കാസര്‍കോട്: ഡെങ്കിപ്പനിയുടെ രോഗപകര്‍ച്ചയ്ക്ക് കാരണമായ ഈഡിസ് കൊതുകിന്റെ പ്രജനനം തടയുന്നതിനായി ഉറവിട നശീകരണം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈഡിസ് കൊതുകിന്റെ പ്രജനന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കപ്പുകള്‍, കുപ്പികള്‍, ഉരകല്ല്, പാത്രങ്ങള്‍, ടിന്നുകള്‍, വീപ്പകള്‍, പോളിത്തീന്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെള്ളം കെട്ടി നില്ക്കാന് കഴിയാത്ത രീതിയില്‍ സൂക്ഷിക്കുകയോ ചെയ്യണം.
മാലിന്യങ്ങള്‍ വലിച്ചെറിയാതെ അവയുടെ ഉറവിടങ്ങളില്‍ തന്നെ തരം തിരിച്ച് സംസ്കരിക്കുകയും. ജലം സംഭരിച്ചു സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുകു കടക്കാതെ അടച്ചു സൂക്ഷിക്കുകയും കൂത്താടി കാണുകയാണെങ്കില്‍ വെള്ളം തുണികൊണ്ടരിച്ച് ഉപയോഗിക്കുകയും വേണം. ടാങ്കുകളിലും മറ്റും അവശേഷിക്കുന്ന ജലത്തിലേക്ക് പുതിയ ജലം ഒഴിക്കരുത്. അത് പൂര്‍ണ്ണമായും മാറ്റി വൃത്തിയാക്കിയശേഷം പുതിയ ജലം ഒഴിക്കുക.അവയിലെ വെള്ളം ആഴ്ച്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയ ശേഷം വീണ്ടും നിറയ്ക്കുക.വെള്ളം കെട്ടി നില്ക്കാന് സാധ്യതയുള്ള കുഴികളും മറ്റും മണ്ണിട്ട് നികത്തുക. അവയിലെ ജലം ഒഴുക്കി കളയുക.ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങള്‍ ഇട്ടോ മണ്ണിട്ട് നിറച്ചോ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ് എന്നിവയില്‍ വെള്ളം കെട്ടി നില്ക്കാന് അനുവദിക്കരുത്. കൂളറുകള്‍, ഫ്രിഡ്ജുകള്‍, ചെടിച്ചട്ടിയുടെ അടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ ആഴ്ച്ചയിലൊരിക്കല്‍ പരിശോധിച്ച് വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
മരപ്പൊത്തുകള്‍, ചേമ്പ്, വാഴ, കൈതച്ചക്ക മുതലായ ചെടികളുടെ പോളകളില്‍ കെട്ടി നില്ക്കുന്ന വെള്ളം ചോര്‍ത്തിക്കളയുകയോ, മണ്ണിട്ട് നിറയ്ക്കുകയോ ചെയ്യണം. റബ്ബര്‍ തോട്ടങ്ങളില്‍ റബ്ബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട, കപ്പ് എന്നിവ കമഴ്ത്തി വയ്ക്കുക. എലിയും അണ്ണാനും തുരന്നിടുന്ന പാകമാകാത്ത നാളികേരവും കൊക്കോ കായ്കളും കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുക. ഓടകളിലെ തടസ്സം നീക്കി ജലം ഒഴുക്കാന്‍ അനുവദിക്കുക. കക്കൂസ് ടാങ്കളുടെ വെന്റ് പൈപ്പുകള്‍ വലകൊണ്ട് മൂടുകയും സ്ലാബുകള്‍ക്കിടയിലെ വിടവുകള്‍ അടച്ച് അറ്റകുറ്റപ്പണി നടത്തുകയും ചെയ്യണം. ഉണങ്ങിക്കിടക്കുന്ന ദ്രവിക്കാത്ത പാഴ്വസ്തുക്കളില് ഈഡിസിന്റെ മുട്ടകള്‍ ദീര്‍ഘകാലം കേടുകൂടാതെ കാണാന്‍ സാധ്യതയുള്ളതുകൊണ്ട് വെള്ളമില്ലാതെ ഉണങ്ങിയ ഉറവിടങ്ങളെനീക്കണമെന്നും ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: