കാഞ്ഞങ്ങാട്: സിപിഎമ്മിന് സ്വന്തം അണികളോടല്ല മറിച്ച് കേരളത്തിലെ മുസ്ലീം തീവ്രവാദ സംഘടനകളോടാണ് പ്രിയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സിപിഎം അക്രമഭീകര വാഴ്ചക്കെതിരെ ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിനെ മുസ്ലീം തീവ്രവാദികള്‍ കുത്തിക്കൊന്ന കേസില്‍ സിപിഎം അധികാരത്തിലേറിയ ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ വോട്ടുനേടി വിജയിച്ചതിന്റെ കൂറാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ആര്‍എസ്എസിനെയും ബിജെപിയെയും ശരിയാക്കാനാണ് സിപിഎം അധികാരത്തിലേറിയതെങ്കില്‍ സിപിഎമ്മിനെ ശരിയാക്കാന്‍ ജനാധിപത്യ രീതിയിലുള്ള പൊരാട്ടങ്ങളുമായി ബിജെപിക്കിറങ്ങേണ്ടി വരും. തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകരോട് ഇനി പ്രവര്‍ത്തിക്കില്ലെന്ന് ഒപ്പിട്ടു വാങ്ങുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നതെങ്കില്‍ ആദ്യം ഒപ്പിടേണ്ടി വരിക സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമായിരിക്കുമെന്നും രമേശ് ഓര്‍മ്മിപ്പിച്ചു.
സിപിഎമ്മിന്റ അഹങ്കാരത്തിന് തടയിടാന്‍ ജനങ്ങള്‍ തയ്യാറാകണം. പിണറായി എല്ലാവരുടെയും മുഖ്യമന്ത്രിയാണെങ്കില്‍ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കണം. ആര്‍എസ്എസിനും ബിജെപിക്കും നീതി നിഷേധിക്കപ്പെടുന്നു. ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ഭരണം ആരംഭിച്ചിരിക്കുന്നു. പോലീസ് നീതി ഉറപ്പുവരുത്തണം അതല്ല കാട്ടുനീതിയാണ് പോലീസ് സ്വീകരിക്കുന്നതെങ്കില്‍ കാട്ടാളന്മാരെ നേരിടാന്‍ ബിജെപി നിര്‍ബന്ധിതമാകും. സിപിഎമ്മിലെ ആഭ്യന്തര വൈരുദ്ധ്യം ആ പാര്‍ട്ടിയെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. തലശേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ചത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. ഇവര്‍ക്കെതിരെ സ്ത്രീ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുക്കാന്‍ പോലീസ് തയ്യാറുണ്ടോയെന്നും എം.ടി.രമേശ് ചോദിച്ചു. സിപിഎം ഭീകരവാഴ്ച്ചക്കെതിരെ രാജ്യവ്യാപകമായി പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് സംസാരിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, ജില്ലാ വൈസ് പ്രസിഡന്റ് കൊവ്വല്‍ ദാമോരന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന് എന്നിവര്‍ സംബന്ധിച്ചു. ബളാല്‍ കുഞ്ഞിക്കണ്ണന് സ്വാഗതവും പ്രേമരാജ് കാലിക്കടവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: