പാലക്കാട്: റിസര്‍വ് ബാങ്കിന്റെ നിയമാവലികളോ മണിലെന്റിംഗ് ആക്ടോ പാലിക്കാതെ ജില്ലയില്‍ ബ്ലേഡുമാഫിയകള്‍ സജീവം.സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പലിശകച്ചവടം നടത്തുന്നവരെ ഇടക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ജ്ജീവമാണ്.
ജില്ലയിലെ പലഭാഗങ്ങളിലും മാസങ്ങള്‍ക്ക് മുമ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ നാട്ടിന്‍പുറങ്ങളിലെ കൊള്ളപലിശക്കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയി. വട്ടിപ്പലിശക്കാര്‍ക്ക് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ കൂട്ടത്തോടെ കേരളത്തില്‍ കാലുറപ്പിച്ചത്. പണം പലിശക്ക് കൊടുക്കാനായി ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളിലാണ് എത്താറ്.
1000 രൂപയ്ക്ക് 50-75 രൂപ എഴുത്തുകൂലിയിനത്തില് ഈടാക്കുകയും തുടക്കത്തില്‍ കൈനീട്ടമായി 1000 രൂപ കൊടുക്കുന്ന ഇവര്‍ തിരിച്ചടവിന്റെ സ്വഭാവം പോലെയാണ് കൂടുതല്‍ തുക നല്‍കുക.
കല്യാണം,വിദ്യാഭ്യാസം,സ്കൂള്‍ തുറക്കുന്ന സീസണ് തുടങ്ങിയ സമയങ്ങളില്‍ കൂടുതല്‍ പണം കുറഞ്ഞ കാലാവധിക്ക് കൂടുതല്‍ പലിശക്ക് നല്‍കുന്നവരുമുണ്ട്. ദിണ്ഡിക്കല്‍,പൊള്ളാച്ചി,പഴനി,തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊള്ളപലിശക്കാരാണ് കൂടുതലും.കോളനികളില്‍ രാവിലെ ഏഴിനും 12നും എത്തുന്ന സംഘങ്ങള്‍ ഒരു ഏരിയയിലെ ഒരു വീടിനെ കളക്ഷന്‍ സെന്ററായാണ് പലിശതുക പിരിക്കുന്നത്.എന്ന ചിലഭാഗത്ത് ഇവര്‍ ചായക്കടകളിലും തമ്പടിച്ച് പ്രവര്‍ത്തിക്കുന്നു.
കല്‍മണ്ഡപം,ചിറക്കാട്,ശെല്‍വപാളയം,വടക്കുമുറി, മാങ്കാവ്,ചെട്ടിത്തേരുവ്,നരികുത്തി,എരുമക്കാരത്തെരുവ്,പിരായിരി-പുതുശ്ശേരി,കഞ്ചിക്കോട് എന്നിവിടങ്ങള്‍ ഇവരുടെ വിഹാരകേന്ദ്രങ്ങളാണ്.കല്‍മണ്ഡപം പ്രതിഭാനഗര്‍ നെഹ്റു കോളനിഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേക്കേറിയ ഇവര്‍ക്ക് ഇവിടെ സ്വന്തമായി സ്ഥലവും വീടുമുണ്ട്.റേഷന്‍കാര്‍ഡ്,ഐഡി കാര്‍ഡ് എന്നിവയ്ക്ക് പുറമേ കേരളത്തില്‍ നിന്ന് ആധാര്‍കാര്‍ഡും ഇവരെടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇതൊന്നും ബന്ധപ്പെട്ട അധികൃതരോ ഉദ്യോഗസ്ഥരോ അറിയുന്നില്ല. ഇടപാടുകാരില്‍ ഭൂരിഭാഗവുംസ്ത്രീകളാണ്. ഫര്‍ണീച്ചറുകളും,ഇലക്ട്രിക് ഉപകരണങ്ങളും കൊടുക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
ദിവസ അടവിനുകൊടുക്കുന്നവര് 100ദിവസത്തിനുള്ളില്‍ 20ശതമാനം പലിശനിരക്കില്‍ തുക തിരിച്ച് ഈടാക്കുന്നു.ഇതിനുപുറമേ സ്പോട്ട്(10ദിവസം),മീറ്റര്‍(7ദിവസം),ബ്ലോക്ക്(1 മാസം) എന്ന രീതിയിലും പണം കടംകൊടുക്കുന്നു.ബസ് സ്റ്റാന്റുകളിലും മാര്‍ക്കറ്റുകളിലും വഴിവാണിഭകാര്ക്കും,ഉന്തുവണ്ടിക്കാര്‍ക്കും രാവിലെ പണം കൊടുത്ത് വൈകീട്ട് തിരിച്ചുപിടിക്കുന്ന കട്ടര്എന്ന പദ്ധതിയും ഇവര്‍ നടപ്പാക്കുന്നുണ്ട്.15ശതമാനത്തിലധികമാണ പലിശയാണ് ഈടാക്കുന്നത്. ബ്ലേഡുമാഫിയകളുടെ ക്രൂരതയില്‍ വീടും കിടപ്പാടവും ജീവനും നഷ്ടപ്പെടുമ്പോള്‍ പല വലിയ കൊള്ളപ്പലിശക്കാരും അധികൃതരുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: