കാസര്‍കോട്: ശബരിമലയില്‍ 10 വയസ്സു മുതല്‍ 50 വയസ്സുവരെ പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചതായി അറിഞ്ഞു. അയ്യപ്പ വിശ്വാസികളായ ഞങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ശബരിമലയില്‍ ഇന്ന് നടന്നു വരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും, വിധികള്‍ക്കും എതിരാണ് ഈ ആവശ്യമെന്നും മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക ശിബിരത്തില്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.
പുരാതന കാലം മുതല്‍ ആചരിച്ചുവരുന്ന അനുഷ്ഠാനങ്ങളെ ഭരണഘടനയുടെ പേരുപറഞ്ഞ് അപകീര്‍ത്തിപ്പെടുത്തുകയും, ഇത് ഒരു വലിയ ചര്‍ച്ചാ വിഷയമാക്കി മാറ്റി പരിഹസിക്കുന്നതും അപലപനീയമാണ്. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ പരിപാവന വിശ്വാസം കാത്തുരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാറിന് ഉത്തരവാദിത്വം ഉണ്ടെന്നും, ആവശ്യമെങ്കില്‍ ഒരു ഭരണഘടനാ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സമിതി ജില്ലാ പ്രസിഡന്റ് ടി.വി.ഭാസ്കരന് ശിബിരം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ഐ.കെ.രാംദാസ് വാഴുന്നവര്‍ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ടി.രമേശന് പ്രമേയം അവതരിപ്പിച്ചു. വടക്കേവളപ്പ് നാഗക്കാവില് നട്ടുവളര്‍ത്താനാവശ്യമായ തൈകളുടെ വിതരണോദ്ഘാടനം സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.കുഞ്ഞിരാമന് നിര്‍വ്വഹിച്ചു. കാവുങ്കാല്‍ കൃഷ്ണന്, പി.ഗോവിന്ദന് നായര്‍, ഗോപാലകൃഷ്ണ ഭട്ട് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി വട്ടക്കയം രാജന് സ്വാഗതവും ജോ.സെക്രട്ടറി മുരളീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: