കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ ഇന്നലെയും തുടരുകയാണ്. തീരപ്രദേശങ്ങളില്‍ കടലാക്രമണ ഭീഷണി. ചേരങ്കൈ മുതല്‍ കസബ കടപ്പുറം വരെ 75 ലധികം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കടല്‍ പ്രക്ഷുബ്ദമാകുന്നതോടെ വെള്ളം തീരത്തേക്ക് അടിച്ച് കയറുകയാണ്. ശക്തമായ കാലവര്‍ഷത്തില്‍ ജില്ലയില്‍ 23,92,760 രൂപയുടെ നാശനഷ്ടം. ഇതുവരെയായി 1001.6 മി.മീ മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുളളത്. ശക്തമായ മഴയില്‍ 26.25 ഏക്കര്‍ കൃഷി നാശമുണ്ടായി. 120 വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 115 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 4.10 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 19.8 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു.
പല സ്ഥലങ്ങളിലും കടല്‍ ഭിത്തികള്‍ നിര്‍മ്മിക്കാത്തതും നിര്‍മ്മാണ തകരാര്‍ കാരണം ഭിത്തികള്‍ തകര്‍ന്നതും കടലാക്രമണം രൂക്ഷമാക്കുന്നുവെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. തോടുകളിലും പുഴകളിലും വെള്ളം നിറഞ്ഞു തുടങ്ങിയതോടെ വെള്ളപൊക്ക ഭീഷണി ഉടലെടുത്തു. കോടിക്കണക്കിന് രൂപ ചിലവഴിച്ച് കാസര്‍കോടിന്റെ കടല്‍ തീരങ്ങളില്‍ സ്ഥാപിച്ച ഭിത്തികള്‍ അശാസ്ത്രീയമായ നിര്‍മ്മാണം കാരണം തകര്‍ന്ന് കഴിഞ്ഞു. ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ഇതു കണക്കിലെടുത്ത് ജില്ലയില്‍ പ്രൊഫണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെയും അവധി പ്രഖ്യാപിച്ചു. കാലവര്‍ഷത്തെ തുടര്‍ന്നുള്ള തുടര്‍ച്ചയായ രണ്ടാം ദിവസത്തെ അവധിയായിരുന്നു അത്.
കോയിപ്പാടി കടപ്പുറത്തെ പരേതനായ ഇസഹാഖിന്റെ കുടുംബം താമസിച്ചിരുന്ന ഓട് മേഞ്ഞ വീട് ഇന്നു പുലര്‍ച്ചെ ശക്തമായ കാറ്റില്‍ തകര്‍ന്നു. വീട്ടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ സക്കീന(48), മക്കളായ ഫാത്തിമ(27), റയാന(22) പേരക്കുട്ടികളായ ഷാഹിന്‍ (7), മുഹമ്മദ് ആദില്‍(9) എന്നിവര്‍ക്കു പരിക്കേറ്റു. ഇവര്‍ കുമ്പള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.
കോയിപ്പാടിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ ഉണ്ടായ ശക്തമായ കടലാക്രമണത്തില്‍ ഒരു കിലോമീറ്ററോളം കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്. പുതുതായി നിര്‍മ്മിച്ച ഭിത്തിയാണിത്. ഇതോടെ മഹമൂദ്, സൗദ, തുടങ്ങി നാലുപേരുടെ വീടുകള്‍ കടലാക്രമണ ഭീഷണിയിലായി.
കുമ്പള പഞ്ചായത്തിന്റെ കീഴില്‍ പേരാലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ജൂനിയര്‍ ബേസിക് സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നത്. മൂന്നാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ഓട് പാകിയ കെട്ടിടത്തിന്റെ മേല്ക്കുരയുടെ നടുഭാഗമാണ് തകര്‍ന്ന് വീണത്. റമദാന് ആയതിനാല്‍ സ്കൂളിന് ഒരു മാസം അവധിയാണ്. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ഇവിടെ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ല. സ്കൂളിന്റെ കമ്മ്യൂണിറ്റി ഹാളിലായിരുന്നു കുട്ടികള്‍ക്ക് ക്ലാസ് നല്‍കിയിരുന്നത്. അതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തിയത്. നോമ്പ് കാലമായതിനാല്‍ മൂന്നാഴ്ചയായി സ്കൂള്‍ അടച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെയാണ് സ്കൂള്‍ കെട്ടിടം തകര്‍ന്നതെന്ന് കരുതുന്നു.
കനത്ത മഴയില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം കുണ്ടിലില് മണ്ണിടിഞ്ഞ് വീട് വീടിന് കേടുപാട് സംഭവിച്ചു. കുണ്ടിലിലെ ബഷീറിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് വീടിന് സമീപത്തുള്ള മണ്ണ് ഇടിഞ്ഞുവീണത്. അതേ സമയം വീട്ടുപറമ്പിലെ കിണര്‍ താഴ്ന്നുപോയി.
കനത്ത മഴയില്‍ ജില്ലയിലെ ദേശീയപാതകള്‍ പലയിടത്തും ചെളിക്കുളമായി. വെള്ളം കയറി റോഡ് കാണാനാവാത്ത അവസ്ഥയാണുള്ളത്. ഡ്രൈവര്‍മാര്‍ക്ക് ഒന്നു പിഴച്ചാല്‍ അപകടം ഉറപ്പാണ്. ഉപ്പള ഹിദായത്ത് നഗര്‍ ദേശീയ പാതയില്‍ വെള്ളം കയറി റോഡ് പൂര്‍ണമായും മുങ്ങിയിട്ടുണ്ട്.
ഓവുചാലുകള്‍ മാലിന്യങ്ങളും മറ്റും നിറഞ്ഞ് അടഞ്ഞതോടെ റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഓവുചാലുകള്‍ മഴയ്ക്കും മുമ്പു തന്നെ വൃത്തിയാക്കാത്തതാണ് മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ കാരണമായത്. വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം പലയിടത്തും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. കാലവര്‍ഷം കനത്തതോടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു വീണും മരം കടപുഴകിയും കെട്ടിടം തകര്‍ന്നുവീണും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ പുഴകളിലും വെള്ളം കയറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ എവിടെ നിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ദുരന്തം ഉണ്ടായാല്‍ നേരിടുന്നതിനു അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാഞ്ഞങ്ങാട്: കനത്ത മഴയില്‍ വീട് തകര്‍ന്നു. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം എച്ച്.ജി.പുരന്ദരയുടെ വീടാണ ഇന്നലെ രാവിലെ മഴയില്‍ തകര്‍ന്നത്. പുരന്ദരയും മകനും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. അര്‍ക്കും പരിക്കില്ല. എഴുപത് വര്‍ഷം പഴക്കമുള്ള ഓടുമേഞ്ഞ വീടാണ്. വീടിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഗ്രാമസഭയില്‍ വീട് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് പറയുന്നു. റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
രാജപുരം: കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. അട്ടേങ്ങാനം പാടിയേരെയിലെ എം.ഗംഗാധരന് നായരുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് അപകടം. വീടിന്റെ തട്ടിന് പുറത്ത് പലക പാകിയതിനാല്‍ കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം, ബേളൂര്‍ വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: