കാഞ്ഞങ്ങാട്: ഡോക്ടര്‍മാരുടെ കുറവ് മൂലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ ദുരിതമനുഭവിക്കുകയാണെന്നും എത്രയും പെട്ടെന്ന് ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് അധികാരികളോടാവശ്യപ്പെട്ടു. ഡോക്ടറില്ലാതെയും, ഡോക്ടര്‍മാരുടെ പെട്ടെന്നുള്ള അവധിയും മൂലം രോഗികള്‍ ചികിത്സ ലഭിക്കാതെ തിരിച്ചു പോകേണ്ടി വരുന്നു. ഡോക്ടര്‍മാര്‍ അവധിയിലുള്ളത് ജീവനക്കാര്‍ അറിയാത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സമയത്ത് പനി ബാധിതരുള്‍പ്പെടെ നിരവധി രോഗികളാണ് നിത്യവും ജില്ലാ ആശുപത്രിയിലെത്തുന്നത്.
ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തുമ്പോഴാണ് ആരോഗ്യവകുപ്പ് ജനങ്ങളോട് നീതികേട് കാണിക്കുന്നത്. 39 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഉളളത് 24 പേര് മാത്രം. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് എല്‍ഡിഎഫ് അധികാരത്തിലേറി മാസം കഴിഞ്ഞെങ്കിലും ഇതൊന്നുമറിയാതെ ആരോഗ്യമന്ത്രി വിടുവായത്തം പറഞ്ഞ് നടക്കുകയാണ്.
ഡോക്ടര്‍മാരില്ലെന്ന പരാതിയുണ്ടായിട്ട് ദിവസങ്ങളായി. ഇതുവരെ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പിനായിട്ടില്ല. മലയോരത്ത് നിന്നും നിരവധി ഡെങ്കിപ്പനി ബാധിതരാണ് വിദഗ്ധ ചികിത്സക്ക് ജില്ലാ ആശുപത്രിയിലെത്തുന്നത്. എന്നാല്‍ ഇവരെ പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്കാന് നിലവിലുള്ള ഡോക്ടര്‍മാര്‍ തികയാതെ വരുന്നു. പലരും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയാണ്. എത്രയും പെട്ടെന്ന് ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി ബിജെപി രംഗത്തിറങ്ങുമെന്ന് എ.വേലായുധന് മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: