കേരളത്തെ കാര്‍ഷിക സംസ്കൃതിയുടെ ഉത്തുംഗതയിലേക്ക് കൈപിടിച്ചുയര്‍ത്തി, ജന്മികളുടെ പത്തായവും പണപ്പെട്ടിയും നിറയ്ക്കാന്‍ പട്ടിണിയും പരിവട്ടവുമായി ചോര നീരാക്കി പണിയെടുത്ത പുലയന്റെ കണ്ണുനീരും വിയര്‍പ്പും വീണ് കുതിരാത്ത ഒരു പാടശേഖരവും കേരളക്കരയിലുണ്ടാവില്ല. അധികാര തിമിരത്തിന്റെ അന്ധകാരം ബാധിച്ചവരുടെ കാല്ക്കീഴില് അടിമകളെപ്പോലെ ഒന്നുറക്കെ കരയാന്‍പോലുമാകാത്ത ദളിതന്റെ സങ്കടം മുഴുവനും കൊയ്ത്തുപാട്ടില്‍ പ്രതിധ്വനിക്കപ്പെട്ട എത്രയോ പകലുകള്‍…
സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അധകൃത സമൂഹത്തിന് മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള കരുത്തുമായി മുപ്പതാമത്തെ വയസ്സില്‍ പടവാളോങ്ങി പോരിനിറങ്ങിയ ആ യുവത്വത്തെ സ്വസമുദായക്കാര്‍ പോലും എതിര്‍ത്തു. സഞ്ചാര സ്വാതന്ത്ര്യത്തിനും സ്ത്രീവിമോചനത്തിനും വേണ്ടി നടത്തിയ സമരത്തിലേക്ക് നിരാലംബരായ ഒട്ടനവധി ആളുകള്‍ ആകര്‍ഷിക്കപ്പെട്ടു. അവര്‍ ആ ധീരയുവത്വത്തെ ‘അയ്യങ്കാളി യജമാനന്’ എന്നു വിളിച്ചു.
തിരുവനന്തപുരം ജില്ലയിലെ വേങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്
28ന് അയ്യന്-മാല ദമ്പതികളുടെ പുത്രനായിപ്പിറന്ന അയ്യങ്കാളി,കുട്ടിക്കാലം മുതല്‍ അനാചാരങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പുലയ-പറയ സമുദായത്തെ മനുഷ്യനായിപ്പോലും പരിഗണിയ്ക്കാതിരുന്ന ഒരു ഇരുളടഞ്ഞ കാലഘട്ടത്തില്‍ താഴ്ന്ന ജാതിക്കാരനായതുകൊണ്ട് മനസ്സിലേറ്റ അഗാധമായ മുറിവിന്റെ വേദന എന്തിനേയും എതിര്‍ത്തുതോല്‍പ്പിക്കാനുള്ള അസാമാന്യമായ ഉള്ക്കരുത്തായി മാറുകയായിരുന്നു അയ്യങ്കാളിയ്ക്ക്.
പുലയ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനും വഴിനടക്കാനും സ്വാതന്ത്ര്യം നിഷേധിച്ച ജന്മിത്വ ക്രൂരതകള്‍ക്കെതിരെ ഉയര്‍ന്ന ആദ്യത്തെ വിപ്ലവശബ്ദം അയ്യങ്കാളിയുടേതായിരുന്നു. ദളിത് ക്ഷേമത്തിനായി 1095 ല്‍ സാധുജനപരിപാലനയോഗം സ്ഥാപിച്ച അയ്യങ്കാളി ദളിതരുടെ അനിഷേധ്യനേതാവായി.
വഴിനടന്നുപോകാന്‍ പോലും അനുവദിക്കാതിരുന്ന മേല്‍ജാതിക്കാര്‍ക്കെതിരെ ഒരു വിപ്ലവാഗ്നിയായി കത്തിപ്പടര്‍ന്ന അദ്ദേഹം നടത്തിയ വില്ലുവണ്ടിസമരം വന്‍ വിജയമായി മാറി. നിഷേധിയ്ക്കപ്പെട്ട വഴിയിലൂടെ സ്വന്തമായി വാങ്ങിയ കാളവണ്ടിയില്‍ ജന്മിയെപ്പോലെ തലപ്പാവും കുപ്പായവും ധരിച്ച് സഞ്ചരിച്ച അയ്യങ്കാളിയെ വഴി തടഞ്ഞ ജന്മികളെ അദ്ദേഹം ആയുധം കാട്ടി ഭീഷണിപ്പെടുത്തി. ഒറ്റയാള്‍ പോരാട്ടത്തിലൂടെ അധസ്ഥിതര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുത്ത അയ്യങ്കാളിയെ വേണ്ടവിധം പരാമര്‍ശിക്കുവാന്‍ ചരിത്രകാരന്മാര് ബോധപൂര്‍വ്വം വിസ്മരിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
തൊഴിലാളികളെ അടിമകളായി കാണുന്ന ജന്മികളുടെ പാടങ്ങളില്‍ പണിയെടുക്കേണ്ട എന്ന തീരുമാനമെടുത്ത് തിരുവിതാംകൂറിലെ കര്‍ഷകത്തൊഴിലാളികളെ ഒന്നിപ്പിച്ച് അയ്യങ്കാളി നടത്തിയ കര്‍ഷകത്തൊഴിലാളി സമരം, അധകൃതര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നുകിട്ടിയ സാമൂഹ്യവിപ്ലവത്തിന്റെ നാന്ദി കുറിയ്ക്കലായിരുന്നു. അയ്യങ്കാളിയുടെ അവകാശപ്പോരാട്ടങ്ങളെ ‘പുലയ ലഹള’ എന്നുവിളിച്ച് അധിക്ഷേപിക്കുകയാണുണ്ടായത്.
കര്‍ഷക തൊഴിലാളി സമരത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് കൊല്ലത്ത് പീരങ്കി മൈതാനത്ത് അയ്യങ്കാളി ആഹ്വാനം ചെയ്ത സമ്മേളനത്തില്‍ വച്ച് ദളിതസ്ത്രീകളെ തിരിച്ചറിയാന്‍ അടയാളമായി ധരിച്ചിരുന്ന കല്ലുമാലയും ഇരുമ്പുവളയക്കമ്മലും അറുത്തെറിഞ്ഞ് മാറുമറച്ച് മുലക്കച്ചകെട്ടി നടക്കാന്‍ വാക്കുകൊണ്ട് ഊര്‍ജ്ജം പകര്‍ന്ന ധീരയോദ്ധാവായി മാറി അയ്യങ്കാളി. ഈ സമരം പില്ക്കാലത്ത് കല്ലുമാല സമരം എന്ന് വിശേഷിപ്പിയ്ക്കപ്പെട്ടു.
അയിത്ത നിവാരണത്തിനും സാമൂഹ്യ അനീതികള്‍ക്കുമെതിരെ ശ്രീനാരായണഗുരു നയിച്ചത് നിശബ്ദ ദാര്‍ശനിക പോരാട്ടമായിരുന്നുവെങ്കില്‍, അനീതിയെ അടിച്ചൊതുക്കുക എന്ന ആയോധന സമരമുറയായിരുന്നു അയ്യങ്കാളിയുടേത്. ശ്രീനാരായണഗുരു നടത്തിയ സാമൂഹ്യപരിഷ്കരണങ്ങള്‍ക്ക് ശക്തിപകരാന്‍ അയ്യങ്കാളിയുടെ സായുധസമരമുറക്കായിട്ടുണ്ട്.
അവര്‍ണ്ണര്‍ക്ക് അക്ഷരവും അമ്പലവും നിഷേധിച്ച അധികാരവര്‍ഗ്ഗത്തിനെതിരെ പ്രതിഷേധമെന്നോണം 1904 ല്‍ അദ്ദേഹം മുന്‍കൈയെടുത്ത് ഒരു കുടിപള്ളിക്കൂടം നിര്‍മ്മിച്ചു.
എതിര്‍ക്കാന്‍ വന്ന മേല്‍ജാതിക്കാരെ കായികമായി നേരിട്ടുതോല്പ്പിച്ചു. അങ്ങനെ അനവധി രക്തരൂക്ഷിത സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം വഹിച്ചു. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അയ്യങ്കാളി 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന വിദ്യാര്‍ത്ഥി ക്ഷേമത്തിനും സംരക്ഷണത്തിനുമായി സഭയില്‍ ശബ്ദമുയര്‍ത്തി. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മഹാത്മാഗാന്ധി അയ്യങ്കാളിയുടെ ധീരതയെ പ്രശംസിക്കുകയും അദ്ദേഹത്തെ പുലയരാജാവ് എന്ന് ആദരപൂര്‍വം വിളിക്കുകയും ചെയ്തു.
ദരിദ്രവും അവഗണനയും അപമാനവും കൊണ്ട് കഷ്ടത അനുഭവിച്ചിരുന്ന ഒരു ജനവിഭാഗത്തെ സംസ്കാര സമ്പന്നതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മഹാത്മാ അയ്യങ്കാളിയ്ക്ക് ജന്മം നല്കിയ സമുദായത്തില്‍ ജനിച്ചവര്‍ പുലയര്‍ എന്ന ജാതിപ്പേര് അഭിമാനപൂര്‍വ്വമാണ് ഉള്‍ക്കൊള്ളേണ്ടത്.
1941 ജൂണ്‍ 18 ന് വിടവാങ്ങിയ ആ കര്മയോഗിയ്ക്കുമുന്നില് പ്രണാമം അര്‍പ്പിക്കുന്നു. അയിത്തോച്ചാടനത്തിലും സാമൂഹ്യപരിഷ്കരണത്തിലും ഒരു അഗ്നിനക്ഷത്രമായി തിളങ്ങിനിന്ന മഹാത്മാ അയ്യങ്കാളിയുടെ 75-ാമത് ചരമദിനമാണ് ജൂണ്‍ 18.
പ്രതികരിക്കാൻ ഇവിടെ എഴുതുക: