കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡില്‍ ചെളിയംകോട് മണ്ണിടിഞ്ഞ് വീടുകള്‍ അപകട ഭീഷണിയിലായ സാഹചര്യത്തില്‍ ഇവിടെ പാര്‍ശ്വഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്. പ്രവര്‍ത്തികള്‍ക്കായി കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കണം. ശൗചാലയവും സ്ഥലവും നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി. കളക്ടറുടെ ചേമ്പറില്‍ കെഎസ്ടിപി റോഡ് കരാറുകാരും എഞ്ചിനീയര്‍മാരുമായി ജില്ലാ കളക്ടരും ജില്ലാ പോലീസ് മേധാവിയും നടത്തിയ ചര്‍ച്ചയില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന് ഇവിടെ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് കെഎസ്ടിപി സര്‍ക്കാറിനെ സമീപിക്കണം.
റോഡില്‍ ആവശ്യമായ ഇടങ്ങളിലെല്ലാം അപകട സൂചനാ ബോര്‍ഡുകളും മുന്നറിയിപ്പ് ഫലകങ്ങളും ഒരാഴ്ചക്കകം സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതു വഴിയുളള ഗതാഗത നിരോധനം ഒരാഴ്ചക്കകം നീക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തും. അപകട സാധ്യതയുളള മേഖലയില്‍ സിംഗിള്‍ ലൈന്‍ ട്രാഫിക് സംവിധാനം താല്‍ക്കാലികമായി നടപ്പിലാക്കും. മണ്ണിടിച്ചില്‍ തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ട്രാഫിക് പോലീസ് കെഎസ്ടിപി റോഡില്‍ വേഗത നിയന്ത്രണത്തിനുളള ഡിവൈഡറുകള്‍ ഉടന്‍ സ്ഥാപിക്കും. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റോഡ് നിര്‍മ്മാതാക്കള്‍ സുരക്ഷാനടപടികള്‍ നിര്‍ബന്ധമായും ശക്തമാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു. ചര്‍ച്ചയില്‍ ആര്‍ഡിഎസ് കമ്പനി അസി.വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്, കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ രാമചന്ദ്രന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.പി വേണു നായര്‍, ഡെപ്യൂട്ടി റസിഡന്റ് എഞ്ചിനീയര്‍ സുശീല്‍കുമാര്‍, പ്രൊജക്ട് മാനേജര്‍ രഘുനാഥ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: