അത്ഭുതാവഹമായ ഒരുപാട് കാര്യങ്ങള്‍കൊണ്ട് പലപ്രാവശ്യം ലോകത്തെ വിസ്മയിപ്പിച്ച ഒരു രാജ്യമാണ് ഇസ്രായേല്‍. വലുപ്പംകൊണ്ട് കേരളത്തിന്റെ പകുതിയും, ജനസംഖ്യകൊണ്ടു കേരളത്തിന്റെ ആറിലൊന്നും മാത്രമുള്ള രാജ്യം. പ്രകൃതിവിഭവങ്ങളോ, ധാതുനിക്ഷേപങ്ങളോ, എന്തിന് ആവശ്യത്തിന് ജലം പോലുമില്ലാത്ത, ശത്രുക്കളാല്‍ ചുറ്റപ്പെട്ട, ഈ ഊഷരഭൂമിയില്‍ നിന്നുകൊണ്ടാണ് അവര്‍ ഇരുപതാം നൂറ്റാണ്ടിനെ അമ്പരപ്പിച്ചത്. അതിലൊരു സംഭവം നടന്നിട്ട് ഇപ്പോള്‍ നാലു പതിറ്റാണ്ടു തികയുന്നു. ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ട്…
1976 ജൂണ്‍ 28നു എയര്‍ ഫ്രാന്‍സിന്റെ എ139, കൂറ്റന്‍ വിമാനമായ എയര്‍ബസ് എ300 ബി4 ടെല്‍ അവീവില്‍ നിന്നും പാരീസിലേക്ക് പറന്നുയരുമ്പോള്‍ ആരുമറിഞ്ഞിരുന്നില്ല, അത് ചരിത്രത്തിലേക്കുള്ള ടേക്ക് ഓഫ് ആെണന്ന്. 246 യാത്രക്കാരും പന്ത്രണ്ട് വിമാന ജീവനക്കാരും ആ വിമാനത്തിലുണ്ടായിരുന്നു.
ഗ്രീസിലെ ഏഥന്‍സില്‍ നിന്നും 58 യാത്രക്കാര്‍ കൂടി വിമാനത്തില്‍ കയറി. ഏഥന്‍സില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം പാലസ്തീന് തീവ്രവാദികള്‍ തട്ടിയെടുത്തു. ആദ്യം ലിബിയയിലെ ബംഗാസി വിമാനത്താവളത്തില്‍ ഇറക്കിയ വിമാനം ഇന്ധനം നിറച്ച്, ഏഴുമണിക്കൂറിനു ശേഷം വീണ്ടും പുറപ്പെട്ടു പാലസ്തീന് തീവ്രവാദികളോട് തുറന്ന അനുഭാവം കാട്ടിയിരുന്ന ഈദി അമീന് ഭരിക്കുന്ന ഉഗാണ്ടയായിരുന്നു അന്തിമലക്ഷ്യം തടസ്സങ്ങളൊന്നുമില്ലാതെ ഉഗാണ്ട തലസ്ഥാനമായ എന്റബെയില്‍ അവര്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ സാക്ഷാല്‍ ഈദി അമീന് തന്നെ അവിടെയെത്തിയിരുന്നു.
ഇസ്രായേല്‍ തടവിലാക്കിയിട്ടുള്ള 56 തീവ്രവാദികളെ വിട്ടയയ്ക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. സടകുടഞ്ഞെഴുന്നേറ്റ ഇസ്രായേല്‍ ഭരണകൂടം ഒരേസമയം നയതന്ത്ര തലത്തിലും സൈനികതലത്തിലുമുള്ള പരിഹാര മാര്‍ഗങ്ങളെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി സൗഹൃദരാജ്യങ്ങളോടെല്ലാം അവര്‍ സഹായം അഭ്യര്‍ത്ഥിച്ചു. അപ്പോഴേക്കും ഈജിപ്ത് ഇസ്രായേലിനോടുള്ള ശത്രുത വെടിഞ്ഞിരുന്നു. അമേരിക്ക വഴി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ സ്വാധീനിച്ച് ഈദി അമീനോട് സംസാരിക്കാന്‍ ശ്രമിച്ചു.
ഈജിപ്ത് വഴി തന്നെ PLO ചെയര്മാന് യാസര്‍ അറാഫത്ത് വരെ പ്രശ്നത്തിലിടപെട്ടു. ഈദി അമീനുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന, സൈന്യത്തില്‍ നിന്നും വിരമിച്ച ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന് ബറൂച്ച് ആണ് അമീനുമായി സംസാരിച്ചത്. ലോകത്തിന്റെ പിന്തുണ നേടാനുള്ള സുവര്‍ണ അവസരമാണിത് എന്ന ബറൂച്ചിന്റെ വാഗ്വിലാസത്തില്‍ ഇദി അമീന് വീണപ്പോള്‍, ഇസ്രായേലികളല്ലാത്ത 148 യാത്രക്കാര്‍ മോചിപ്പിക്കപ്പെട്ടു. അവര്‍ സുരക്ഷിതരായി പാരീസില്‍ തിരിച്ചെത്തി. വിലപ്പെട്ട നാലുദിവസം ഇസ്രായേലിനു ലഭിക്കുകയും ചെയ്തു. അങ്ങനെ അന്തിമ ഡെഡ് ലൈനായി ജൂലൈ നാല് തീരുമാനിക്കപ്പെട്ടു.
ഈ ദിവസങ്ങളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട കമാന്‍ഡോ സംഘം കഠിന പരിശീലനത്തിലായിരുന്നു. മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ നിന്ന് എയര്‍ പോര്‍ട്ടിന്റെയും ബന്ദികളെ പാര്‍പ്പിച്ച ടെര്‍മിനല്‍ കെട്ടിടത്തിന്റെയും റാഞ്ചികളുടെയും വിശദാംശങ്ങള്‍ മൊസ്സാദ് ശേഖരിച്ചിരുന്നു.
എയര്‍പോര്‍ട്ട് പണിത-തട്ടിക്കൊണ്ടുപോയ ജൂതക്കമ്പനി ജീവനക്കാരില്‍ നിന്ന്, വിമാനത്താവളത്തിന്റെ ഓരോ സൂക്ഷ്മാംശവും ശേഖരിച്ച് അവര്‍ പദ്ധതിയുടെ മുന കൂര്‍പ്പിച്ചു. ബന്ദികളെ പാര്‍പ്പിച്ച കെട്ടിടത്തിന്റെ ഒരു മാതൃക തന്നെ പുനസൃഷ്ടിച്ചാണ് കമാന്‍ഡോകള്‍ പരിശീലനം നടത്തിയത്. അവര്‍ എത്തുന്ന സമയം ഒരു പക്ഷെ റണ്‍വേയില്‍ ലൈറ്റുകള്‍ ഇല്ലങ്കില്‍, ഇറങ്ങാനുള്ള പുതിയ സാങ്കേതിക വിദ്യ തന്നെ നാലുദിവസം കൊണ്ട് വികസിപ്പിച്ചെടുത്തു.
ഇതുകൊണ്ടും കഴിഞ്ഞില്ല കാര്യങ്ങള്‍. ഉഗാണ്ട 4000 കിലോമീറ്റര്‍ അകലെയാണ്. ഇത്രദൂരം, ശത്രുരാജ്യങ്ങളുടെ കണ്ണുവെട്ടിച്ച് ഒരു കമാന്‍ഡോ ഓപ്പറേഷന്. ഇത്രയും ദൂരം പോയി വരാന്‍ കഴിയുന്ന വിമാനങ്ങള്‍ അന്ന് ഇസ്രായേലിനില്ല. വീണ്ടും ആഫ്രിക്കയില്‍ വാസമുറപ്പിച്ച ജൂതസമൂഹം രക്ഷക്കെത്തി. ഈദി അമീനോട് രസത്തിലല്ലാത്ത കെനിയയെ അവര്‍ പാട്ടിലാക്കി. അവര്‍ക്കും ആ ജൂതരെ അവഗണിക്കാന്‍ കഴിയില്ലായിരുന്നു. താറുമാറായ കെനിയന്‍ സാമ്പത്തിക വ്യവസ്ഥയെ ഒരുപരിധിവരെ താങ്ങി നിര്‍ത്തിയിരുന്നത് അവിടെയുണ്ടായിരുന്ന, ധനാഢ്യരായ ജൂതന്മാര് നടത്തിയ വന്‍ നിക്ഷേപങ്ങളായിരുന്നു. അങ്ങനെ കെനിയ, ഇസ്രായേല്‍ സൈനിക വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള അനുമതി നല്കി.
എന്റബെ എയര്‍പോര്‍ട്ടിന് സമീപമുള്ള വിക്ടോറിയ തടാകത്തില്‍ കമാന്‍ഡോകളെ എയര്‍ഡ്രോപ്പ് ചെയ്യാനായിരുന്നു ആദ്യപദ്ധതി. എയര്‍ഡ്രോപ്പ് ചെയ്യപ്പെട്ട കമാന്‍ഡോകള്‍ റബ്ബര്‍ ബോട്ടുകളില്‍ വിമാനത്താവളം ആക്രമിച്ച് ബന്ദികളെ മോചിപ്പിക്കും, എന്നിട്ട് രക്ഷപെടാന്‍ വേണ്ടി ഈദി അമീനോട് വിലപേശും. ഇതായിരുന്നു പദ്ധതി. പരിശീലനത്തിനുള്ള സമയക്കുറവ്, വിക്ടോറിയ തടാകത്തിലെ ഭീമന് നരഭോജി മുതലകള്‍, പരാജയ സാധ്യത എന്നിവകാരണം ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
4000 കിലോമീറ്റര്‍ അകലെക്കിടക്കുന്ന ഉഗാണ്ട. എങ്ങും അരിച്ചുപെറുക്കി നടക്കുന്ന ശത്രുവിന്റെ കണ്ണുകള്‍, അവിടെ നൂറിലധികം ജീവനുകള്‍ വെച്ച് വിലപേശുന്ന നിര്‍ദ്ദയരായ ഭീകരരും ഒരു സ്വേച്ഛാധികാരിയും… ഏതു രാജ്യവും പതറിപ്പോകുന്ന സാഹചര്യം. പക്ഷെ സഹസ്രാബ്ദങ്ങള്‍ താണ്ടിവന്ന പോരാട്ടവീര്യത്തെ കെടുത്താന്‍ പോന്ന കരുത്തൊന്നും ഈ വെല്ലുവിളികള്ക്കില്ലായിരുന്നു. ജൂലൈ മൂന്നിന് ഇസ്രായേല്‍ ക്യാബിനറ്റ് കമാന്‍ഡോ ഓപ്പറേഷനുള്ള അനുമതിനല്‍കി.
ജൂലൈ നാലിനു അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തി നാലു പടുകൂറ്റന്‍ ഹെര്ക്കുലീസ്വിമാനങ്ങള്, സര്‍വ്വസജ്ജീകരണങ്ങളുമായി ഇസ്രായേലില്‍ നിന്ന് പറന്നുയര്‍ന്നു. സൗദി അറേബ്യയുടേയും ലിബിയയുടേയും റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ആ വിമാനങ്ങള്‍ ചെങ്കടലിനു മുകളിലൂടെ പറന്നത് വെറും മുപ്പത് മീറ്റര്‍ ഉയരത്തിലായിരുന്നു. രാത്രി പതിനൊന്നിന് എന്റബേ എയര്‍ ട്രാഫിക്കിന്റെയും കണ്ണുവെട്ടിച്ച് മൂന്നു വിമാനങ്ങള്‍ ശത്രു രാജ്യത്ത് അര്‍ദ്ധരാത്രിയില്‍ ലാന്‍ഡ് ചെയ്തു. ഒരു വിമാനം കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടു വിമാനത്താവളത്തെ വലംവെച്ചുകൊണ്ടിരുന്നു. ഒരു പക്ഷേ ഈദി അമീനിന്റെ പ്രത്യേക വിമാനമായിരിക്കും അതെന്നാണു വിമാനത്താവളത്തില്‍ നിലയുറപ്പിച്ച ഉഗാണ്ടന്‍ സൈനികരും കരുതിയത്.
വിമാനത്തില്‍ കൊണ്ടുവന്ന, ഈദി അമീന് ഉപയോഗിക്കുന്ന തരത്തിലുള്ള കറുത്ത ലാന്‍ഡ് റോവര്‍ കാറില്‍ കുറച്ച് കമാന്‍ഡോകള്‍ ബന്ദികളെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് നീങ്ങി, പക്ഷെ കുറച്ച് ദിവസം മുന്‍പ് ഈദി അമീന് ഒരു വെളുത്ത ബെന്‍സ് സ്വന്തമാക്കിയിരുന്നു. ഇതറിയാവുന്ന രണ്ട് കാവല്‍ക്കാര്‍ക്ക് സംശയം തോന്നി വാഹനം തടഞ്ഞു. ഇതാണ് പദ്ധതിയില്‍ സംഭവിച്ച ഒരേയൊരു ഇന്റലിജന്‍സ് പിഴവ്. പക്ഷെ കമാന്‍ഡോകളുടെ കൈയിലെ സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുകള്‍ അവരെ നിശബ്ദരാക്കി.
കെട്ടിടത്തിലേക്ക് ഇരച്ച് കയറിയ കമാന്‍ഡോകള്‍ ഹീബ്രുവിലാണു സംസാരിച്ചതും ബന്ദികളോട് കമിഴ്ന്നു കിടക്കാന്‍ ആവശ്യപ്പെട്ടതും. മിനിറ്റുകള്‍ക്കകം മുഴുവന്‍ തീവ്രവാദികളേയും വകവരുത്തി. ക്രോസ്സ് ഫയറില്‍ രണ്ട് ബന്ദികള്‍ മരിച്ചു. ബന്ദികളിലൊരാള്‍, 75 കാരിയായ ഡോറ ബ്ളോച് എന്ന ഇസ്രായേലി സ്ത്രീ അസുഖബാധിതയായി എന്റബെയിലെ ആശുപത്രിയിലായിരുന്നു. അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല
അകത്ത് വെടിവെപ്പ് നടക്കുമ്പോള്‍ പുറത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന ഉഗാണ്ടന്‍ വ്യോമസേനയുടെ മുപ്പതോളം മിഗ് വിമാനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു. 45 ഉഗാണ്ടന്‍ സൈനികരും കൊല്ലപ്പെട്ടു. തങ്ങള്‍ രക്ഷപ്പെട്ടുകഴിയുമ്പോള്, അവര്‍ പിന്തുടരുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അത്.
56 മിനിട്ട് നീണ്ടുനിന്ന റെയ്ഡിനൊടുവില്‍ ആ രാത്രി തന്നെ ഇസ്രായേല്‍ സംഘം മോചിപ്പിക്കപ്പെട്ട ബന്ദികളുമായി എന്റബേയില്‍ നിന്ന് പറന്നുയര്‍ന്നു. പദ്ധതിപ്രകാരം കെനിയയിലെ നെയ്റോബിയില്‍ നിന്നും ഇന്ധനം നിറച്ച്, സംഘം നേരേ ടെല്‍ അവീവിലേക്ക് വിജയശ്രീലാളിതരായി പറന്നിറങ്ങി. ഈ ഓപ്പറേഷനില്‍ കമാന്‍ഡറായിരുന്ന ജോനാഥന് നെതന്യാഹു മരിച്ചു.
പില്ക്കാലത്ത്, ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തിന്റെ സഹോദരനാണ്. വിവരമറിഞ്ഞ്, കോപാകുലനായ ഈദി അമീന്, ആശുപത്രിയിലായിരുന്നു ഡോറയെന്ന വൃദ്ധയെ തെരുവിലേക്ക് വലിച്ചിഴച്ച് വെടിവച്ചു കൊന്നു .രാജ്യത്തുണ്ടായിരുന്ന മുഴുവന്‍ കെനിയക്കാരെയും കൊല്ലാന്‍ ഈദി അമീന് ഉത്തരവിട്ടു
പിറ്റേന്ന് ലോകം കണ്ണും കാതും തുറക്കുന്നത് അത്ഭുതകരവും അവിശ്വസനീയവുമായ ഈ വാര്‍ത്തയിലേക്കാണ്. ആത്മാഭിമാനവും, ഇച്ഛാശക്തിയും, കൂര്‍മ്മബുദ്ധിയുമെല്ലാം ഒരുമിച്ച് ചേര്‍ന്നാല്‍, ഏത് ജനതയ്ക്കും ഇതിഹാസ സമാനങ്ങളായ ചരിത്രം രചിക്കാന്‍ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: