അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഇടം. ഇടിഞ്ഞുപൊളിഞ്ഞുതുടങ്ങിയ പ്രേതാലയം പോലൊരു വീട്. അവിടേക്ക് മുള്‍പ്പടര്‍പ്പുകളിലൂടെ നടന്നുകയറാവുന്ന ഒറ്റയാള്‍ വഴി. കയറിക്കഴിഞ്ഞാലോ ചുറ്റുപാടും നന്നായി കാണാം. അവിടെ നിന്നും കടന്നുപോകാന്‍ വേറെയും ഒറ്റയടിപ്പാതകള്‍ നിഗൂഢതയിലേക്ക് നീളുന്നു. അതായിരുന്നു സ്ഥലം.
കാല്‍നൂറ്റാണ്ടിന് മുമ്പ്, ഇരുളുവീണ് തുടങ്ങിയ അവിടെ ഞാനെത്തിയത് അവനെ കാണാനായിരുന്നു. അവനും എനിക്കും പരിചയമുള്ള അവന്റെ കൂട്ടാളികളും അവിടുണ്ടാകുമെന്ന് പറഞ്ഞിരുന്നു. അകത്ത് ആടിയുലയുന്ന മെഴുകുതിരി നാളങ്ങള്‍!. ആ വെളിച്ചത്തില്‍ ചില നിഴലാട്ടങ്ങള്‍. അടക്കിപ്പിടിച്ച സംസാരങ്ങള്‍. ഏതോ പടപ്പുറപ്പാടിന്റെ മുന്നൊരുക്കങ്ങള്‍.
അല്പം കഴിഞ്ഞപ്പോള്‍ അവന് കടന്നുവന്നു, ”മോഹന്‍ ജി ടോര്‍ച്ചും കൊണ്ടല്ലല്ലോ വന്നത്?”
”അല്ല”. ”നന്നായി”. ഞങ്ങള്‍ സംസാരിച്ചു. അവരുടെ കാര്യങ്ങള്‍ ഒന്നും അവര്‍ പറയാറില്ല. ചോദിക്കുന്നത് അവര്‍ക്ക് ഇഷ്ടവുമല്ല. എങ്കിലും അവര്‍ അന്നുപറഞ്ഞു. ”ചതി…വിശ്വാസവഞ്ചന അതുമാത്രം പൊറുക്കരുത്. സ്നേഹപൂര്‍വ്വം മടിയില്‍ ഉറക്കികെടത്തിയിട്ട് കുത്തിക്കൊല്ലും പോലാണത്. അതിന് മാപ്പില്ല”.
എനിക്കുതോന്നി. ചതിച്ചവന്(അവള്‍ക്ക്) എതിരെ നീക്കം നടത്താനുള്ള ആലോചനയിലായിരുന്നു അവെനന്ന് അവന് കൊട്ടേഷന്‍ ടീമായിരുന്നു. അക്കാലത്ത് എനിക്കവരെ പരിചയം ഉണ്ടായിരുന്നു. സൗഹൃദംവരെ എത്തുന്ന പരിചയം.
നാട്ടിന്‍പുറങ്ങളില്‍ ഒരുകാലത്ത് റൗഡികളെ ഉണ്ടായിരുന്നുള്ളു. കേഡികള്‍ എന്നവരെ നമ്മള് വിളിച്ചുവന്നു. എന്റെ ഗ്രാമത്തിലെ കേഡിയായിരുന്നു, ‘കേഡി കുഞ്ഞാമ്മദ്’. ഞാന്‍ കണ്ടിട്ടില്ല, കേട്ട കഥകളെയുള്ളു. അരയില്‍ കത്തിയും തിരുകി ഒറ്റയാനായി തറവാട്ടുകാര് തമ്മിലുള്ള വഴക്കില്‍ പക്ഷം പിടിച്ച് നടന്നിരുന്ന കുഞ്ഞാമ്മദ്. ഒരുവശത്ത് കുഞ്ഞാമ്മദ് ആണെങ്കില്‍ മറുവശത്ത് അവര്‍ വേറെ കേഡിയെ എത്തിക്കും. പോരുകോഴികളെപ്പോലെ കേഡികള്‍ തമ്മില്‍ ഏറ്റുമുട്ടും. കണ്ടവര്‍ക്കുവേണ്ടി അവര്‍ കണക്കുപറയുകയും കണക്കുതീര്‍ക്കുകയും ചെയ്തുകൊണ്ട് ജീവിതം തീര്‍ത്തു.
പിന്നീട് ഗുണ്ടകളായി. എന്റെ അമ്മയുടെ ആശുപത്രിവാസസമയത്ത് രാത്രി പാലാരിവട്ടത്തുള്ള ഭക്ഷണശാലയില്‍ നിന്നും ഞാനും അച്ഛനും ഭക്ഷണം കഴിച്ചുമടങ്ങുകയായിരുന്നു. ചെറുചാറ്റല്മഴയുണ്ട്. അപ്പോഴാണ് കടത്തിണ്ണയില്‍ നില്ക്കുന്ന ഒരാളെ ശ്രദ്ധയില്‍പ്പെട്ടത്. അച്ഛന് എന്നോടുപറഞ്ഞു. ”ദാ…അതാണ് പാലാരിവട്ടം സേവി”.
അക്കാലത്ത് ഏറെ കുപ്രസിദ്ധനായി കഴിഞ്ഞിരുന്ന ഗുണ്ടയായിരുന്നു പാലാരിവട്ടം സേവി. ഞാന്‍ തെല്ലുഭയത്തോടെ, വീരാരാധനയോടെ അയാളെ നോക്കി.
ആളുകളെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ച് നടമാടുകയായിരുന്നു അയാളുടെ ജീവിതം. ഏറെക്കാലം കഴിഞ്ഞില്ല. ഒരുരാത്രിയില്‍ സേവി ചെറുനാരങ്ങ മുറിക്കുന്ന കുഞ്ഞുകത്തിയുടെ മുനയില്‍ അവസാനിച്ചു. കടയടയ്ക്കുന്നതിനിടയില് പെട്ടിക്കടയില്‍ ചെന്നു പ്രശ്നമുണ്ടാക്കിയപ്പോള്‍ കടക്കാരനായ, സാധാരണക്കാരനായ, രാജനാണ് നാരാങ്ങാക്കത്തിയില് സേവിയെ ഒഴിവാക്കിയത്!. സാക്ഷിയും മറ്റുമില്ലാതെ കേസ് തള്ളിപ്പോയി.
ദുഷ്ടത്തരം കൊണ്ട് വളര്‍ന്നു(?). ഒരാള്‍ നിസാരമായൊരാളുടെ ചെറുകത്തിയില് അമരുക. കാര്യങ്ങള്‍ ഇത്രയൊക്കയേ ഉണ്ടാകൂ…അല്ലെ…
എന്റെ തൊഴിലില്ലായ്മക്കാലത്താണ് പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് എതിരെ മറ്റൊരു സംഘം ഉടലെടുത്തത്. അക്കാലം കൊട്ടേഷന്‍ ടീമുകളുടെ ഉദയകാലമായിരുന്നു. പെരുഗന് ഗ്യാങ് എന്നായിരുന്നു അതിന്റെ പേര്. അതിലെ തൊണ്ണൂറ് ശതമാനം അംഗങ്ങളും ഞാനുമായി അടുപ്പത്തിലായിരുന്നു.
പിന്നീട് എന്റെ അറിവിലെത്തിയത് ടെംപോ ഗ്യാങ് ആയിരുന്നു. ടെംപോക്കാരായ തൊഴിലാളികളായിരുന്നു അവരില്‍ ഭൂരിഭാഗവും. തികച്ചും മര്യാദക്കാരിയിരുന്നവര്. പിന്നെ എന്തോ അവര്‍ വെട്ടാനും കുത്താനും ഒക്കെ നടക്കുന്നു. എല്ലാവരുംതന്നെ എനിക്കടുപ്പമുള്ളവര്.
ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രാദേശിക രാ്ഷ്ട്രീയപാര്ട്ടിയുടെ ജില്ലാനേതാവും കൂടിച്ചേര്‍ന്ന് ഒരു ഒതുക്കല്‍. അതിന് കരുക്കളാക്കിയത് ഇവരെയാണ്. ആക്ഷന്‍ കഴിഞ്ഞു. അതില്‍ നാലുപേര്‍ക്ക് ഒളിത്താവളം ഒരുക്കുവാനും ഞാനന്ന് നിന്നിരുന്നു.
പിന്നീട് പ്രതികളെ പിടിക്കണം എന്നുപറഞ്ഞ് പ്രക്ഷോഭണം നടത്തിയതില്‍ ഒരു പ്രാദേശിക പാര്‍ട്ടിയും!. പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പോലീസുകാരില്‍ ഈ പോലീസ് ഉദ്യോഗസ്ഥനും!. എങ്ങനുണ്ട് നമ്മുടെ ലോകം. അവരൊക്കെക്കൂടിത്തന്നെ ഇവരെ രക്ഷിക്കുകയും ചെയ്തു.
ഈ ഗ്യാങ് വഴിയാണ് ഞാന്‍, ഇപ്പോള്‍ കൊലപാതക കേസില്‍ കുറ്റവാളിയായി ജയില്‍വാസമനുഷ്ഠിക്കുന്ന ഡിവൈഎസ്പിയായിരുന്ന ഷാജിയെ പരിചയപ്പെടുന്നതും ഒക്കെ.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഇവര്പൊതുവെ മര്യാദക്കാരായിരുന്നു. അങ്ങനെ പറയാമോ? എന്താണ് ഇവരൊക്കെ ഇത്തരം പാത തിരഞ്ഞെടുത്ത് യാത്രചെയ്യുന്നത്?!. ആരാണിവരെ അവിടേക്ക് എത്തിച്ചത്. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് എറണാകുളത്തെ ഒരു കുപ്രസിദ്ധ ഗുണ്ടാനേതാവ് എന്നോട് പറഞ്ഞു.
”മോഹന്‍ജി ഞങ്ങള്‍ ന്യായം മാത്രമേ ചെയ്യുന്നുള്ളു. അതിന് പണവും വാങ്ങുന്നു. പോലീസിനെ സ്വാധീനിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നവ..കോടതിയില്‍ സമര്‍പ്പിച്ചാല്‍ നീതി ലഭിക്കും എന്നുറപ്പില്ലാത്തവ…തെളിവില്ലെങ്കിലും സത്യമായ കാര്യങ്ങള്‍. അവരുടെ പക്ഷത്താണ് ഞങ്ങള്‍. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ വടിവാളെടുക്കുന്നത്”.
”നിങ്ങളാണോ ഇത് ചെയ്യേണ്ടത്. നീതിയും നിയമവുമൊക്കെ ഇവിടെയില്ലെ”?.
അവന് ഒന്നു ചിരിച്ചു. എന്നിട്ടുപറഞ്ഞു. ”ഇവിടുത്തെ നിയമവും നീതിയുമൊക്കെ എഴുത്തുകാരനായ മോഹന്‍ജിയോട് പറഞ്ഞുതരണോ!” ഞാനൊന്നും മിണ്ടിയില്ല. പിന്നെ, ഒരു സ്വകാര്യംപോലെ പഴയകാര്യം ഒന്നുകൂടി ഓര്‍മ്മപെടുത്തി. ”മോഹന്ജിയൊക്കെ നന്നായി ജീവിക്കുന്ന ആളാണ്. എന്റെ മൊബൈലിലേക്ക് ഒരിക്കല്‍പോലും മോഹന്‍ജിയുടെ മൊബൈലില്‍ നിന്ന് വിളിക്കരുത്. പിസിഒയില് നിന്ന് വിളിച്ചാല്‍ മതി.
അതും സ്ഥിരമായി ഒരേ പബ്ലിക് ഫോണില്‍ നിന്നും വിളിക്കരുത്. പിന്നെ ഞാന്‍ എടുക്കാന്‍ വേണ്ടി എങ്ങനാ വിളിക്കേണ്ടതെന്നറിയാമല്ലോ…എന്തെങ്കിലും കുറ്റം നടന്നാല്‍ ഞാനൊക്കെ അതില്പ്പെട്ടാലും ഇല്ലെങ്കിലും പോലീസ് പൊക്കും. മൊബൈല്‍ ചെക്കുചെയ്യും. മോഹന്‍ജിയുടെ നമ്പര്കണ്ട് വെറുതെ പുലിവാല് പിടിക്കരുത്”.
അപ്പോള്‍ അയാള്‍ കുറച്ച് മസാലദോശകള്‍ പൊതിഞ്ഞെടുക്കുകയായിരുന്നു.
”ഇതെന്തിനാണ്.”
”ജയിലിലെ നമ്മുടെ ദോസ്തുക്കള്ക്ക് മസാലദോശകഴിക്കണം എന്ന് ആശ. ദോശക്ക് 35 രൂപയെ വിലയുള്ളു. പക്ഷെ, ഇത് അവന്റെയടുത്തെത്തുമ്പോള് മുന്നൂറ്റമ്പത് രൂപവച്ച് ചിലവാകും”. പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ്, ഇന്നര്വെയറില്വച്ച് വാര്ഡന്മാര് എത്തിച്ചുകൊടുക്കുമത്രെ. അത് എത്തിച്ചുകൊടുക്കന് വേണ്ട ചിലവാണത്രെ 350 രൂപ. ആ പണം ഉണ്ടാക്കുന്നത് ചിലരെ സിസി ചെയ്തും(സിസി= ഗുണ്ടാപ്പിരിവ്).
”നിങ്ങളെന്താണ് ഇങ്ങനെ ആയത്?.”
എനിക്ക് പരിചയമുള്ള പല ഗ്യാങുകളിലെ ആളുകളോടും ചോദിച്ചു.
”കുട്ടിക്കാലം ഞങ്ങള്‍ക്ക് വളരെ നാണംകെട്ടതായിരുന്നു. ഒറ്റപ്പെട്ടതായിരുന്നു. പലരും അവഗണിച്ചു. ഇപ്പോള്‍ നോക്ക് ഞങ്ങളെ ആളുകള്‍ക്ക് ഭയമാണ്. ആരാധനയാണ്.” അവര്‍ ഒറ്റപ്പെടല്‍ മറികടന്നത് ഇങ്ങനെയോ?. ഒരിക്കല്‍ എന്റെ സുഹൃത്തും സഹോദരതുല്യനുമായ കെ.രാധാകൃഷ്ണന് പറയുകയുണ്ടായി.
”മോഹന്‍…ഒരു കുപ്പി നല്ലവെള്ളത്തിനെന്താണ് വില?.” ഞാന്‍ പറഞ്ഞു. ”പാലിനോ?” പാലിന്റെ വിലയും പറഞ്ഞു. ”ഒരുതുള്ളി പാമ്പിന് വിഷത്തിനെന്താണ് വില എന്നറിയ്വോ. പതിനായിരങ്ങള്‍ വരും.”
”ഇല്ലെ…”
”അതെ”
”പക്ഷെ, നമ്മള് വളര്‍ത്തുന്നത് പശുവിനെയാണോ..പാമ്പിനെയാണോ?.”
അതെ..അതാണ് ചോദ്യം. ലാഭവും പണസമ്പാദനവും മാത്രമാണോ ലക്ഷ്യം.
ഒറ്റപ്പെടല്‍ മറികടന്ന എത്രയെത്ര പ്രതിഭകള്‍!. ലോകാരാധ്യര്‍!. അവര്‍ പോസിറ്റീവായി മറികടന്നു. ഇവരോ?.
ഇവരെ പശ്ചാത്തലമാക്കിക്കൊണ്ടുള്ള ഒരു രചനയ്ക്കായി സമീപിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു.
”സര്…ഇതില്‍ നിന്ന് ഞങ്ങള്‍ക്കിനി മോചനമില്ല. ഒരുതവണ പെട്ടാല്പെട്ടു.”
ഇതില്‍ നിന്നും മാറി എന്നറിഞ്ഞാല്‍ ഒരുപക്ഷെ എതിര് ഗ്യാങ് കൊന്നുകളഞ്ഞേക്കാം. ഇപ്പോഴും ശക്തിയുണ്ടെന്ന് തെളിയിക്കാന്‍ വീണ്ടും വീണ്ടും അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കേണ്ടിവരുന്നു. ഒരു ജന്മം പാഴാകുന്നു!. ഇനിയും എത്രയെത്ര കാര്യങ്ങള്‍, സംഭവങ്ങള്‍. ഇവരെക്കുറിച്ചെഴുതാന്‍, ഈ ലോകത്തെക്കുറിച്ചുപറയാന് ചരിത്രം പരിശോധിക്കുമ്പോള്‍ നാം മറന്നുപോകരുതാത്ത ഒരു പേരുണ്ട്. അഡോള്‍ഫ് ഐക്മാന്.
ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മന്‍ ഗസ്റ്റപ്പോയില്‍ യഹൂദന്റെ ചുമതല വഹിച്ചിരുന്ന ആളാണ് ഐക്മാന്. അതിക്രൂരമായ ഐക്മാന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് യഹൂദരെയാണ് നാസികള്‍ വധിച്ചത്. 1960 ല്‍ ഐക്മാെന പിടിച്ചപ്പോള്‍ അത് അന്താരാഷ്ട്രതലത്തില്‍ വലിയൊരു വാര്‍ത്തയായിരുന്നു.
ജര്‍മനിയില്‍ നാസികള്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 1948 ല്‍ ഇസ്രയേല്‍ രാജ്യം രൂപീകൃതമായപ്പോള്‍ അവിടേക്ക് കുടുംബസമേതം കുടിയേറിയ ആളാണ് യഹ്യേല് ദിനര്‍.
കോടതിയില്‍ ഐക്മാനെ വിചാരണയ്ക്ക് എത്തിച്ചപ്പോള്‍ അയാളെകാണാന്‍ ദിനറും എത്തി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനുള്ളില്‍ നില്ക്കുന്ന ഐക്മാനെ കണ്ട ദിനര്പൊട്ടിക്കരഞ്ഞു. പിന്നെ കുഴഞ്ഞുവീണു. അശുപത്രിയില്‍ വച്ച് ബോധം തെളിഞ്ഞ ദിനറിനെ പത്രക്കാര് വളഞ്ഞു. ”അയാളോടുള്ള വിദ്വേഷം, വെറുപ്പ് ഇവകൊണ്ടാണോ തളര്‍ന്ന് വീണത്?” അവര്‍ ചോദിച്ചു.
”അല്ല, എനിക്കിപ്പോള്‍ അങ്ങനൊന്ന് ആ മനുഷ്യനോടില്ല.”
പിന്നെ അല്പ മൗനത്തിനുശേഷം പറഞ്ഞു-”എനിക്കയാളെ കണ്ടപ്പോള്‍ ഭയംതോന്നി. എന്നെക്കുറിച്ചായിരുന്നു ഭയം. ഐക്മാനെപ്പോലെ ക്രൂരനാകാനുള്ള സാധ്യത എന്നിലുമുണ്ടല്ലോ എന്ന ചിന്ത എന്നെ വേട്ടയാടി.”
വീണ്ടും ദിനര്‍ പറഞ്ഞു.
”നമ്മിലെല്ലാവരിലും ഐക്മാന്റെ അംശങ്ങളുണ്ട്. വല്ലപ്പോഴുമെങ്കിലും തിന്മയിലേക്ക് തിരിഞ്ഞുപോകുന്ന ഏതൊരു മനുഷ്യനിലും ഐക്മാന്റെ അംശങ്ങളില്ലെ.”
ഭര്‍ത്തൃഹരി പറയുന്നു.
‘സര്‍പ: ക്രൂരോ ഖല: ക്രൂരോ സര്‍വാത് ക്രൂരതര:ഖല:
മന്ത്രേണ ശാമ്യതേ സര്‍വ: ന ഖല: ശ്യാമ്യതേ കദാ’
(സര്‍പ്പം ക്രൂരനാണ്. ദുഷ്ടനും ക്രൂരനാണ്. ദുഷ്ടന് സര്‍പ്പത്തേക്കാള്‍ ക്രൂരനാണ്. സര്‍പ്പം മന്ത്രത്താല്‍ നിയന്ത്രിക്കപ്പെടുന്നു. ദുഷ്ടന് ഒരിക്കലും നിയന്ത്രിക്കപ്പെടുന്നില്ല).
ഒരുകാര്യം ഉറപ്പാണ്.
ജീവിതസാഹചര്യങ്ങളും മനോഭാവങ്ങളും മാത്രമല്ല ഈ സമൂഹവും ഇവരെ ഇങ്ങനെ വഴിതിരിച്ചുവിട്ടതില്‍ പ്രതികളാണ്.
ഇവരുടെ അന്ത്യമോ?
ടെംപോ ഗ്യാങിലെ ഒരാള്‍ തൂങ്ങിമരിച്ചു. മറ്റൊരാള്‍ കൊലചെയ്യപ്പെട്ടു. ഈ അടുത്ത കാലത്ത് മോര്‍ച്ചറി ഷെമീര്‍ കൊലചെയ്യപ്പെട്ടു. ഇങ്ങനെയും കാവ്യനീതികള്‍ നീളുകയാണ്.
പുതുമൊഴി
ക്വട്ടേഷനെ ഏല്‍പ്പിക്കുന്നവര്‍
സ്വന്തം പട്ടട തീര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: