കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ആലാമിപ്പള്ളി വരെ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിനായി ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞത് സ്വകാര്യ ബസ്സുകള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ്സ് ഓണേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
ഒരു വശത്തേക്ക് മാത്രം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയ ആലാമിപ്പള്ളി കൂളിയങ്കാല്‍ റോഡ് തകര്‍ന്ന് തരിപ്പണമായതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുകയാണ്. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയ മാവുങ്കാല്‍ വഴി ഓരോ ട്രിപ്പിലും ഏഴ് കിലോമീറ്ററോളം അധികം സഞ്ചരിക്കുന്നതുവഴി 15 ലിറ്ററോളം ഡീസല്‍ പ്രതിദിനം അധിക ചെലവ് വരുന്നതും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ ട്രിപ്പ് മുടങ്ങുന്നതും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സ്വകാര്യ ബസ്സുകള്‍ നേരിടുന്നത്. ഏത് നിര്‍മ്മാണ പ്രവൃത്തി നടത്തുമ്പോഴും സുഗമമായ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് മാനിക്കാതെ പ്രദേശത്തെ യാത്രക്കാരുടേയോ, വാഹന ഉടമകളുടേയോ സൗകര്യം കണക്കിലെടുക്കാതെ അപ്രായോഗികമായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കാരം മൊത്തത്തില്‍ ഈ മേഖലയില്‍ പ്രശ്നം ഗുരുതരമാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനത്തില്‍ സര്‍വ്വീസ് തുടര്‍ന്ന് കൊണ്ട് പോകുകയെന്നത് അസാധ്യമാണ്. വരുമാനം ലഭിക്കില്ലായെന്ന് മാത്രമല്ല വലിയൊരു തുക അധിക ചെലവിലേക്കായി കാണേണ്ട ദുരവസ്ഥയിലാണ് ബസ്സ് ഓപ്പറേറ്റര്‍മാര്‍. അടിയന്തിരമായി പ്രശ്നം പരിഹരിക്കാത്ത പക്ഷം സ്വകാര്യബസ്സുകള്‍ നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് അസോസിയേഷന് പത്രക്കുറുപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: