കാഞ്ഞങ്ങാട്: അപകടഭീഷണിയുടെയും വികസനത്തിന്റെയും പേരില്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും മുറിച്ചുമാറ്റപ്പെടുന്നത് നൂറ്റാണ്ടുകളായി നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും തണലേകിയ പാതയോരത്തെ അമ്മ മരങ്ങളെ. അടുത്തകാലത്താണ് ഭീഷണിയുയര്‍ത്തുന്നു എന്ന പേരില്‍ പാതയോരങ്ങളിലെ മരങ്ങള്‍ മുറുച്ചുമാറ്റല് ആരംഭിച്ചത്. ഇത് ടൗണുകളിലെ മരങ്ങളാണ് കൂടുതലുമെന്നത് മരം മുറിക്കലിന് പിന്നിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. നൂറില്‍ രണ്ട് മരങ്ങള്‍ ചിലപ്പോള്‍ അപകട ഭീഷണിയുയര്ത്തുന്നവയായിരിക്കാം, അതിന്റെ പേരിലാണ് വര്‍ഷങ്ങളായി യാതൊരു കേടുപാടുകളുമില്ലാത്ത, ഒരു ചുള്ളികമ്പ് വീഴ്ത്തിയെങ്കിലും അപകടം വരുത്താത്ത വന്‍ മരങ്ങളെ അപ്പാടെ പിഴുതെറിയുന്നത്. പലപ്പോഴും പരിസ്ഥിതി സ്നേഹികളെന്ന് പറഞ്ഞ് നടക്കുന്നവരും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കാഞ്ഞങ്ങാട് നഗരത്തിലെ വികസനവുമായി ബന്ധപ്പെട്ട് മുറിച്ച മരങ്ങളുടെ എണ്ണമെടുത്ത് പരിശോധിച്ചാലറിയാം വികസനവും മരങ്ങളും തമ്മിലുള്ള അന്തരം. സ്വകാര്യവ്യക്തികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും താല്പര്യത്തിനനുസരിച്ചാണ് മരം മുറിച്ചുമാറ്റപ്പെടുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മുറിച്ച ഒരു മരത്തിന് പകരം രണ്ട് മരങ്ങള്‍ നടുമെന്ന വ്യവസ്ഥയിലാണ് വികസനവിരോധികളാകാതിരിക്കാന് കാഞ്ഞങ്ങാട് നഗരത്തിലെ മരംമുറിക്കുന്നതിനെ എതിര്‍ക്കാതിരുന്നതെന്നാണ് ഇവരുടെ വാദം. കാഞ്ഞങ്ങാട്ടെ വളര്‍ച്ചയക്ക് സാക്ഷ്യം വഹിച്ച നൂറുകണക്കിന് പടുകൂറ്റന്‍ തണല്‍ മരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്. നഗരത്തിലെത്തുന്ന യാത്രക്കാരുടെ സംസാരവും മരങ്ങളെ കുറിച്ചാണ്. പകരം മരങ്ങള്‍ നടുമോ എന്നത് കണ്ടറിയാം.
പാതയോരത്ത് നിര്‍മിച്ച സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങളിലേക്ക് മരത്തിന്റെ വേരുകള്‍ ഇറങ്ങിച്ചെല്ലുന്നുവെന്നതിനാല് പല മരങ്ങളും അധികാരികളെ സ്വാധീനിച്ച് മുറിച്ച് മാറ്റപ്പെട്ടു. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നുവെന്ന് പത്രവാര്‍ത്തകളും നിവേദനങ്ങളും നിരന്തരം നല്‍കിയാണ് ഇത്തരത്തില്‍ മരം മുറിക്കാനുള്ള അനുമതി തേടുന്നത്. മലയോര ഗ്രാമമായ രാജപുരത്ത് കഴിഞ്ഞ ദിവസം മുറിച്ചത് ടൗണിലെ അവസാനത്തെ തണല്‍ മരമാണ്. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് സമീപമാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള തണല്‍ മരം നിന്നിരുന്നത്. മരത്തിന്റെ വേരുകള്‍ കെട്ടിടത്തിന് വിള്ളലുണ്ടാക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. വര്‍ഷങ്ങളായി അപകടമില്ലാതെ തണലേകി നിന്നിരുന്ന മരം നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ മുറിച്ചുമാറ്റപ്പെട്ടതില്‍ ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്. നിരവധി തണല്‍ മരങ്ങളുണ്ടായിരുന്ന രാജപുരത്ത് പലതും മുറിച്ചത് വികസനത്തിന്റെ പേരിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരം പുതിയ മരം നട്ടുവളര്‍ത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കോ വനംവകുപ്പിനോ പരാതിക്കാര്‍ക്കോ ആയിട്ടില്ല. സാമൂഹ്യവനവല്ക്കരണത്തിന്റ ഭാഗമായി സോഷ്യല്‍ ഫോറസ്റ്റ് വിഭാഗം രണ്ട് വര്‍ഷം മുമ്പ് മാവുങ്കാല്‍ മുതല്‍ പാണത്തൂര്‍ വരെ മരതൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ആയിരങ്ങള്‍ മുടക്കി നട്ട വിവിധയിനം മരതൈകള്‍ പിന്നീട് പരിചരിക്കാതെ ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി ഖജനാവിനുണ്ടായത്. മരം മുറിക്കാന്‍ അനുവാദം നല്കുന്ന പൊതുമരാമത്ത് വകുപ്പും വനംവകുപ്പും അവിടെ പുതിയ മരം വെച്ചുപിടിപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം നമ്മുടെ പാതയോരങ്ങളും പട്ടണങ്ങളും മരുഭൂമിക്ക് സമാനമാകുന്ന കാഴ്ചയായിരിക്കും ഭാവിയിലുണ്ടാകാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: