചന്ദേരിയിലെത്താന് ട്രെയിന്‍ മാര്‍ഗ്ഗം ഉത്തര്‍പ്രദേശിലെ തന്നെ ലളിത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് മാര്‍ഗ്ഗം 40 കി.മി. സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ലോകപ്രശസ്ത സംഗീതജ്ഞനായ ബൈജു ദേവറയ്ക്ക് ജന്മം നല്കിയ ദേശം എന്ന പ്രത്യേകതയും ചന്ദേരിയ്ക്കുണ്ട്. ഇത്തരത്തില്‍ ചന്ദേരിയെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ടയും പരിസര പ്രദേശങ്ങളും ഇന്ന് തികച്ചും ശാന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: