ഭ്രമിപ്പിക്കുന്ന സ്വാതന്ത്ര്യം
ആരേയും ത്രസിപ്പിക്കുന്ന
സ്വാതന്ത്ര്യം
തൃഷ്ണതന്‍ ആശ്ലേഷ വിശ്ലേഷ
വിഭ്രാന്തി പൂക്കുന്ന തീരങ്ങള്‍
ആത്മബോധത്തിന്
തീര്‍ത്ഥ ബിന്ദുക്കള്‍
വാര്ന്നൊഴിഞ്ഞതിലാസുര-
ചിന്തതന്‍ വിഷബീജങ്ങള്‍
നിറയ്ക്കുവതാരീ യുവഹൃദയ
വെണ് ശംഖുകള്‍ക്കുള്ളില്‍.
ജാത്യാഭിമാന ദുര്‍ബോധ-
തമസ്സിനെക്കീറിമുറിക്കും
സൂര്യപ്രകാശപ്രവാഹമായി
തീര്‍ന്നോരാ ‘ഭീം’ തന്
ചിത്രത്തിന്നിരുപുറം
ചാര്‍ത്തുന്നതേതു പ്രതിരൂപങ്ങള്‍
ഉയര്ത്തുന്നതേതു
പ്രത്യയശാസ്ത്ര പ്രതീകങ്ങള്‍.
‘നദിയിലൂടെ നടക്കുമ്പോള്‍
ശിരസ്സിലേന്തിയ ചക്ക പോ-
ലൊരു കവിക്കുദേശീയത.
‘കീറി കൗപീനമാക്കുവാനുള്ളതാണ്’
മറ്റൊരുവന് ദേശപതാക
വിഘടനവാദികള്‍ക്കുള്ള സ്വയം-
നിര്‍ണയത്തിനു
നല്കുവാനുള്ളതാണഖണ്ഡത
അതിരുകളെല്ലാം
ആരോ വരഞ്ഞിട്ട
അസംബന്ധങ്ങളാണുപോലും.
പ്രാണനുമീതെ രാജ്യമെന്നെണ്ണി
കാവല്നില്ക്കുവോര്
വെറും കൂലിപ്പണിക്കാരെന്നൊരു
ബൗദ്ധിക മൗലികത
ഇത്തരം ചിന്തകള്‍
ചിറകിലൊളിപ്പിക്കും രാഷ്ട്രീയത
അവയെ പാടിപരത്തിപ്പറക്കും
മാധ്യമ മാസ്മരികത.
മഞ്ഞിന് ശിലാപടലങ്ങള്‍
പടര്‍ന്നേറും നിര്‍ദ്ദയ നിശൂന്യവിജനതയില്
മരണത്തണുപ്പിന് ക്രൂരമാം ദംഷ്ട്രകള്‍
പ്രാണനാളിയിലാഴ്ന്നിറങ്ങും
ദിനരാത്രങ്ങളില്‍
ഇത്തരിപ്പൂ പുതപ്പിനുള്ളില്‍
ജീവനാളമൊളിപ്പിച്ചിരിക്കുമ്പോഴും
അമ്മേ ഭാരതാംബേ നിന്
മന്ദഹാസാധര സിന്ദൂരബിന്ദുക്കള്
വീണലിഞ്ഞീ ഹൃദയകേസരങ്ങള്
തുടികൊള്ളവേ,
ഇങ്ങീത്താഴ്വരയിലെ
വിഭ്രാന്തിപൂക്കുന്ന
നിലങ്ങളില്‍ നിന്നു
നേരുന്നു ഞാന്‍ നിങ്ങള്‍ക്ക്
നമോവാകം
നമോവാകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: