കാസര്‍കോട്: ജില്ലയിലെ പല സ്കൂളുകളിലും അധ്യയനം നടക്കുന്നത് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളിലാണ്. വര്‍ഷാവര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കി നല്‍കാറുണ്ട്. പക്ഷെ പലപ്പോഴും കാര്യമായ പരിസേധനകള് നടത്താതെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്. മഴയും ശക്തമായ കാറ്റും ആരംഭിച്ചതോടെ പഴയ കെട്ടിടങ്ങളുടെ ഉറപ്പിനെ കുറിച്ച് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കനത്ത മഴയില്‍ കുമ്പള പേരാല്‍ ഗവ. എല്‍പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ ജനരോഷം ശക്തമാകുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മൂന്നാംതരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മുറിയുടെ ഓടുമേഞ്ഞ മേല്‍ക്കൂര ശക്തമായ കാറ്റിലും മഴയിലും നിലം പതിച്ചത്.
റമദാന് പ്രമാണിച്ച് സ്കൂളിന് അവധിയായതുകൊണ്ടു മാത്രമാണ് കുട്ടികള്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്കൂള്‍ പ്രവര്‍ത്തന സമയമായിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ജീവന് തന്നെ അപകടത്തിലാകുമായിരുന്നു. ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച ഈ സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലായിട്ട് ഏറെ നാളായി. കെട്ടിടത്തിന്റെ കഴുക്കോലുകളും വാരികളും ദ്രവിച്ചിരിക്കുകയാണ്. ഇതാണ് മേല്‍ക്കൂര തകരാന്‍ കാരണമായത്.
മലയാളം, കന്നഡ വിഭാഗങ്ങളിലായി 78 കുട്ടികളും എട്ട് അധ്യാപകരുമാണ് സ്കൂളിലുള്ളത്. സ്കൂള്‍ കെട്ടിടം അപകടത്തിലാണെന്നും ദുരന്തത്തിന് സാധ്യതയുണ്ടെന്നും കാണിച്ച് കഴിഞ്ഞ ഡിസംബറില്‍ സ്കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, എസ്എസ്എ ജില്ലാപ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു തരത്തിലുള്ള നടപടിയുമുണ്ടായില്ല. അപകടാവസ്ഥയിലുള്ള മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ നടപടിയെടുക്കാതിരുന്ന ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കെടുകാര്യസ്ഥതയാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. സ്ഥലപരിമിതിമൂലം സ്കൂളിലെ ഒരു ക്ലാസ് കളിസ്ഥലത്തെ മരച്ചുവട്ടിലാണ് നടത്തിയിരുന്നത്. ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ തീര്‍ത്തും അപകടാവസ്ഥയിലായ സ്കൂളില്‍ കുട്ടികളെ പഠിപ്പിച്ചതുതന്നെ കുറ്റകരമായ അനാസ്ഥയുടെ ഭാഗമാണ്. കുട്ടികളുടെ ജീവന് കൊണ്ട് പന്താടുകയായിരുന്നു ഇത്രയും നാള് ബന്ധപ്പെട്ട അധികാരികളെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയായിരുന്ന മടിക്കൈ കീക്കാംകോട്ട് ജി എല്‍പി സ്കൂള്‍ കെട്ടിടം തകര്‍ന്നതിന് കാരണം അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സ്കൂള്‍ കെട്ടിടം തകര്‍ന്നത് കീക്കാംകോട്ട് സ്കൂളിന് വേണ്ടി അടുത്തിടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചു തുടങ്ങിയത്. എന്നാല്‍ ഒരു മഴയ്ക്ക് തന്നെ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മടിക്കൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ.ഗോപി കാസര്‍കോട് വിജിലന്‍സ് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച് ദുര്‍ബലമായ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നതെന്നും വലിയ തോതിലുള്ള അഴിമതി ഇതിന് പിന്നിലുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവനു പോലും ഭീഷണി ഉയര്‍ത്തുന്ന വിധത്തിലുള്ള കെട്ടിട നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കരാറുകാരനും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തു കളിയാണ് സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ തെളിയുന്നതെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും സ്കൂള്‍ കെട്ടിടങ്ങള്‍ തകരുന്നതിന് കാരണം അഴിമതിയാണെന്ന ആരോപണം ഇതോടെ ശക്തമായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: