യോഗ ഒരു യോഗമായി മാറിയിരിക്കുകയാണ്. ഭാരതത്തിന്റെ ആത്മാവ് അറിയണമെങ്കില്‍ ഒന്ന് യോഗ ചെയ്ത് അനുഭവിച്ചുനോക്കൂ എന്നൊരു മഹാന് പറഞ്ഞിട്ടുണ്ട്. അതിന് ഇപ്പോള്‍ ആഗോളശ്രദ്ധ കിട്ടിയത് നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തിലേറിയതിനുശേഷമാണ്. എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ ഈ രാജ്യത്തെ അറിയുന്നവര്‍ ഭരണത്തിലെത്തിയതുകൊണ്ട് എന്ന് മറുപടി.
ആഗോളവ്യാപകമായി ഭാരതത്തിന്റെ സംസ്കാരത്തിനും സാമൂഹിക നേട്ടത്തിനും അംഗീകാരം ലഭിക്കുമ്പോള്‍ ഓരോ ഭാരതീയനും അതില്‍ അഭിമാനം കൊള്ളേണ്ടതാണ്. എന്നാല്‍ എന്തിലും നീച വൈറസുകളെ കാണുന്ന ചിലരുണ്ട്. അവര്‍ക്ക് അതൊന്നും പെട്ടെന്ന് അംഗീകരിക്കാനാവില്ല. അഥവാ അംഗീകരിച്ചാല്‍ തന്നെ അത് വികൃതമായ തരത്തില്‍ ആയിരിക്കുകയും ചെയ്യും.
കഴിഞ്ഞ തവണ യോഗയെക്കുറിച്ച് ചര്‍ച്ച വന്ന ഉടനെ നമ്മുടെ യച്ചൂരി മഹാശയന് അതിനെ നായയുടെ ചലനമായാണ് വിശേഷിപ്പിച്ചത്.
സംഗതിവശാല്‍ അതേ യോഗ പാര്‍ട്ടി പരിപാടിയായി അവതരിപ്പിച്ചപ്പോള്‍ മേപ്പടിയാന് അത് ഉദ്ഘാടനം ചെയ്യേണ്ടിവന്നു. ഇപ്പോള്‍ മറ്റുചില ആരോപണങ്ങളും വികലവീക്ഷണങ്ങളുമാണ് രംഗത്തുള്ളത്. ഒരു മന്ത്രി കോഴിക്കോട്ട് നടന്ന പരിപാടിയില്‍ പറഞ്ഞത് യോഗ ഒരനുഷ്ഠാന കലയാണെന്നാണ്. കലയെ ഒരനുഷ്ഠാനമാക്കാമെന്നാണോ അനുഷ്ഠാനത്തെ കലയാക്കാമെന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്നറിയില്ല. എന്തായാലും നായയുടെ ശരീരചലനമല്ല അതൊരു കലയാണെന്ന അപകടമില്ലാത്ത വ്യാഖ്യാനത്തിലേക്ക് അദ്ദേഹമെത്തിയതിനെ തല്ക്കാലം അഭിനന്ദിക്കുക. എന്നാല്‍ നമ്മുടെ ആരോഗ്യവകുപ്പു മന്ത്രിക്ക് മറ്റു ചിലതാണ് മനസ്സില്‍ വന്നത്.
സൂക്തം ചൊല്ലി അതൊരു മതചടങ്ങാക്കരുത് എന്നനിലപാടിലാണ് അവര്‍. ആയോധനകലയുടെ വകുപ്പില്‍ പെടുത്തുന്ന ചിലരും അക്കൂട്ടത്തിലുണ്ടെന്നത് വേറെ കാര്യം. പിന്നെ ഒരു സമാധാനമുള്ളത്, പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ പോരേ എന്ന മഹത്തായ വചനം ഉള്ളതിലാണ്. ആയതിനാല്‍ സൂക്തം ചൊല്ലിയാലും ഇല്ലെങ്കിലും യോഗ ചെയ്തോളൂ കൂട്ടരേ. ഇപ്പോഴത്തെ അക്രമങ്ങളും കൊലപാതകങ്ങളും അസ്വസ്ഥതകളും ഒക്കെ ഗണ്യമായി കുറയും. അങ്ങനെ വരുമ്പോള്‍ വക്കീലന്മാര്, അവരുമായി ബന്ധപ്പെട്ടവര്‍, ആശുപത്രി, മരുന്ന് ലോബികള്‍, പോലീസ് എന്നിവര്‍ക്കൊക്കെ പണി കുറയും; വരുമാനം കുറയും.
അവരില്‍ നിന്നു പങ്കുപറ്റുന്നവര്‍ക്ക് ഒരു പക്ഷേ, അത് വലിയൊരു പ്രശ്നമാവും. അതാവാം ചിലരെയൊക്കെ യോഗയുള്പ്പെടെയുള്ളവക്കെതിരെ പോരുകോഴികളാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ യോഗമെന്ന് പ്രമാണം ഉദ്ധരിച്ചുകൊണ്ട് മ്മടെ കണാരേട്ടന്.
*******
അറയ്ക്കപ്പറമ്പിലെ അന്തോണിച്ചന്റെ ആഹ്വാനം ഇത്ര പൊടുന്നനെ ഫലപ്രാപ്തിയിലെത്തുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ധീരസുധീരന്റെ നാട്ടുകാര്‍ക്കൊന്നും ആ ആഹ്വാനം ചെവിക്കൊള്ളാന്‍ തോന്നിയില്ല. അതിനും വേണ്ടിവന്നു കണ്ണൂരുകാര് എന്നാണ് ജയരാജത്രയങ്ങളിലെ ഒരു ടിയാന് മൊഴിഞ്ഞത്.
കുട്ടിമാക്കൂലില്‍ സഖാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായിരിക്കുന്നു. ഒരു രാജനും അദ്ദേഹത്തിന്റെ മക്കളും നടത്തുന്ന അതിക്രമം അത്രകണ്ട് വര്‍ദ്ധിച്ചിരിക്കുകയാണത്രെ. ഒരു ഡിഫി നേതാവാണ് ആ പെണ്‍കുട്ടികളിലെ ക്വട്ടേഷന്‍ അംശം കണ്ടുപിടിച്ചത്. ആയമ്മ തട്ടുംതടവും കൂടാതെ അത് ചാനല്‍ വഴി വിളിച്ചു പറയുകയും ചെയ്തു. ഇതുതന്നെയാണ് നല്ല അവസരമെന്നാണ് കുട്ടിമാക്കൂലിലെ രാജന്റെ മക്കള്‍ കരുതിയത്.
പാര്‍ട്ടി ഓഫീസില്‍ ചെല്ലുന്നു. എല്ലാവരെയും അടിച്ചു പരുവപ്പെടുത്തുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി വെല്ലുവിളിക്കുന്നു. കൂടെ ഒന്നര വയസ്സുള്ള കുട്ടിയെ ഒക്കെത്തെടുത്തിരുന്നു. അടുത്തഘട്ടം കോടതിയാണ്. അവിടന്ന് ജയിലിലേക്ക്. അങ്ങനെ ഇനി മുതല്‍ നമുക്കു ജയില്‍ നിറയ്ക്കണമെന്ന അന്തോണിച്ചന്റെ ആഹ്വാനം പൂര്‍ണമായി നടപ്പാക്കിയതില്‍ കുട്ടിമാക്കൂലിലെ രാജനും മക്കള്‍ക്കും ആശ്വസിക്കാം. ഒന്നരവയസ്സുള്ള ഒരു കുട്ടിയെ ജയിലില്‍ എത്തിക്കാനെങ്കിലും അന്തോണിച്ചന്റെ ആഹ്വാനം സഹായിച്ചു. പണ്ടത്തെ ഒരണസമരത്തിന്റെ കത്തുന്ന ആവേശം ഇപ്പോഴും ടിയാനില്‍ ഒളിഞ്ഞു കിടക്കുന്നത് ഒരത്ഭുതമല്ലേ?
*******
ദളിത് പീഡനം, ന്യൂനപക്ഷ പീഡനം തുടങ്ങിയ അസുഖങ്ങള്‍ക്കെതിരെ മതിയായ പ്രതിരോധശേഷി നേടിയ പാര്‍ട്ടിയാണ് യച്ചൂരിയുടേത്. അതുകൊണ്ട് തന്നെ അതും പറഞ്ഞ് ആരും ചികിത്സിക്കാന്‍ വരേണ്ടതില്ല. കുട്ടിമാക്കൂല്‍ എന്ന, വനിതാ ക്വട്ടേഷന്‍ സംഘം സജീവമായപ്രദേശം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ നിന്നു ജയിച്ചുവന്നയാള്‍ ഇതാ ചില നഗ്നസത്യങ്ങള്‍ വിളിച്ചുപറയുന്നു.
ആദ്യമായാണോ കുട്ടികള്‍ ജയിലില്‍ പോകുന്നത്? എത്രയെത്ര വനവാസി കുട്ടികളെ ജയിലിലടച്ചിരിക്കുന്നു. തന്റെ ഭരണകാലത്ത് ഇത്ര കാവ്യാത്മകമായ തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവുന്നതിനെ ചുരുങ്ങിയപക്ഷം ഒന്നഭിനന്ദിക്കാനെങ്കിലും തയ്യാറാവണം സഹൃദയരേ. ഏതായാലും വേലിക്കകത്തുനിന്ന് ഒരാള്‍ എല്ലാം കാണുന്നുണ്ട്. സമയം, സന്ദര്‍ഭം എന്നിവ നോക്കി എപ്പോള്‍ വേണമെങ്കിലും വേലിപൊളിച്ചോ, വേലി നൂണ്ടുകടന്നോ നടുപ്പാതയിലെത്തിയേക്കാം.
ആയതിനാല്‍ ജാഗ്രതൈ. ജഗ്മതി സാങ്വാന്റെ വഴി കാണിച്ചുകൊടുക്കാന്‍ അറിയുന്നവര്‍ ഒരുപാടുള്ളതിനാല്‍ അതൊരു പ്രശ്നമാവാന്‍ ഇടയില്ല.
ഫേസ്ബുക്കിങ്
മാധ്യമസുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ ഫേസ് ബുക്ക് എന്നു കേള്‍ക്കുമ്പോഴേക്ക് കലിപിടിക്കും. കാരണം നിയമാധിഷ്ഠിത പത്ര പ്രവര്ത്തനാഭ്യാസം ശരിയായി പയറ്റി വന്നവരെ വെല്ലുന്ന വിധത്തിലാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ചുള്ളന് മാധ്യമങ്ങളില്‍ (നവമാധ്യമങ്ങള്‍ എന്ന് ചുരുക്കം) കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
അടുത്തിടെ കോളിളക്കമുണ്ടാക്കിയ കൊലപാതകം പോലും ഈ നവമാധ്യമക്കാരാണ് പുറം ലോകത്തെത്തിച്ചത്. ആയതിനാല്‍ അത്തരമൊരു മാധ്യമത്തില്‍ (ഫേസ്ബുക്ക്) വന്ന ഒരു കമന്റ് സമകാലിക പ്രസക്തിയോടെ ഇതാ പോസ്റ്റുന്നു, വായിക്കിന്‍: കേരളത്തെ വര്‍ഗീയതയില്‍ നിന്ന് മുക്തമാക്കുവാന്‍ സര്‍ക്കാര്‍ ഓഫീസിലെ കംപ്യൂട്ടറുകളിലെ ‘ഞഅങ’ നീക്കം ചെയ്യാന്‍ ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിന് മരണ ലൈക്കും മലയോളം കമന്റും വന്നിരിക്കുന്നു എന്ന് തെര്യപ്പെടുത്തുന്നു.
കാര്‍ട്ടൂണീയം
നാക്കുപ്പിഴവരുന്നത് നോക്കിക്കാണല്‍ ശരിയല്ലാത്തതിനാലാണ്. നോട്ടം ശരിയാവണമെങ്കില്‍ നാട്യം തീരെ പാടില്ല. അടുത്തിടെ ഭരണമേറിയ സംവിധാനത്തിലെ പലര്‍ക്കും നാക്കിപ്പിഴയാണ്. സാധാരണക്കാര്‍ക്ക് പിഴ പറ്റിയാല്‍ അത് തീര്‍ക്കാന്‍ പണിപലതുമുണ്ട്. എന്നാല്‍ ആശാന് തന്നെ അക്ഷരം പിഴച്ചാലോ? അത്തരമൊരു പിഴ ഗോപീകൃഷ്ണന് കാണുന്നതിങ്ങനെ. നമുക്കത് ജൂണ്‍ 23 ന്റെ മാതൃഭൂമിയില്‍ അനുഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: