ധിഷണാശക്തികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ അതുല്യ പ്രതിഭാശാലിയായ കഥാകൃത്ത്. എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകന്. ഏതൊരുകാര്യത്തെക്കുറിച്ചും സംശയനിവാരണം നടത്താവുന്ന സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയ. ആ ടിആറിനെ ഞാന്‍ പരിചയപ്പെടുന്നതും അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കുന്നതും എണ്‍പത്തഞ്ച് കാലഘട്ടത്തിലാണ്. അന്ന് ടിആര്‍ താമസിച്ചിരുന്നത് ഞങ്ങളുടെ ഗ്രാമത്തിലായിരുന്നു.
ഞാനാകട്ടെ നാടകപ്രവര്‍ത്തനങ്ങളും ആനുകാലികങ്ങളില്‍ കഥയെഴുത്തും തൊഴിലന്വേഷണവുമൊക്കെയായി നടക്കുന്നു. മഹാരാജാസ് കോളേജിലെ അദ്ധ്യാപകനാണെങ്കിലും അക്കാലത്ത് ടിആര്‍ ക്ലാസ് എടുക്കാന്‍ പോകുന്നത് അപൂര്‍വ്വം. മലയാള കഥാസാഹിത്യത്തില്‍ വഴിത്തിരിവുണ്ടാക്കിയ കഥകള്‍ എഴുതിയിരുന്നെങ്കിലും കഥയെഴുത്ത് അദ്ദേഹം ഏതാണ്ട് നിര്ത്തിയമട്ടായിരുന്നു. പകരം വല്ലാതെ പറഞ്ഞും ഏതാണ്ടൊക്കെ പ്രവര്‍ത്തിച്ചും സമൂഹത്തോട് സംവേദിക്കുകയും പ്രതികരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദിവസങ്ങള്‍ ലഹരിയാല്‍ പൂരിതമായിരുന്നു.
ക്ലാസില്‍ കൃത്യമായി പോയിരുന്നില്ലെങ്കിലും നഗരത്തില്‍ ടിആര്‍ ഉണ്ടാകും. ഏതുനിമിഷവും എവിടേയും പ്രത്യക്ഷപ്പെടാം. കാലുവെന്ത നായയുടേതുപോലെ ധൃതിയിലാണ് നടപ്പ്. നിങ്ങള്‍ പരിചയക്കാരനാണെങ്കില്‍ നിങ്ങളുടെ മുന്നിലെത്തിയാല്‍ നടുവൊന്ന് പ്രത്യേകരീതിയില്‍ വളച്ച് ടിആര്‍ നില്ക്കും. ഇടതുകൈകൊണ്ട് വായപൊത്തിപ്പിടിക്കും പോലെ. വികാരം വ്യവഛേദിക്കാനാകാത്ത ഒരു ചിരി. ‘അടിയന്’ എന്നാകും ഉച്ചാരണം.
നിങ്ങളുമായി അതിപരിചയമുണ്ടെങ്കില് ഒരുപക്ഷെ നിങ്ങളുടെ കൈയില്‍ എത്രരൂപയുണ്ടെന്നു ചോദിച്ചേക്കാം. നിങ്ങള്‍ എത്രയെന്നു പറയുന്നു. പോകേണ്ട സ്ഥലം അദ്ദേഹം ചോദിക്കുന്നു. നിങ്ങള്‍ പറയുന്നു. വിരലുകള്‍ മടക്കി ടിആര്‍ കണക്കുകൂട്ടുന്നു. പോകാനും വരാനുമുള്ള യാത്രാപ്പടി പറയുന്നു. പിന്നെ ഒരധികചിലവ് എന്ന തീരിയില്‍ പത്തുരൂപ കൂടി കൂട്ടുന്നു. എന്നിട്ട് അത്രയും തുക കൈവശം വച്ചോളാന്‍ അനുവദിച്ച് ബാക്കിവരുന്ന പണം നിങ്ങളോട് വാങ്ങി ആള് ധൃതിയില്‍ നടക്കുന്നു. അടിയന്. ഇതാണ് ടിയാന്-ടിആര്‍.
‘കഥയുടെ മാദ്ധ്യമം നിമിഷ പരമ്പരയിലൂടെ നീളുന്ന പദപരമ്പരയും അത് നിഴലിക്കുന്ന കാലപ്രവാഹവുമാണ്’ എന്നെഴുതിയ ടിആര്‍. ആ കാലപ്രവാഹത്തില്‍ ഏതൊ ഒരു ബിന്ദുവില്‍ വച്ചായിരുന്നു ഞങ്ങള്‍ സൗഹൃദം തുടങ്ങിയത്. സൗഹൃദം തുടങ്ങിയ നാളുകളില്‍ എനിക്ക് ആംഗലേയ സാഹിത്യത്തെക്കുറിച്ച് സൗജന്യമായി ക്ലാസെടുക്കാന്‍ ടിആര്‍ തയ്യാറായി. അതിന് രാവിലെ ആറുമണിക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തണം.
ഞാന്‍ കൃത്യസമയത്തുതന്നെ വീട്ടിലെത്തും. ആമുഖമായി പലകാര്യങ്ങളെക്കുറിച്ചും സംസാരിക്കും. സമയമാകുമ്പോള്‍ ഏഴാകും. ”വരൂ നമുക്ക് ഒന്ന് നടന്നിട്ട് വരാം”. എന്നേയും കൂട്ടി ഗ്രാമത്തിന്റെ പാലം കടന്ന് അടുത്ത ഗ്രാമത്തിന്റെ പടിവാതിലിലെത്തും. അവിടന്ന് ഒരു ചാരായക്കടയുണ്ടായിരുന്നു. ടിആര്‍ അകത്തുകയറും. ഞാന്‍ പുറത്തുകാവല്‍. തിരുച്ചുവരുമ്പോള്‍ പറയും. ”ക്ലാസ് നാളെയാകാം”. ഇത് പതിവ്.
എങ്ങനേയോ ഇതറിഞ്ഞ എന്റെ ഗുരുനാഥന്(നാവില്‍ ആദ്യാക്ഷരം കുറിച്ച)പ്രൊഫ. ടി.കെ.എസ്. പണിക്കര്‍ എന്നെ വിളിപ്പിച്ചു. ”മോഹന്‍ തനിക്കിത് ദുഷ്പേര് നേടിത്തരും. ടിആര്‍ ഒരു സ്ഥാനത്ത് എത്തിയ ആളാണ്. തനിക്കിപ്പോള്‍ കടമ്പകള്‍ ഏറെയുണ്ട്. അതുകൊണ്ട് ഈ കൂട്ട് അങ്ങുവിട്ടേക്ക്”. ഗുരുനാഥനെ ധിക്കരിക്കാന്‍ വയ്യ. ടിആറിനെ ഒഴിവാക്കാനും വയ്യ. ഒടുവില്‍ ഗുരുനാഥന് അറിയാത്ത വിധത്തിലായി ഞങ്ങളുടെ നടപ്പ്(ഒരുപക്ഷെ, ഗുരുനാഥന് അറിഞ്ഞിട്ടും പിന്നീട് മൗനം പാലിച്ചു).
”ഒരോ അക്ഷരവും ഓരോ വാക്കും കടക്കുമ്പോള്‍ നാം ഓരോ നിമിഷംകൂടി പിന്നിടുന്നുണ്ട്”എന്ന് സമയത്തേയും കലയേയും കൂട്ടിക്കുറിച്ച ടിആര്‍. അദ്ദേഹത്തോടൊപ്പം നടന്ന കാലത്തെ ചില വൈയക്തിയ അനുഭവങ്ങള്‍…കാഴ്ചകള്‍…
ഒരിക്കല്‍-
എറണാകുളം ടൗണ്‍ഹാളില്‍ എന്‍ബിഎസ് പുസ്തകച്ചന്ത ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് കവിയരങ്ങും. കവിയരങ്ങില്‍ അന്ന് ഞാന്‍ പങ്കെടുത്തിരുന്നു. കവിതാലാപാനം കേള്‍ക്കാന്‍ ടിആറും ഭാര്യ വത്സലച്ചേച്ചിയും എത്തിയിരുന്നു. തിരിച്ച് ഞങ്ങള്‍ ഒരുമിച്ചാണ് മടക്കം. ടിആര്‍ നല്ല മൂഡില്‍. അദ്ദേഹവും പ്രശസ്തനായ ഒരു ചിത്രകാരനും ഒരുമിച്ചിരുന്ന് കഴിച്ച മദ്യത്തിന്റെ അളവ് പറഞ്ഞ് ആളായിക്കണ്ടാണ് നടപ്പ്. ഈ സമയം എതിരേ ഒരു ലോറി എത്തി. ടിആര്‍ കൈകാണിച്ച് ലോറി നിര്‍ത്തി. ടിആര്‍ പറഞ്ഞു. ”ഞാന്‍ ടിആര്‍. ടൗണ്‍ റൗഡി. നിനക്കറിയാമോ”?.
ഡ്രൈവര്‍ പറഞ്ഞ അസഭ്യങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തേണ്ട ചുമതലയായിപ്പോയി പിന്നീടെനിക്ക്. ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ള തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് പേര്‍ക്ക് കേന്ദ്രസസര്‍ക്കാരിന്റെ ഒരു നാടക ഫെല്ലോഷിപ്പുണ്ട്. അക്കാലത്ത് എനിക്ക് അത് ഏകദേശം ശരിയായി. ‘കേരള തിയേറ്റര്‍ ആന്‍ഡ് മോഡേണ്‍ ഡ്രാമ’ ഇതായിരുന്നു ഞാന്‍ നല്കിയ സബ്ജക്ട്.
സംസാര മധ്യേ എങ്ങനേയോ ഇത് ടിആര്‍ മനസ്സിലാക്കി. അതോടെ ടിആര്‍ ഉഷാര്‍. ”ബാക്കി കാര്യം ഞാനേറ്റു. നാളെ നമുക്ക് ഒരിടം വരെപോകണം”. എന്തിനെന്നും ഏതിനെന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ഞാന്‍ റെഡിയായി ടിആറിന്റെ വീട്ടിലെത്തി. വത്സല ചേച്ചിയോട് ടിആര്‍ പറഞ്ഞു. ”മോഹന്റെ അടുത്ത് കാശൊന്നും കാണില്ല. ഞങ്ങള്‍ക്ക് കുറച്ച് യാത്രയുണ്ട്. രൂപവേണം”. ”എന്റടുത്ത് ഉണ്ട് മാഷെ”ഞാന്‍ പറഞ്ഞു. അതുകേട്ട് എന്നെ നോക്കി. കണ്ണിറുക്കി, മിണ്ടല്ലേ എന്ന് മുദ്ര കാണിച്ചു. വത്സലച്ചേച്ചിയോട് പണം വാങ്ങി യാത്ര തുടങ്ങി.
എറണാകുളം കച്ചേരിപ്പടിയിലെത്തി.
എന്റെ കൈയിലുള്ള പണം കൂടി ടിആര്‍ വാങ്ങി. കച്ചേരിപ്പടിയില്‍ ആദ്യം കണ്ട ചാരായഷാപ്പില് ടിആര്‍ കയറി ഇറങ്ങി. നേരെ ചിത്രശാല ബൈജുവിന്റെയടുത്തേക്ക്. ബൈജു എന്ന ചിത്രകാരന് ഞങ്ങളുടെ പൊതു സുഹൃത്തായിരുന്നു. ബൈജുവിനോട് പണം വാങ്ങി. യാത്ര ടികെസി വടുതലയുടെ അടുത്തേക്ക്.
എംപിയും എഴുത്തുകാരനുമായ ടികെസിയെ കണ്ടു. ടിആര്‍ കാര്യം അവതരിപ്പിച്ചു. ”മോഹനന് ഫെല്ലോഷിപ്പ് ഏതാണ്ട് ശരിയായ മട്ടാണ്. ദല്‍ഹിയിലേക്ക് വരും. താമസം കാര്യങ്ങളുണ്ട്”.
”വരുമ്പോള്‍ പറഞ്ഞോളൂ. ഞാന്‍ ശരിയാക്കിത്തരാം”.
ടികെസി ഏറ്റു. ഞങ്ങള്‍ ടികെസിയുടെ വീട്ടില്‍ നിന്നും ഇറങ്ങി. വടുതലയിലെ ചാരായഷാപ്പില് നിന്നും ഇറങ്ങിയപ്പോഴേക്കും പണം തീര്‍ന്നു. യാത്രാക്കൂലി പോലുമില്ല. ഇനി എന്താണ് വഴി?. ”വഴിയുണ്ട്”. ടിആര്‍ പറഞ്ഞു. കുറച്ചുദൂരം നടന്ന് ഒരു ആര്‍എസ്പിക്കാരന്റെ വീട്ടിലെത്തി.
വീട്ടിലെത്തിയതോടെ അയാളുടെ മകളോട് സാഹിത്യരചനയെക്കുറിച്ചൊക്കെ പുകഴ്ത്തിപറഞ്ഞു. ആ ഇടയ്ക്ക് ആ കുട്ടിക്ക് കിട്ടിയ ഏതോ സ്കൂള്‍ സമ്മാനത്തെക്കുറിച്ചൊക്കെ ടിആര്‍ അറിഞ്ഞുവച്ചിട്ടുണ്ടായിരുന്നു. അതുമൊക്കെ എടുത്തുപറഞ്ഞു. ഇമ്പത്തോടെ അവര്‍ അതൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും മദ്യത്താല്‍ ഉലയുന്ന ടിആറിനെ ഒഴിവാക്കാനുള്ള വഴിനോക്കുന്ന ആര്‍എസ്പി കാരന്. ഇത് മനസ്സിലാക്കുന്ന ഞാന്‍ നിന്നു ചൂളുകയാണ്.
ഒടുവില്‍ ടിആര്‍ പറഞ്ഞു. ”എനിക്ക് കുറച്ച് പൈസവേണം. ഉണ്ടായിരുന്ന പൈസ ഒരാള്‍ക്ക് അത്യാവശ്യത്തിന് കൊടുക്കേണ്ടി വന്നു”. ”ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ നിന്ന് ആടേണ്ടി വരുമായിരുന്നോ”? അയാളുടെ ചോദ്യം.
അതുകേട്ട് ഞാനാകെ നാണം കെട്ടു. ടിആര്‍ ചോദിച്ചതിലും കൂടുതല്‍ പണം നല്കി ബാധ ഒഴിവാക്കിയതാണോ എന്തോ?. തിരിച്ചുപോരും വഴി എന്നോടു പറഞ്ഞു. ”അയാള്‍ എന്ത് രാഷ്ട്രീയക്കാരന്. അധ്യാപകരെ ബഹുമാനിക്കാനറിയില്ല”.
പിന്നീട് എത്തപ്പെട്ടത് നോവലിസ്റ്റ് പോഞ്ഞിക്കര റാഫിയുടെ അടുത്ത്. അദ്ദേഹം കസേരയില്‍. എതിരെയുള്ള കസേരയില്‍ ഇരിക്കാതെ ടിആര്‍ താഴെ ഇരുന്നു. ”ഞാന്‍ റാഫിസാറിനൊപ്പം കസേരയില്‍ ഇരിക്കില്ല”. ടിആര്‍ കാര്യം പറഞ്ഞു. ഫെല്ലോഷിപ്പിന്റെ തിസീസിന് വേണ്ട മെറ്റീരിയില്‍ തരണം. എന്നെ പരിചയമുള്ള ഒരാള്‍ എന്ന പേരില്‍ പേരുവയ്ക്കാന്‍ അനുവാദം തരണം. റാഫി സാര്‍ പറഞ്ഞു- ”അതിനെന്താ അതാകാം. എനിക്കതിന് വെണ്ണലയെ പരിചയവും ഉണ്ടല്ലോ…പിന്നെ ടിആര്‍ മദ്യപിച്ചു നശിക്കരുത്. ഒട്ടേറെ നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്”.
”ശരിയാ…വത്സലയും പറഞ്ഞു. ഞാന്‍ ഒരുമാസമായി മദ്യപാനം നിര്‍ത്തിയിട്ട്. ടിആര്‍ എഴുന്നേറ്റു. ഊണ് കഴിക്കാം”. റാഫിസാര്‍ ക്ഷണിച്ചു. ”വേണ്ട വത്സല എനിക്കും മോഹനും ഇഷ്ടമുള്ള ഉള്ളിത്തീയല്‍ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ പോയെ ഊണ് കഴിക്കൂ”.
പോരും വഴിക്കാണ് ടിആറിന്റെ ബുദ്ധിയില്‍ പുതിയൊരു ചിന്ത ഉദിച്ചത്. ”മോഹനന് സിനിമയില്‍ വേഷം ചെയ്താലെന്താ”. ഞാനൊന്നും പറഞ്ഞില്ല. എത്തിച്ചേര്‍ന്നത് പാലാരിവട്ടത്തുള്ള ദുബായ് തങ്കച്ചന്റെ വീട്ടില്‍. അന്ന് അദ്ദേഹം റഹ്മാനെ നായകനാക്കിയുള്ള പറന്ന് പറന്ന് എന്ന സിനിമയെടുത്തിരുന്ന കാലം.
അവിടെ എത്തി എന്നെ പരിചയപ്പെടുത്തി. അടുത്ത സിനിമയില്‍ ഒരു വേഷം നല്‍കണം എന്നൊക്കെയായി. ഇതിനിടെ ടിആറിന്റെ സ്വഭാവം മാറിത്തുടങ്ങി. തങ്കച്ചനെ ക്രൂരമായി പരിഹസിക്കാനും തുടങ്ങി. തങ്കച്ചന് എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു. ”മോഹന്‍ ഞാനിനി ഒരു സിനിമ എടുക്കും എന്ന് എനിക്ക് തോന്നുന്നില്ല. എടുത്താല്‍ മോഹനനെ പരിഗണിക്കാം. എന്നെ കാണാന്‍ വരുന്നെങ്കില്‍ ഒറ്റക്കുവന്നാല് മതി ഇത് ഞാന്‍ മാനേജ് ചെയ്തോളാം. മോഹനന് ഇതുവഴി വിട്ടോ. അല്ലെങ്കിലാകെ പ്രശ്നമാകും”. എന്നെ മറ്റൊരു വഴിക്ക് തങ്കച്ചന് വിട്ടു.
അന്ന് വൈകുന്നേരം വൈകി ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ കണ്ടു പാലാരിവട്ടം മെഡിക്കല്‍ സെന്ററിന്റെ എതിര് വശത്ത് ചാരായഷാപ്പിന്റെ ഓരം പറ്റി വഴിയില്‍ ടിആര്‍ കിടക്കുന്നു. കുറച്ചുമാറി കാവലാളായി വിലകൂടിയ കാറും ചാരി ദുബായ് തങ്കച്ചന്. എന്നെ കണ്ടപ്പോള്‍ തങ്കച്ചന് പറഞ്ഞു.
”കണ്ടില്ലേ മോഹന്‍. നിങ്ങളായിരുന്നെങ്കില്‍ പെട്ടുപോകില്ലായിരുന്നോ-അതാ ഞാന്‍ രക്ഷപെടുത്തിയത്”. പിറ്റേന്ന് ടിആര്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു. ”എനിക്കത്യാവശ്യമായി ഇന്നലെ ഒന്ന് സാഹിത്യ അക്കാദമി വരെ പോകേണ്ടതുണ്ടായിരുന്നു. അതാ ഞാന്‍ വൈകുന്നേരം പെട്ടന്നുപോയത്”. ഞാന്‍ മൗനം ഭജിച്ചു.
അക്കാലത്താണ് എറണാകുളം ഉപജില്ലാ സ്കൂള്‍ യുവജനോത്സവം വെണ്ണല ഗവ. സ്കൂളില്‍ നടന്നത്. യുവജനോത്സവം അനുബന്ധിച്ച് കുട്ടികളുടെ വിളംബരയാത്ര നടക്കുന്നു. എസ്കോര്‍ട്ടുമായി പോലീസ് ജീപ്പ് മുന്നില്‍. അന്ന് അവിടുത്തെ സ്ഥലം എസ്ഐ ഷാജിയായിരുന്നു(പിന്നീട് കൊലപാതക കേസില്‍ കുറ്റവാളിയായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഡിവൈഎസ്പി ഷാജി).
എതിരെ ടിആര്‍. നല്ല ഫോമില്‍. പോലീസ് ജീപ്പ് സൈഡ് മാറി നീങ്ങുന്നത് ടിആറിന് പിടിച്ചില്ല. പോലീസ് ജീപ്പിന് കൈ കാണിച്ചു. ജീപ്പ് നിര്‍ത്തി. ”എന്താ പോലീസുകാര്‍ക്ക് നിയമം ബാധകമല്ലെന്നുണ്ടോ”? ഷാജി കൈ നീട്ടി ടിആറിന്റെ ഷര്‍ട്ടില്‍ പിടിച്ചു. ഒന്നും നോക്കിയില്ല. ടിആര്‍ ഷാജിയുടെ കൈയില്‍ കയറി ഒറ്റക്കടി!. ഷാജി കൈവിട്ടു. മറ്റുപോലീസുകാരെല്ലാം കൂടി ടിആറിനെ ജീപ്പില്‍ കയറ്റി. ടിആര്‍ വല്ലാതായി.
”ഞാനൊരദ്ധ്യാപകനാണ്. നിങ്ങള്‍ എന്നെ ജീപ്പിലിരുത്തരുത്. വിട്”്. ഷാജി ടിആറിനെ ഒരു പ്രദര്‍ശന വസ്തുവാക്കി ജീപ്പ് യാത്ര തുടര്‍ന്നു. ഇതറിഞ്ഞ വത്സല ചേച്ചി എന്റടുത്ത് എത്തി. അന്ന് എസ്ഐ ഷാജിയുമായി ഞാന്‍ നല്ല അടുപ്പത്തിലായിരുന്നു. വത്സല ചേച്ചിക്കും അതറിയാം. ”മോഹന്‍ എസ്ഐയുമായി നല്ല പരിചയത്തിലല്ലേ. ഒന്ന് മാഷിനെ വിടാന്‍ പറയ്”.
ഞാന്‍ ഷാജിയുടെ അടുത്തെത്തി. ”മാഷ് മഹാരാജാസിലെ അധ്യാപകനാണ്. കേരളം അറിയപ്പെടുന്ന എഴുത്തുകാരനാണ്. നാണം കെടുത്താതെ മാഷിനെ ജീപ്പില്‍ നിന്നും വിടണം”. ഞാന്‍ അഭ്യര്‍ത്ഥിച്ചു. ”മോഹനോടുള്ള എല്ലാ സ്നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ. ഇയാളെ ഞാന്‍ വിടില്ല. എത്രപേരുടെ മുന്നില്‍ വച്ചാണ് എന്നെ ആക്ഷേപിച്ചത്. ഞാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനല്ലെ. കേസ് ചാര്‍ജ് ചെയ്യുകയുമില്ല. ഉപദ്രവിക്കുകയുമില്ല. ഇന്ന് ആള് സ്റ്റേഷനിലിരിക്കട്ടെ. നാളെ കുറച്ച് കാര്യങ്ങള്‍ പറഞ്ഞശേഷം വിടാം”.
എനിക്ക് മൊഴി മുട്ടി. പിറ്റേന്നാണ് ഷാജി പറഞ്ഞതുപോലെ മാഷിനെ വിട്ടത്. വരും വഴി മാഷിനെ ഞാന്‍ കണ്ടു. എന്നെ കണ്ടപാടെ ടിആര്‍ പറഞ്ഞു.
”മോഹന്‍ ഇന്നലെ ഞാനൊന്ന് യൂണിവേഴ്സിറ്റി ലൈബ്രറി വരെ പോയിരുന്നു. ഒരു സംശയം തീര്‍ക്കാനുണ്ടായിരുന്നു. ഇന്നും കുറച്ച് അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട ജോലിയുണ്ട്. അപ്പോ നമുക്ക് വൈകുന്നേരമോ നാളെയോ കാണാം”.
ടിആര്‍ തിരക്കിട്ടു നടന്നു.
പത്രപ്രവര്‍ത്തന ജോലിയുടെ ഭാഗമായി ഞാനൊരിക്കല്‍ പാലക്കാട് എത്തി. പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന് സാറിന്റെ വീട്ടിലായിരുന്നു ഉച്ചയൂണ്. അന്ന് അദ്ദേഹത്തിന്റെ മകളുടെ ജന്മദിനം കൂടിയായിരുന്നു. എന്നോടൊപ്പം അന്ന് കഥാകൃത്തായ ടി.കെ. ശങ്കരനാരായണനും ഉണ്ടായിരുന്നു. എനിക്ക് ചില സഹായങ്ങള്‍ ചെയ്തുതരാന്‍ മുണ്ടൂര്‍ കൃഷ്ണന് കുട്ടി ഏല്പിച്ചതു പ്രകാരം വന്നതായിരുന്നു ശങ്കരനാരായണന്.
ടൗണിലെ സ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു സേതുസാര്‍. ഞാന്‍ സംസാരമധ്യേ ചോദിച്ചു. ”മോളുടെ പിറന്നാള്‍ പ്രമാണിച്ച് അവധിയെടുത്തതാകും അല്ലെ സാര്‍”.
”അല്ലല്ലോ ഞാന്‍ രണ്ടുദിവസമായി അവധിയിലാ. ടിആര്‍ ടൗണിലെത്തീട്ടുണ്ട്. വെറുതെ കണ്മുന്നില് പെടേണ്ട എന്നുകരുതി അവധി എടുത്തിരിക്കുകയാണ്”. പുലി ഇറങ്ങി എന്നറിഞ്ഞാല്‍ ആളുകള്‍ സുരക്ഷിതത്വം നോക്കി വീട്ടിലിരിക്കും പോലെ-
ഏത് അരാജകാവസ്ഥയിലും പുതിയ ചിന്തകള്‍ ഏറ്റുവാങ്ങിയ ടിആര്‍ അപാരമായ ധിഷണാശക്തിയാല്‍ സമ്പന്നനായിരുന്നു.
അദ്ദേഹത്തിന്റെ വലുപ്പമറിയാന്‍ ടിആറുമായി കത്തിടപാടുകള്‍ നടത്തിയ ഒരാളുടെ പേരുകേട്ടാല്‍ മാത്രം മതിയാകും. സാക്ഷാല്‍ ഗുന്തര്‍ഗ്രസ്സ്. സാഹിത്യത്തിലെ നോബല്‍ ജേതാവ്. അദ്ദേഹം ടിആറിനെ, ആ പ്രതിഭയെ വിലമതിച്ചു!.
കോരുന്നേടത്ത് കോമൂട്ടി പോലുള്ള ടിആര്‍ കൃതികളില്‍ അദ്ദേഹം മിത്തിനെ ഫലപ്രദമായി സന്നിവേശിപ്പിച്ചു. മിത്ത് ലിഖിത രൂപത്തിലുള്ള ഒരു നിശ്ചിത സാഹിത്യകൃതിയല്ല. അതിപുരാതനമായ വാചാസമൂഹ(oral societies)ങ്ങളിലാണ് മിത്തുകള്‍ ജന്മമെടുക്കുന്നത്. ഒഴുകി നടക്കുന്ന കഥയാണ് മിത്ത് എന്നുപറയുന്നത് ഇതുകൊണ്ടാണ്. കാലാന്തരങ്ങളിലൂടെ അത് കടന്നുപോകുന്നു. ഒരേസമയം കാലത്തിന്റെ രണ്ട് തലങ്ങളില്‍ കറങ്ങുന്നു. ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും.
കോരുന്നേടത്ത് കോമൂട്ടി എഴുതിയ ടിആര്‍ ഇത് വ്യക്തമായി മനസ്സിലാക്കി. ഉപയോഗിച്ചു. പ്രമുഖ എഴുത്തുകാരന്, പ്രഗത്ഭ അധ്യാപകന്, പ്രഭാഷകന്‍. എന്നിട്ടും മദ്യം അദ്ദേഹത്തെ മാറ്റിമറിച്ചു. എത്രയേറെ സംഭവങ്ങള്‍ ഓര്‍ക്കാനുണ്ട്, എഴുതാനുണ്ട്. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പമുള്ളവര്‍ക്കും ഓര്‍ക്കാന്‍ എന്തൊക്കെ.
വൈയക്തിക അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ അറിയാതെ സംശയിച്ചുപോകുന്നു, ടിആറും ഒരു മിത്ത് ആവുകയാണോ?. രണ്ടായിരം ജൂലൈ 26 ന് പ്രഭാതത്തില്‍ ആലിന്‍ചുവട് വഴിയരുകില്‍ ഇരുന്ന് അദ്ദേഹം മരിച്ചുപോയി. കോരുന്നേടത്ത് കോമൂട്ടിയില് അദ്ദേഹം എഴുതിയ ഒരു വാചകം-
”കാണക്കാണേ നാലുതിരികള്‍ നാല്പതുതിരികളായ്”…
അതെ, അദ്ദേഹം എഴുതിയ കൃതികള്‍, സാഹിത്യ നഭസ്സില്‍ നാല്പതല്ല കാണക്കാണെ ലക്ഷോപലക്ഷം തിരികളായ് ജ്വലിച്ചുനില്‍ക്കുകതന്നെ ചെയ്യും!. ഭാഷയുള്ള കാലം വരെ തന്നെ!.
പുതുമൊഴി:
ഇക്കാലത്ത് വമ്പന്‍-
ഊണിനുമുമ്പ് രണ്ട് അടിക്കണം-
ഊണുകഴിഞ്ഞാല്‍ രണ്ടുപുകയെടുക്കണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: