ഇറാനിയന്‍ സിനിമയിലേക്ക് ലോക സിനിമയുടെ ശ്രദ്ധവന്നത് ‘വണ്‍സ് അപ്പോണ്‍ എ ടൈം’ എന്ന സിനിമയിലൂടെയാണെന്ന് പറയാം. ഇതിന്റെ സംവിധായകന് മഖ്മല്‍ ബഫ് ആണ്. ഈ സിനിമയുടെ പകുതി കഴിയുമ്പോള്‍ ഉയരുന്ന ഒരു ചോദ്യം ംവമ േശ െരശിലാമ? എന്നതാണ്. ഒട്ടേറെ അര്‍ത്ഥതലങ്ങളുള്ള ഈ ചോദ്യം ഉയരുന്നത് സിനിമയുടെ ഉള്ളില്‍ നിന്നുതന്നെയാണെന്നുള്ള പ്രത്യേകതയും നിലനില്ക്കുന്നു.
അത് എന്തായാലും ശരി, സിനിമ എന്നത് സംവിധായകന്റേയോ കൂട്ടായ്മയുടേയോ ഒക്കെ കലയാകാം. സിനിമ എന്ന ജനകീയ കലയ്ക്ക് ഒട്ടേറെ സാധ്യതകള്‍ കണ്ടേക്കാം. അതിനകത്ത് അനേകം അനുഭവ വെളിച്ചങ്ങള്‍ വിരിഞ്ഞിരിക്കാം.
പക്ഷെ, അതിനപ്പുറത്തോ- ഈ മായികലോകത്ത് ഭ്രമിച്ച് വശായി എത്രപേര്‍ ഈയ്യാംപാറ്റകളായി. എന്നും ജയിച്ചവന്റെ മാത്രം കഥ ചരിത്രമാകുമ്പോള്‍ തോറ്റവര്‍ക്കും ഒരു കഥാചരിത്രമുണ്ടെന്ന് മറക്കാമോ?. അത്തരം ഒട്ടേറെ കഥകള്‍ അറിഞ്ഞവരാണ് നാം.
എനിക്ക് സിനിമാ ലോകവുമായുള്ള ബന്ധം തീരെ ചെറുതാണ്. പക്ഷെ, ഏതാണ്ട് രണ്ടുപതിറ്റാണ്ടിലേറെയായി മിനിസ്ക്രീനുമായി പരിചയമുണ്ട്. ദൂരദര്‍ശനില്‍ ഞാനെഴുതിയ സീരിയല്‍ സംപ്രേഷണം ചെയ്തു കഴിഞ്ഞിരിക്കുന്ന ഒരിടവേള. അപ്പോഴാണ് ഞാന്‍ സുനിലിനെ ആദ്യമായി പരിചയപ്പെടുന്നത്. ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കാനായി ഇരിക്കുമ്പോള്‍ ബാര്‍ബറാണ് എനിക്ക് സുനിലിനെ പരിചയപ്പെടുത്തിയത്.
‘സീരിയലില്‍ അഭിനയിക്കാന്‍ താല്പര്യപ്പെട്ട് കൊല്ലത്തുനിന്ന് വന്നതാണ്. ചാന്‍സ് എന്തെങ്കിലും കൊടുക്കണം’. ബാര്‍ബര്‍ എന്നോട് പറഞ്ഞു. ‘ഇപ്പോ എനിക്ക് വര്‍ക്കുകളൊന്നുമില്ല. വര്‍ക്കുവരട്ടെ നോക്കാം.’ ഞാന്‍ പറഞ്ഞു. എന്റെ ടെലഫോണ്‍ നമ്പര്‍ വാങ്ങി സുനില്‍ പോയി.
അക്കാലത്ത് പാലാരിവട്ടത്ത് ഒരു ഹോട്ടലില്‍ ക്ലീനിങ് ബോയ് ആയോ മറ്റോ ജോലി ചെയ്യുകയായിരുന്നു സുനില്‍. മിലിട്ടറിയില്‍ നിന്ന് സിനിമാ കമ്പം തലയ്ക്കുപിടിച്ച് ചാടിപ്പോന്നതാണ്. എറണാകുളത്ത് സാധ്യതകള്‍ ഏറെയുണ്ടെന്നറിഞ്ഞ് ഇവിടെ ചേക്കേറി എന്നുമാത്രം. സുനില്‍ നിത്യേന എന്നോണം വിളിക്കും.
പലരില്‍ നിന്നും പരിഹാസ്യനായ സുനിലിനെ ഞാന്‍ നിരാശപ്പെടുത്താതിരുന്നു. അക്കാലത്ത് പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചയുമായി കുത്താപ്പാടിയിലുള്ള ഒരു ഡബ്ബിങ് സ്റ്റുഡിയോയ്ക്കടുത്ത് റൂം എടുത്ത് ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവന്നിരുന്നു. അവിടേയ്ക്ക് ചാന്‍സും ചോദിച്ച് ചിലര്‍ വരാറുണ്ടായിരുന്നു. അതിലൊരാളാണ് ഇന്ന് അറിയപ്പെടുന്ന വില്ലനും നായകനുമായി സിനിമയില്‍ വേഷം ചെയ്ത സുധി. അതുപോലെ സുനിലും അവിടെ എത്താന്‍ തുടങ്ങി. ഒരു ദിവസം ചേര്‍ത്തലയിലുള്ള എന്റെ സുഹൃത്തായ ഡോക്ടറിന് സുനിലിനെ പരിചയപ്പെടുത്തിക്കൊടുത്തു. ഡോക്ടറിന് സ്ഥിരം സിനിമ ചെയ്യുന്ന ഒരു പ്രൊഡ്യൂസറുമായി നല്ല സൗഹൃദബന്ധം ഉണ്ട്. ഡോക്ടര്‍ സുനിലിനോട് ചോദിച്ചു.
”അഭിനയിക്കാനാണോ താല്പര്യം”. ”അതെ…സര്…” ”സംവിധാനത്തിനായാലോ?” ”അതായാലും കുഴപ്പമില്ല”. ”ക്യാമറയില്‍ ആളുടെ വേക്കന്‍സി ഉണ്ടെന്ന് പറയുന്നു. അതില്‍ നോക്കിയാലോ…” ”എന്നാല്‍ അതുമതി”. ”പ്രോഡക്ഷനിലോ?” ”അതിനും ഞാന്‍ റെഡിയാ”. ”ശരി പറയാം”. ഡോക്ടര്‍ സുനിലിനെ പറഞ്ഞ് ഒഴിവാക്കി.
പിന്നീട് എന്നോട് ഡോക്ടര്‍ പറഞ്ഞു.
”അയാള്‍ എവിടേം എത്താന്‍ പോകുന്നില്ല മോഹന്‍ജി.” ”ങും?!.” ”ഏതാണ് അയാള്‍ക്ക് വേണ്ടതെന്നോ, ഏതിലാണ് തനിക്ക് കഴിവുതെളിയിക്കാന്‍ കഴിയുന്നതെന്നോ അയാള്‍ക്കുതന്നെ നിശ്ചയമില്ല.” ”അയാള്‍ ഒരു പാവമാണ്.” ഞാന്‍ സുനിലിനെ വീണ്ടും പിന്താങ്ങി. ‘ആയിരിക്കാം. പക്ഷെ അയാള്‍ സിനിമയക്ക് പറ്റിയ ആളല്ല. അയാള്‍ക്ക് എന്താണ് പറ്റുന്നതെന്ന് ആദ്യം അയാള്‍തന്നെ കണ്ടുപിടിക്കട്ടെ.’ ഞാന്‍ പിന്നൊന്നും പറഞ്ഞില്ല. സുനില്‍ ഹോട്ടല്‍ ജോലികള്‍ വിട്ടു. കെട്ടിട നിര്‍മാണ തൊഴിലാളികളുമായി ചേര്‍ന്ന് കമ്പി വളയ്ക്കാനും മറ്റുമായി നിന്നു. പിന്നീട് പോളിഷ് ജോലിക്കുകൂടി. കാറ്ററിങില്‍ ഭക്ഷണം വിളമ്പാന്‍ നിന്നു. അപ്പോഴൊക്കെ അയാള്‍ സിനിമാ മോഹം വിട്ടില്ല.
പിന്നീട് ഞാന്‍ അയാളെ അടുത്തറിയുന്നത് എസ്ആര്‍എം റോഡിലെ ഒരു ലോഡ്ജില്‍ വച്ചാണ്. 2000 മുതല്‍ 2014 വരെ എനിക്കവിടെ റൂം ഉണ്ടായിരുന്നു. ഒരു പഴയ ബില്‍ഡിങും വേറൊരു പുതിയ കോണ്‍ക്രീറ്റ് ബില്‍ഡിങുമായിരുന്നു ലോഡ്ജ്. ആദ്യം പഴയ ബില്‍ഡിങ്ങിലായിരുന്നു എന്റെ റൂം. പിന്നീട് പുതിയ ബില്‍ഡിങിലേക്ക് മാറ്റുകയും ചെയ്തു.
പഴയ ബില്‍ഡിങില്‍ തന്നെയായിരുന്നു സുനില്‍. ഇതിനിടെ എന്റെ ഒരു ടെലിഫിലിമില്‍ സുനിലിന് ഒരു വേഷം നല്കി. പക്ഷെ, അതിലത്ര ശോഭിക്കാന്‍ സുനിലിനായില്ല. ഡോക്ടര്‍ പറഞ്ഞത് ഞാനോര്‍ക്കുകയും ചെയ്തു. ഒന്നുരണ്ടു സീരിയല്‍ സംവിധായകരെ പരിചയപ്പെടുത്തിക്കൊടുത്തു. അവിടെയും ഒന്നുമാകാന്‍ സുനിലിനായില്ല. ഇതിനിടെ സിനിമ ബന്ധം ഉണ്ടെന്ന് പറഞ്ഞവരെയൊക്കെക്കാണാന്‍ ജോലിക്കിടെ സുനില്‍ നടന്നു.
അവര്‍ക്കൊക്കെ കള്ള് മേടിച്ചുകൊടുത്തും അവരുടെയൊക്കെ പിണിയാളായും അയാള്‍ അവസരം തേടി. പക്ഷെ അവരെല്ലാം സുനിലിനെ ഉപയോഗിക്കുകയായിരുന്നു. കള്ളുമേടിച്ചെടുക്കാനും മറ്റുമായി. പാവം, അപ്പോഴും ഭ്രമിച്ച് ഭ്രമിച്ച് നടന്നു. ഒടുവില്‍ അതെല്ലാം വിട്ട് നിരാശിതനായി നാട്ടിലേക്ക് മടങ്ങി. വിവാഹം കഴിച്ചെന്നും ഗള്‍ഫില്‍ ജോലി തേടി പോയെന്നും കേല്ക്കുന്നു. ഡോക്ടര്‍ പറഞ്ഞതല്ലെ ശരി.
വെറും ഒരാഗ്രഹം മാത്രം കൊണ്ട് (അതുതന്നെ ഏതാണ് വ്യക്തമായി ആഗ്രഹിക്കേണ്ടത് എന്നറിയാതെ) എവിടെ എത്താന്‍?. സിദ്ധിയും സാധനയും പരിശ്രമവും ഒത്തുചേരണ്ടെ?. എസ് ആര് എം റോഡിലെ പഴയ കെട്ടിടത്തില്‍ തൊണ്ണൂറു ശതമാനം യുവാക്കളും കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നുവന്ന സിനിമാ ഭാഗ്യാന്വേഷികളായിരുന്നു. ആ ലോഡ്ജ് ഒഴിവാക്കപ്പെട്ടപ്പോള്‍ പലപല ലോഡ്ജുകളിലും കയറിക്കൂടി പല പല ഭാഗ്യാന്വേഷണവുമായി നടന്നു. ഇതില്‍ ഒരു പന്തീരാണ്ടുകാലമായി വീട്ടില്‍ പോലും പോകാതെ സിനിമയ്ക്കുവേണ്ടി അലയുന്നവരുണ്ട്. അലച്ചില്‍ തുടരുകയാണ്.
എവിടെയാണവര്‍ക്ക് വഴിതെറ്റിയത്. സിനിമയിലെത്താന്‍ അലച്ചില്‍ മാത്രം പോരെന്ന് എന്നാണിവര്‍ക്ക് മനസിലാവുക. മദിരാശിയില്‍ പോയി വിശന്നുനടന്ന് പൈപ്പിലെ വെള്ളം കുടിച്ച് സിനിമാ നടന്മാരായി എന്നുകേട്ടാലുടനെ മദിരാശിയിലേത്ത് വണ്ടി കയറുക. വിശന്നുനടക്കുക, പൈപ്പിലെ വെള്ളം കുടിക്കുക. അതുകൊണ്ട് നടനാകുമോ?.
ഇതില്‍ ആരൊക്കയോ ചില പ്രൊഡ്യൂസര്‍മാരെ വളച്ചു. അവരുടെ കുറച്ചു പണം കളയിക്കുകയും ചെയ്തു. ഇനി അവര്‍ പറഞ്ഞു നടക്കുക സിനിമാക്കാര് തട്ടിപ്പുകാരാണെന്നായിരിക്കും!. ഈ സിനിമാ മോഹികളെ പലരും തന്‍കാര്യത്തിനായി ചൂഷണം ചെയ്യുക, വലിച്ചെറിയുക- ഈ ലോകം എത്ര വിചിത്രം!.
വിശ്വപ്രസിദ്ധ ചലച്ചിത്രകാരന് ഫെഡറിക്കോ ഫെല്ലിനി ടെലിവിഷന്‍ ചാനലുകളുടെ വിസ്ഫോടനം ആസന്നമായ പുതിയ യുഗത്തെ വിഭാവനം ചെയ്തു. ഞരമ്പുരോഗം ബാധിച്ച ഒരു തലമുറയെയാകും അത് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ഭയന്നു. 1970 കളില്‍ പല മാധ്യമപ്രവര്‍ത്തകരും ഈ ദുഃസ്വപ്നം കണ്ടു. പക്ഷെ, അവര്‍ ഇത്തരം ഒരു ‘ഞരമ്പുരോഗ’മല്ല കണ്ടതെന്നുമാത്രം. ഏതിനെക്കുറിച്ചും സ്വപ്നം കാണാം.
പക്ഷെ അതു യഥാര്‍ത്ഥമാകാന്‍ അതിനുള്ള യോഗ്യത ഉണ്ടാകുകയോ ഉണ്ടാക്കി എടുക്കുകയോ ചെയ്യാതിരിക്കുമ്പോഴാണ് ഇങ്ങനെ ചൂഷണ വസ്തുവായി ജന്മം അലഞ്ഞുതീര്‍ക്കേണ്ടതായി ഭൂരിപക്ഷം പേര്‍ക്കും വരുന്നത് എന്നു വസ്തുത!.
ഇതുപോലെതന്നെയാണ് സീരിയല്‍ രംഗത്തുള്ള രണ്ടു പദങ്ങള്‍. ഒന്ന് ‘ലൊക്കേഷന്‍ പ്രൊഡ്യൂസര്‍’ എന്നാണ്. ഏതെങ്കിലും ഒരു സീരിയല്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടാകും. ആ ലൊക്കേഷനിലേക്ക് ഒരു ദിവസം മുന്തിയകാറില്‍ ആര്‍ഭാട വേഷത്തോടെ ഒരാള്‍ എത്തുന്നത്. കൂടെ ഒരു ശിങ്കിടിയും ഉണ്ടാകും. അയാള്‍ ഡയറക്ടറേയും തിരക്കഥാകൃത്തിനേയുമൊക്കെ രഹസ്യമായി വിളിച്ചുമാറ്റി പറയും.
”സര് ആള് നല്ല പൈസക്കാരനാ. ഒരു സിനിമയെടുക്കാന്‍ റെഡിയായിട്ടിരിക്കുകയാ…ഞാനാസെറ്റിലേക്ക് കൊണ്ടുവന്നത്. കൈവിട്ടുകളയണ്ടാ കേട്ടോ?. ” മിനിസ്ക്രീനില്‍ നിന്നും ബിഗ്സ്ക്രീനിലേക്ക് കയറാന്‍ കാത്തിരിക്കുന്ന ഡയറക്ടര്‍ക്കും തിരക്കഥാകൃത്തിനും ഈ വാക്കുകള്‍ ആശയുടെ പൂമഴയാണ്. വൈകുന്നേരം ഡയറക്ടറും തിരക്കഥാകൃത്തും താമസിക്കുന്ന റൂമിയില്‍ അയാള്‍ വരാം എന്നുപറഞ്ഞാകും അവര്‍ പിരിയുക. പറഞ്ഞ സമയത്തുതന്നെ അവര്‍ എത്തും.
ഡിസ്കഷന് സമയത്ത് കഴിക്കാന്‍ വേണ്ട ‘സാധനങ്ങള്‍’ ഓര്‍ഡര്‍ ചെയ്യും. ഭക്ഷണത്തോടൊപ്പം പുതിയ പ്രൊഡ്യൂസര്‍ പറയും. ‘എന്തായാലും ഒരു സത്യം പറയാം. നിങ്ങള്‍ സീരിയലില്‍ നില്ക്കണ്ടവരല്ല. സിനിമയിലേക്കെത്തേണ്ടവരാണ്.’ ഡയറക്ടര്‍ പരമ വിനീതന്. ‘ഞാന്‍ ഒരു സിനിമ നിര്‍മിക്കാന്‍ പോകുന്നു. അതില്‍ ഡയറക്ടറായി നിങ്ങള്‍ തന്നെ വേണം. തിരക്കഥയും ചെയ്യണം. ഈ സീരിയല്‍ തിരക്കിനിടയില്‍ അതു പറ്റ്വോ?.’ ‘അതൊക്കെ ശരിയാക്കാം.’ ഡയറക്ടറും തിരക്കഥാകൃത്തും ഒറ്റ ശബ്ദത്തില്‍. ‘എന്നാല്‍ മറ്റുകാര്യങ്ങളെല്ലാം എന്ന് ഡിസ്കസ് ചെയ്യണം.’ സംവിധായകന് ചിന്തയില്‍
‘ഇവിടിരുന്നു വേണ്ട. ഹോട്ടലില്‍ മതി.’ ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലിന്റെ പേരാകും പറയുക.
”ഈ ഷെഡ്യൂളിന്റെ പാക്കപ്പ് കഴിഞ്ഞിട്ട് ഇരിക്കാം.” സീരിയല്‍ സംവിധായകന് പറയുന്നു. ഒന്നാലോചിച്ച ശേഷം പുതു പ്രൊഡ്യൂസര്‍ സമ്മതിക്കുന്നത് ഇങ്ങനെ. ”ശരി വൈകണ്ട. അഡ്വാന്‍സ് അന്ന് തര്വോം ചെയ്യാം. എല്ലാറ്റിനും ഒരു വ്യവസ്ഥവേണ്ടെ. അല്ലെ?”.
സംവിധായകനും തിരക്കഥാകൃത്തിനും പെരുത്ത് സന്തോഷം. എത്ര മാന്യനായ പ്രൊഡ്യൂസര്‍. പ്രൊഡ്യൂസര്‍മാരായാല്‍ ഇങ്ങനെ വേണം. അവര്‍ പിരിയുന്നു. അന്ന് രാത്രിയോ മറ്റൊ പ്രൊഡ്യുസര്‍ ശിങ്കിടിയുടെ ഫോണ്‍ പ്രതീക്ഷിക്കാം. അതങ്ങനെയാകാനാണ് തരം.
”സര് അദ്ദേഹത്തിന് ചില അഭിനയമോഹമൊക്കെ ഉണ്ടട്ടോ- പറ്റുമെങ്കില്‍ നിങ്ങളുടെ സീരിയലില്‍ ഒരു നല്ല വേഷമൊക്കെ കൊടുക്കുന്നത് നന്നായിരിക്കും.” ”അതിന് പ്രശ്നമില്ല അടുത്ത ഷെഡ്യൂളിലാകാം.” സംവിധായകന് പറയുന്നു.
”ഓ അതത്ര നടക്കൂന്ന് തോന്നണില്ല. കാരണം സാറിനൊക്കെ അഡ്വാന്‍സ് തന്ന് കാര്യങ്ങള്‍ക്കൊക്കെ ഒരു നീക്കുപോക്കുണ്ടാക്കി അപ്പോഴേക്കും കക്ഷി ഒരു മലേഷ്യന്‍ ട്രിപ്പിന് പോകാനിരിക്കുകയാ. ബാക്കി കാര്യത്തിന് ഒരു മാനേജരേയും വയ്ക്കും.” സംവിധായകനും തിരക്കഥാകൃത്തും കൂടി ആലോചനയില്‍. പുതിയ ഒരു കഥാപാത്രം ജനിക്കുന്നു. അതിലേക്കായി പ്രൊഡ്യൂസറെ കാസ്റ്റുചെയ്യുന്നു. പിറ്റേന്നുമുതല്‍ പ്രൊഡ്യൂസര്‍ ഷെഡ്യൂള്‍ തീരുംവരെ വന്ന് അഭിനയിക്കുന്നു. കാര്യം ക്ലീന്‍.
പിന്നാണ് പ്രശ്നം. പറഞ്ഞ് ദിവസം സിറ്റിങ് നടക്കുന്നില്ല. ഡിസ്കഷന് നടക്കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല. ഒടുവില്‍ ശിങ്കിടിയെ കിട്ടുമ്പോള്‍ അയാള്‍ പറയുന്നു. ”അത്യാവശ്യമായി സാറിന് മലേഷ്യക്ക് ഉടനെ പോകേണ്ടിവന്നു. ആറുമാസം കഴിഞ്ഞെത്തും. അപ്പോള്‍ കാര്യങ്ങള്‍ ശരിയാക്കാം എന്നേറ്റിട്ടുണ്ട് ”. സംഗതി ഫഌറ്റ്.
ഇതാണ് ലൊക്കേഷന്‍ പ്രൊഡ്യൂസര്‍. അയാളുടെ അഭിനയമോഹം അയാള്‍ സാധിച്ചെടുത്തു.
മറ്റൊന്ന് ‘ചെക്ക് പ്രൊഡ്യൂസറാണ്’. ചില സീരിയലിന്റെ പ്രൊഡ്യൂസര്‍മാര്‍ ചെക്കുപ്രൊഡ്യൂസര്‍മാരായിരിക്കും. ഷൂട്ടിങ് ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും കൃത്യമായി ടെക്നീഷ്യന്‍സിന് പ്രതിഫലം കൊടുക്കും. പിന്നീടുള്ള ഷെഡ്യൂളിന് ടൈറ്റ് കാണിക്കും. ചെക്ക് നല്‍കും. കൃത്യസമയത്തുതന്നെ ചെക്ക് മാറിക്കിട്ടുകയും ചെയ്യും. അതുകഴിയുമ്പോള്‍ അടുത്ത ഷെഡ്യൂളിന് ചെക്ക് നല്‍കിയിട്ട് പറയും. ”ബാങ്കില്‍ കൊടുക്കേണ്ട ഡെയിറ്റിന് ഞാന്‍ പണം തന്നോളാം. ഒരുറപ്പിന് ചെക്ക് തന്നു എന്നേയുള്ളു”.
കാര്യം കൃത്യം. ചെക്ക് ഡേറ്റിനുതന്നെ പണം കിട്ടും. അത് കഴിയുമ്പോള്‍ തരുന്ന ചെക്കിന് പകുതി പണമാകും. പിന്നെ പണം കിട്ടാതാകും. ബാങ്കില്‍ നിന്നും ചെക്ക് മടങ്ങും. ഇതിനകം സീരിയലും കഴിഞ്ഞിരിക്കും. പരാതിയും കേസുമൊക്കെയായി നടക്കുമ്പോള്‍ പിന്നെ ഫീല്‍ഡില്‍ അറിയുക ‘പ്രശ്നക്കാരന്‍’ എന്നാകും.
അയാള്‍ക്ക് വര്‍ക്ക് നല്കിയാല് കോടതി കയറേണ്ടിവരും, ഒരു ദാക്ഷിണ്യവുമില്ലാത്ത ആളാണ്. അതോടെ വര്‍ക്ക് കിട്ടാതാകും. അതൊക്കെക്കൊണ്ട് എല്ലാവരും തന്നെ കിട്ടാക്കടമായി അത് എഴുതിത്തള്ളുകയും ചെയ്യും.
”മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഒരിക്കല്‍ പറയുകയുണ്ടായി. നിങ്ങള്‍ക്ക് ഏതെങ്കിലും പ്രൊഡ്യൂസര്‍ മുഴുവന്‍ പണവും തരാതെ അടുത്ത സിനിമയില്‍ ഒന്നിച്ചുതരാമെന്നു പറഞ്ഞാല്‍ വിശ്വസിക്കരുത്. കാരണം അയാള്‍ അടുത്ത സിനിമ ചെയ്യും എന്ന് എന്താണുറപ്പ്.
ചെയ്താല്‍ തന്നെ നിങ്ങളെ വിളിക്കും എന്ന് എന്താണ് നിശ്ചയം?. വിളിച്ചാല്‍ തന്നെ മുഴുവന്‍ പണവും തീര്‍ത്തുതരുമോ?. കൂടുതലും നിങ്ങളെ വിളിക്കാതിരിക്കാനല്ലെ സാധ്യത. അതല്ലെ അയാള്‍ക്ക് ലാഭവും. ഇനി മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ കടം നിര്‍ത്താതെ പണം വാങ്ങിയാല്‍ അടുത്ത പടത്തില്‍ വിളിച്ചേക്കാം. കാരണം അപ്പോഴത്തെ പ്രതിഫലം മാത്രം തന്നാല്‍ മതിയല്ലോ. അതുകൊണ്ട് ഉള്ള പ്രതിഫലം അപ്പോത്തന്നെ വാങ്ങിച്ചേക്കുക. ഇത് സിനിമയാണ്.”
അതെ-
ഇത് സിനിമയാണ്, വേഷം കെട്ടലിന്റെയും പരകായപ്രവേശത്തിന്റെയും ലോകം. എത്രയെത്ര അനുഭവങ്ങളാണ് ഇനിയും ഓര്‍ക്കാനുള്ളത്, പറയാനുള്ളത്. പൊള്ളുന്ന അത്തരം അനുഭവങ്ങള്‍ക്ക് കാതോര്‍ക്കാന്‍ കോടമ്പാക്കം വരെയോ ബോളിവുഡിലേക്കോ ഹോളിവുഡിലേക്കോ പോകേണ്ടതില്ല. ഈ ചുറ്റുപാടുമാത്രം കണ്ണോടിച്ചാല്‍ മതിയായേക്കും.
ഒറ്റവരി: ചിലര്‍ക്ക് ജീവിതം തന്നെ സിനിമയാണ്
മറ്റുചിലര്‍ക്കോ സിനിമയാണ് ജീവിതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: