മെയ്‌വഴക്കത്തിന്റെ മാസ്മരികതയും സ്വയരക്ഷയുടെ പരിപൂര്‍ണ്ണതയും കോര്‍ത്തിണക്കിയ ആയോധനകലാരൂപമാണ് കളരിപ്പയറ്റ്. മലയാള നാട്ടിലെ കളരികളില്‍ വിളക്കുവച്ച് ചരിത്രത്തിന്റെ ഏടുകളിലേക്ക് തൊഴുതുയര്‍ന്ന വീരകേസരികള്‍ നിരവധി.
അവരുടെ ചരിതങ്ങള്‍ വാഴ്‌ത്തിപ്പാടിയ ശീലുകള്‍ ഒഴുകിയതായിരുന്നു വടക്കന്‍ ദേശത്തിന്റെ പഴമയിലെ നടവഴികള്‍ പോലും. നാട്ടിലെ തീര്‍പ്പിനും ദേശത്തിന്റെ കോയ്മയ്‌ക്കും കൊടിക്കൂറ ഉയര്‍ത്തിയവരുടെ ചരിത്രം മാത്രമല്ല കളരികള്‍ക്കും അങ്കത്തട്ടുകള്‍ക്കും പറയാനുണ്ടായിരുന്നത്. ഇന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മലയാള ദേശത്തിന്റെ ആയോധനകല വാളും പരിചയുമേന്തിയാണ് നില്‍ക്കുന്നത്.
പൈതൃകത്തിന്റെ പുണ്യവും പാരമ്പര്യത്തിന്റെ ശ്രേഷ്ഠതയുമായി. പുരാണകാലത്ത് കളരിപ്പയറ്റില്‍ യുദ്ധമുറകള്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. കാലാന്തരത്തില്‍ അങ്കപ്പുറപ്പാടുകളും പേരുകേട്ട മാമാങ്കവുമെല്ലാം സംസ്‌കൃതിയുടെ ഭാഗമായി ചുരുങ്ങി. സി.വി നാരായണന്‍ ഗുരുക്കളാണ് കളരിപ്പയറ്റിന് പുതിയ മുഖം നല്‍കി ഒരു കലാരൂപമായും അഭ്യാസങ്ങള്‍ നടത്താനാവുമെന്ന് തെളിയിച്ചത്. കോട്ടയ്‌ക്കല്‍ കണാരന്‍ ഗുരുക്കളുടെ ശിഷ്യനായിരുന്നു അദ്ദേഹം. നാരായണന്‍ ഗുരുക്കളുടെ കാലശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി ശിഷ്യരെല്ലാം ചേര്‍ന്ന് സിവിഎന്‍ കേരള കളരിസംഘം രൂപീകരിച്ചു.
തുടര്‍ന്നാണ് സിവിഎന്‍ കളരികള്‍ കേരളത്തില്‍ പ്രചാരത്തിലായത്. കളരിപ്പയറ്റ് മലയാള ദേശത്തിന്റെ തെക്കും വടക്കും ഒരു ജീവിതചര്യയായി മാറിയ കാലഘട്ടമായിരുന്നു ഇത്. എന്നാല്‍ മധ്യതിരുവിതാംകൂറില്‍ ഈ ആയോധനകലയ്‌ക്ക് വേണ്ടത്ര വേരോട്ടം ലഭിച്ചിരുന്നില്ല. 1950 കളോടടുത്തകാലത്ത് ഈ ആയോധനകലയില്‍ താല്‍പര്യമുള്ള യുവാക്കള്‍ ഇന്നത്തെ കോട്ടയം ജില്ലയില്‍ നിന്നും സിവിഎന്‍ കളരിസംഘത്തെ സമീപിച്ചു.
അവര്‍ ചമ്പക്കരയ്‌ക്കടുത്ത് ചിറയ്‌ക്കല്‍ എന്ന സ്ഥലത്ത് ഒരു കളരി സ്ഥാപിച്ചു. സമീപ ദേശങ്ങളില്‍ പോലും അന്ന് കളരികള്‍ സ്ഥാപിക്കപ്പെട്ടിരുന്നില്ല. അപ്പു നമ്പ്യാരും കേളുനായരുമായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. ഒരു വര്‍ഷത്തിന് ശേഷം സി.വി നാരായണന്‍ ഗുരുക്കളുടെ മകന്‍ തന്നെ ഇവിടെ ഗുരുക്കളായെത്തി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ പഠനം പൂര്‍ത്തിയാക്കിക്കൊണ്ടുള്ള ചുവടുമാറ്റം നടന്നു. അതിനുശേഷം മുഖ്യശിഷ്യനായിരുന്ന ഗോപിനാഥക്കുറുപ്പിനോട് ചമ്പക്കരയില്‍ കളരി തുടങ്ങാന്‍ ഗുരുക്കള്‍ ആവശ്യപ്പെട്ടു.
അതനുസരിച്ച് 1956 ല്‍ കോട്ടയം ജില്ലയിലെ ചമ്പക്കരയില്‍ സിവിഎന്‍ കളരി സ്ഥപിതമായി. കളരിപ്പയറ്റിനൊപ്പം കളരിചികിത്സയും ഗോപിനാഥക്കുറുപ്പ് ഗുരുക്കള്‍ക്ക് പകര്‍ന്നു കിട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരംഗം കളരിചികിത്സാകേന്ദ്രമായി ഇത് വളര്‍ന്നു. കളരിയും കളരിചികിത്സയും സമന്വയിപ്പിച്ച് മുന്നേറാന്‍ ശ്രീരംഗത്തിന് സാധിച്ചു. ജൂലൈ ഒന്നിന് അറുപതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ഒരു മഹാപ്രസ്ഥാനമായാണ്ചികിത്സാകേന്ദ്രം വളര്‍ന്നത്. ഗോപിനാഥക്കുറുപ്പ് ഗുരുക്കളുടെ മകനായ ശ്രീധരക്കുറുപ്പാണ് ഇന്ന് കളരി ഗുരുക്കള്‍. അദ്ദേഹം തന്നെയാണ് ചികിത്സാകേന്ദ്രം മേധാവിയും.
കളരിപ്പയറ്റിന്റെ പ്രാരംഭകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും ലഭ്യമല്ലെന്ന് ശ്രീധരക്കുറുപ്പ് ഗുരുക്കള്‍ പറയുന്നു. എന്നാല്‍ ധനുര്‍വേദം, ശുക്രനീതി തുടങ്ങിയവയില്‍ ആയോധനരീതികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതിന് കളരിപ്പയറ്റുമായി സാമ്യമുണ്ട്. പതിനൊന്നാം നൂറ്റാണ്ടുമുതലാണ് മലയാളക്കരയില്‍ കളരികള്‍ വ്യാപകമായതെന്ന് അദ്ദേഹം പറഞ്ഞു.
പ്രാചീനകാലം മുതല്‍ ഗുരുകുല വിദ്യാഭ്യാസത്തിനൊപ്പം ആയോധനമുറകള്‍ക്കും പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നു. ആയുധപരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പഠിതാക്കള്‍ ശാരീരികമായും മാനസികമായും സ്വയംപര്യാപ്തതയാണ് കൈവരിക്കുന്നത്. പ്രതിബന്ധങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഇച്ഛാശക്തിയും ഈ പരിശീലനകേന്ദ്രത്തിലൂടെ കൈവരുന്നു. രണ്ടുതരം സമ്പ്രദായങ്ങളാണ് കളരിപ്പയറ്റില്‍ പിന്തുടര്‍ന്നിരുന്നത്.
തെക്കന്‍ രീതിയും വടക്കന്‍ രീതിയും. എന്നാല്‍ ഇതില്‍ നിന്നും ഉരുത്തിരിഞ്ഞ മൂന്നാമതൊരു രീതിയും ഇവിടെ പിന്തുടര്‍ന്നിരുന്നതായി ശ്രീധരക്കുറുപ്പ് ഗുരുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മധ്യകേരള സമ്പ്രദായമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ ശൈലികള്‍ തമ്മിലും വകഭേദങ്ങളുണ്ട്. നിരവധി കളരിഗുരുക്കന്മാരും കളരി സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കളരികള്‍ക്കും കളരിപ്പയറ്റിനും വ്യാപകപ്രചാരം ലഭിച്ചത് തെക്കിന്‍ കേരളത്തേക്കാള്‍ വടക്കന്‍ കേരളത്തിലായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ചരിത്രമുറങ്ങുന്ന കളരികള്‍ക്കും അവിടെ പയറ്റിത്തെളിഞ്ഞവര്‍ക്കും പിന്നെ അങ്കത്തട്ടുകള്‍ക്കും പേരുകേട്ട നാടായിരുന്ന മലബാര്‍.
അടവുകളുടെ വ്യത്യസ്തതകൊണ്ടും ചിന്താതീതമായ ആയുധപ്രയോഗങ്ങള്‍ കൊണ്ടും പേരുകേട്ടതായിരുന്നു വടക്കന്‍ ശൈലി. ഇതിനെ സാധൂകരിക്കുന്നതാണ് വടക്കന്‍ പാട്ടുകളും അങ്കത്തട്ടുകളിലെ കഥകളുമെന്ന് ഗുരുക്കള്‍ സൂചിപ്പിച്ചു.
കേരളത്തില്‍ കളരികള്‍ പ്രധാനമായും മൂന്നുരീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. ഇതില്‍ പ്രധാനവും പ്രചാരമേറിയതും നാല്‍പ്പത്തീരടി കുഴിക്കളരികള്‍ ആയിരുന്നു. ഇതിനുപുറമേ തറക്കളരിയും അങ്കക്കളരിയും ഇവിടെ നിലനിന്നിരുന്നു. കളരിപ്പയറ്റിനൊപ്പം ഇവിടെ വളര്‍ന്നുവന്ന ഒരു ചികിത്സാ സമ്പ്രദായമാണ് കളരിചികിത്സയെന്ന് ശ്രീധരക്കുറുപ്പ് ഗുരുക്കള്‍ പറഞ്ഞു. ആയോധന പരിശീലനത്തില്‍ പഠിതാക്കള്‍ക്ക് മികച്ച മെയ്‌വഴക്കം ഉണ്ടാകേണ്ടതുമാണ്. ഇതിനായി ഉഴിച്ചില്‍ നടത്തുന്നു.
കുട്ടികളെ കൈകൊണ്ടും മുതിര്‍ന്നവരെ കാലുകൊണ്ടുമാണ് ഉഴിയുക. ഉഴിച്ചില്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സാസമ്പ്രദായമാണ് കളരിചികിത്സ എന്നറിയപ്പെടുന്നത്. മെയ്‌പ്പയറ്റ് മുതല്‍ ആയുധപരിശീലനംവരെയുള്ള കാലഘട്ടത്തില്‍ സ്വായത്തമാക്കുന്ന കഴിവുകള്‍ നിരവധിയാണ്. ഇതോടൊപ്പം പരിശീലന കാലയളവില്‍ ഉണ്ടാകാവുന്ന ക്ഷതങ്ങള്‍, ആഘാതങ്ങള്‍, ഒടിവ്, ചതവ്, ഇടര്‍ച്ച, സ്ഥാനഭ്രംശങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് കളരിചികിത്സ ആവശ്യമായി വരുന്നത്.
തലമുറകളായി കൈമാറി വന്ന ചികിത്സാരീതികളാണിത്. ഗുരുക്കളാണ് ചികിത്സ നിശ്ചയിക്കുന്നത്. നിരവധി ഗുരുക്കന്മാര്‍ നൂറ്റാണ്ടുകളിലൂടെ നടത്തിയ ഗവേഷണ തപസ്യയാണ് കളരിചികിത്സയിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഈ ചികിത്സാരീതി നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്ക് അവസാനവാക്കായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ഈ നാട് ഭരിച്ചിരുന്ന രാജാക്കന്മാരും നാടുവാഴികളും ചില പുരാതന തറവാടുകളും ഈ ആയോധനകലയെ വേണ്ടവിധം പ്രോത്സാഹിപ്പിച്ചിരുന്നു. കഥകളി, കോല്‍കളി, തെയ്യം, പൂരക്കളി, വേലകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് കളരി ചികിത്സയിലൂടെ മികവ് കൈവരുത്തുകയും ചെയ്തു. മെയ്‌വഴക്കം ഈ കലാരൂപങ്ങളില്‍ ഏറെ പ്രകടമാണ്. പണ്ടുകാലത്ത് ഈ ചികിത്സാരീതി കളരികളില്‍ മാത്രമായി ഒതുങ്ങിയിരുന്നു.
ഇന്ന് സ്ഥിതി മാറി. ഈ ചികിത്സാരീതിയെ സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങി. സാധാരണയായി സംഭവിക്കുന്ന ഉളുക്ക്, ചതവ്, ഒടിവ്, സ്ഥാനഭ്രംശങ്ങള്‍ എന്നിവയ്‌ക്ക് ഈ ചികിത്സാരീതി ഏറ്റവും ഉത്തമമാണെന്ന് ഗുരുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. നാഡീസംബന്ധമായും അസ്ഥി സംബന്ധമായും ഉണ്ടാകുന്ന പ്രശ്‌നങ്ങളും പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയും. ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ട പല പ്രശ്‌നങ്ങളും അതില്ലാതെ സുഖപ്പെടുത്താനാവുന്നത് കളരിചികത്സയുടെ മാത്രം പ്രത്യേകതയാണ്. ഈ രീതിക്ക് യാതൊരു പാര്‍ശ്വഫലവും ഉണ്ടാകില്ലെന്നതും മേന്മയാണ്. സ്‌പോര്‍ട്‌സ് ഇഞ്ച്വറികളുടെ അവസാന വാക്കായും ഇന്ന് കളരി ചികിത്സ മാറിക്കൊണ്ടിരിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്തുനിന്നുമാണ് ഉഴിച്ചില്‍, പിഴിച്ചില്‍, കിഴി തുടങ്ങിയ ചികിത്സാരീതികളിലൂടെ രോഗികളെ അവരുടെ പഴയ ഊര്‍ജ്ജസ്വലമായ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നത്.
ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയിലൂടെ രോഗികള്‍ നവചൈതന്യമാര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിന് പുറമേ ദേശീയതലത്തിലും വിദേശത്തും കളരിചികിത്സാരീതിയുടെ പ്രാധാന്യവും അതിന്റെ ഫലവും ചെന്നെത്തിക്കഴിഞ്ഞു. പ്രമുഖരായ വിദേശീയരും ദേശീയ നേതാക്കളും ചികിത്സ തേടി ശ്രീരംഗത്ത് എത്തുന്നത് അതാണ് സൂചിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരംഗം കളരിചികിത്സാക്ഷേത്രത്തെപ്പറ്റി മനസ്സിലാക്കിയ ഒരു റഷ്യന്‍ വനിത ഇവിടെയെത്തിയിരുന്നു. അവര്‍ക്ക് നടക്കാനാവുമായിരുന്നില്ല.
പ്രാചീന ഔഷധക്കൂട്ടുകളുടെ മുന്‍പില്‍ ആ വനിത പൂര്‍ണ്ണമായും ആരോഗ്യവതിയായി. നടന്നിറങ്ങിയാണ് തിരിച്ചുപോയതെന്ന് ഗുരുക്കള്‍ ഓര്‍ക്കുന്നു. ഗാന്ധിജിയുടെ ശിഷ്യയും വാര്‍ധാ മെഡിക്കല്‍ കോളേജിന്റെ ഡയറക്ടറുമായിരുന്ന സുശീല നയ്യാറും ശ്രീരംഗത്ത് ചികിത്സതേടി എത്തിയിട്ടുണ്ട്.
ഇന്ന് കളരി ചികിത്സയില്‍ വിശ്വാസ്യതയുടെ മുദ്രയായി മാറിയിരിക്കുന്നു ശ്രീരംഗം. കോട്ടയം ജില്ലയിലെ ചമ്പക്കര എന്ന ഈ ചെറു ഗ്രാമം കടല്‍ കടന്നും പ്രസിദ്ധമായത് ഇവിടെയുള്ള കളരിയും കളരിചികിത്സാകേന്ദ്രവും കാരണമാണ്. സാധാരണക്കാരുടെ നന്മയ്‌ക്കായി തുറന്നു കിടക്കുന്ന വാതിലുകളാണ് ശ്രീരംഗത്തിനുള്ളത്.
ഇവിടെ ഇന്നും കളരി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ വനിതകള്‍ക്കൊപ്പം പതിനാലോളം പഠിതാക്കള്‍ ഗുരുക്കളില്‍ നിന്നും ആയോധനകല സ്വായത്തമാക്കുന്നു. എല്ലാ വര്‍ഷവും ജൂണിലാണ് കളരിയില്‍ പഠനം ആരംഭിക്കുന്നതെന്നും ഗുരുക്കള്‍ പറഞ്ഞു. നിഷ്ഠതെറ്റാതെയുള്ള ദിനചര്യയും കര്‍ശനമായ ശാരീരിക നിയന്ത്രണവും പഠനകാലത്ത് അത്യാവശ്യമാണ്. അതിനാല്‍ ഗുരുമുഖത്തുനിന്നും നേരിട്ടഭ്യസിച്ചാല്‍ മാത്രമേ പഠനം ഫലപ്രാപ്തിയിലെത്തുകയുള്ളു.
ഇന്ന് 36 പേരെ കിടത്തി ചികിത്സ നല്‍കാനുള്ള സംവിധാനം ശ്രീരംഗം സിവിഎന്‍ കളരി ചികിത്സാ കേന്ദ്രത്തിനുണ്ട്.
മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ശ്രീധരക്കുറുപ്പ് ഗുരുക്കളുടെ മേല്‍നോട്ടത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഗുരുക്കള്‍ക്കു പുറമേ ആയുര്‍വേദ ഡോക്ടറിന്റെ സേവനവും ഇവിടെ ലഭ്യമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സ സൗജന്യനിരക്കില്‍ നല്‍കുമെന്നത് ഈ സ്ഥാപനത്തെ വേറിട്ടു നിര്‍ത്തുന്നു. ചികിത്സാരംഗത്ത് കുടുംബാംഗങ്ങളും ജീവനക്കാരും നല്‍കുന്ന പിന്തുണയും ശ്രീധരക്കുറുപ്പ് ഗുരുക്കള്‍ക്ക് പ്രചോദനമാണ്.
ആയുര്‍വേദ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരാണ് ശ്രീധരക്കുറുപ്പ് ഗുരുക്കള്‍. രോഗം പിടിപെട്ടാലാണ് ചികിത്സിക്കേണ്ടത്. അനാവശ്യചികിത്സ പാടില്ല. ഭാവിയില്‍ പഞ്ചകര്‍മ്മ ചികിത്സയും ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീരംഗം സിവിഎന്‍ കളരി ചികിത്സാ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: