ഹൈദരാബാദ് മൃഗശാലയിലെ താരമാണ് 28 വയസ്സുകാരിയായ സൂസി. തെറ്റിദ്ധരിക്കല്ലെ…സൂസി വെറും പെണ്ണല്ല, ചിമ്പാന്‍സിയാണ്! സൂസിയാണ് മൃഗശാലയിലെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണം. ഒരുകാലത്ത് സഹാറ ചെയര്മാന് സുബ്രതോ റോയിയുടെ വളര്‍ത്തുമൃഗമായിരുന്നു ഈ ചിമ്പാന്‍സി.
സാധാരണ ചിമ്പാന്‍സികളെ പോലെയാണ് സൂസിയെന്ന് കരുതിയെങ്കില്‍ തെറ്റി. സുബ്രതോ റോയിയുടെ വളര്ത്തുമൃഗമായതു കൊണ്ടാകാം പുള്ളിക്കാരിയുടെ ജീവിതം അല്‍പ്പം ആഡംബരപൂര്വ്വമാണ്. അതുകൊണ്ട് തന്നെ ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ അധികൃതരും സൂസിക്ക് വേണ്ട പരിഗണന നല്‍കുന്നുണ്ട്.
സാധാരണ മനുഷ്യന്മാരെ പോലെ പല്ലു തേച്ചു കൊണ്ടാണ് സൂസിയുടെ ഒരു ദിനം ആരംഭിക്കുന്നത്. ടൂത്ത് പേസ്റ്റ് ബ്രാന്റഡായിരിക്കണമെന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് ‘പെപ്സിഡന്റ് ടൂത്ത് പേസ്റ്റ്’ വിട്ടൊരു കളിയില്ല.
പല്ലു തേപ്പ് കഴിഞ്ഞാല്‍ ഒരു കുളി പാസാക്കും. കുളിക്കാനായി പീയേഴ്സ് സോപ്പും ഷാംബുവും കൂടിയേ തീരു. പിന്നീട് വെളിച്ചെണ്ണ ഉപയോഗിച്ച് മസാജിങ്.
കുളിയും മസാജും കഴിയുമ്പോഴേക്കും കോഫി അത്യവശ്യമാണ്. കോംബ്ലാനെ ഒരു ആരോഗ്യപാനീയമായി കണ്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം നെസ്കഫെയാണ് പുള്ളിക്കാരിക്ക് പ്രീയം. അധികൃതര്‍ ഇടയ്ക്ക് കോബ്ലാനാണ് കൊടുക്കുന്നതെങ്കില്‍ അങ്ങോട്ടേയ്ക്ക് അടുക്കുകയേ ഇല്ല.
പ്രഭാത ഭക്ഷണത്തില്‍ ബ്രഡും ജാമും കൂടിയേ തീരു. ഒപ്പം ഫലങ്ങളും വേണം. ഉച്ചഭക്ഷണത്തിന്റെ കാര്യം പറയണ്ട. മെനുവില്‍ തേന്‍, ഫലങ്ങള്‍, കോണ്‍ഫ്ളെക്സ്, കായ്കനികള്‍ എന്നിവ ഉള്‍പ്പെടുത്തണം. കാഡ്ബറി ചോക്ക്ളേറ്റ്സും ഇഷ്ട ഭക്ഷണമാണ്.
പിന്നെ ഒരു കാര്യം. കുടിക്കാന്‍ സാധാരണ വെള്ളമൊന്നും കൊടുത്തേക്കരുത്. ‘ഒണ്‍ലി മിനറല്‍വാട്ടര്‍’. അതും സ്വന്തം ബോട്ടിലിലെ കുടിക്കൂ.
കിടക്കാന്‍ നേരം ഉപയോഗിച്ച് പഴകിയ ബ്ലാന്ക്കെറ്റൊന്നും കൊടുത്ത് പറ്റിക്കാന്‍ നോക്കണ്ട. ബ്ലാന്ക്കെറ്റൊക്കെ പുതുമയുള്ളതായിരിക്കണം. ഇതു കൊണ്ട് തീര്‍ന്നില്ല. ചൂടകറ്റാന്‍ കൂളറോ ഫാനോ വേണം, കൊതുകളെ ഓടിക്കാന്‍ ‘ഗുഡ്നൈറ്റ്’ പോലുള്ള എന്തെങ്കിലും ആവശ്യമാണ്.
പഴയ ഉടമ സുബ്രതോ റോയി ജയിലില്‍ കഴിയുമ്പോഴാണ് സൂസി ഹൈദരാബാദ് മൃഗശാലയില്‍ സുഭിക്ഷമായി കഴിയുന്നതെന്ന് ഓര്‍ക്കണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: