ഹരാരെ: ഏകദിനത്തിലെ വിജയം പ്രതീക്ഷിച്ചിറങ്ങിയ ടീം ഇന്ത്യക്ക് തോല്‍വി. സിംബാബ്വെക്കെതിരായ ആദ്യ ട്വന്റി 20യില്‍ രണ്ട് റണ്‍സിനാണ് ധോണിയും കൂട്ടരും പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ ക്യാപ്റ്റന്‍ ധോണിയും ഓള് റൗണ്ടര്‍ അക്ഷര്‍ പട്ടേലും. മാഡ്സിവ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ അക്ഷര്‍ പട്ടേല്‍ പുറത്ത്. തുടര്‍ന്ന് ക്രീസിലെത്തിയത് റിഷി ധവാന്. മൂന്നാം പന്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫിനഷറായി അറിയപ്പെടുന്ന ധോണിക്ക് നേടാന്‍ കഴിഞ്ഞത് ഒരു റണ്‍സ്. അടുത്ത പന്തില്‍ ധവാന് റണ്ണില്ല. അഞ്ചാം പന്ത് വൈഡ്. അടുത്ത പന്തില്‍ ഒരു റണ്‍. അവസാന പന്ത് നേരിടുന്നത് ധോണി. എന്നാല്‍ കൂറ്റനടിക്ക് മുതിര്‍ന്ന ധോണിക്ക് നേടാന്‍ കഴിഞ്ഞത് ഒരു റണ്‍ മാത്രം. ഇതോടെ ഇന്ത്യ രണ്ട് റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 26 പന്തില്‍ നിന്ന് ഒരു ഫോറും 7 സിക്സറുമടക്കം പുറത്താകാതെ 54 റണ്‍സെടുത്ത ചിഗുംബരയുടെ കരുത്തിലാണ് 170 റണ്‍സിലെത്തിയത്. മാലക്കം വാലര്‍ 30ഉം മസാകഡ്സ 25ഉം ചിബാബ, സിക്കന്ദര്‍ റാസ എന്നിവര്‍ 20 റണ്‍സ് വീതവുമെടുത്തു. ഇന്ത്യന്‍ നിരയില്‍ 35 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ടോപ്സ്കോറര്‍. മന്ദീപ് സിങ് 31 റണ്‍സുമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: