സ്വന്തം ലേഖകന്‍
പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്താന്‍ ശ്രമിച്ച പാടശേഖരങ്ങളില്‍ കൃഷി ആരംഭിക്കുമെന്ന കൃഷിമന്ത്രിയുടെ പ്രസ്താവനയെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതിയും വിമാനത്താവള വിരുദ്ധ ഏകോപന സമിതിയും നാട്ടുകാരും സ്വാഗതം ചെയ്യുന്നു. അതേസമയം അച്യുതാനന്ദന് സര്‍ക്കാര്‍ ഈസ്ഥലത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് റദ്ദുചെയ്യാത്തതെന്തെന്ന സംശയം ഉയരുന്നു. അച്യുതാനന്ദന് സര്‍ക്കാരിന്റെ ഭരണകാലാവധി അവസാനിക്കാറായ സമയത്ത് അതീവ രഹസ്യമായാണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. 2011 ഫെബ്രുവരിയില്‍ നടത്തിയ ഈ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് സമരസമിതിയും നാട്ടുകാരും അന്നുമുതല്‍തന്നെ ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന് പിന്നാലെ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരം ശക്തിപ്പെടുകയും വിമാനത്താവള നിര്‍മ്മാണം അസാദ്ധ്യമാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ സംസ്ഥാന നിയമസഭയില്‍ രണ്ടുതവണ വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. 500ഏക്കര്‍ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നു എന്നായിരുന്നു 2011 ല്‍ അച്യുതാനന്ദന് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവുകളില്‍ സൂചിപിച്ചിരുക്കുന്ന സര്‍വ്വേ നമ്പരുകളിലെ സ്ഥല വിസ്തൃതി പരിശോധിച്ചപ്പോള്‍ 1500 ഏക്കറിലേറെ സ്ഥലം വ്യവസായ മേഖലാപ്രഖ്യാപന പരിധിയില്‍ വരുമെന്ന് കണ്ടെത്തി. ഏകദേശം 2500നും മേല്‍ 3000 കുടുംബങ്ങള്‍ വ്യവസായ മേഖലയായി നോട്ടിഫൈ ചെയ്ത സ്ഥലപരിധിയിലുണ്ട്. ഇവരെല്ലാം ഭാവിയില്‍ കുടിയൊഴിയേണ്ടിവരുമെന്ന ആശങ്കയും ജനങ്ങളിലുണ്ടായിരുന്നു. കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശ്ശേരി, പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് വ്യവസായ മേഖലയില്‍ ഉള്‍പ്പെട്ടിരുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരെത്തിയതോടെ ആറന്മുളയുടെ പൈതൃകവും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നശിപ്പിക്കുന്നതും പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്നതുമായ വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കില്ലെന്ന് പ്രഖ്യാപനമുണ്ടായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിധ മന്ത്രാലയങ്ങള്‍ നല്കിയ അനുമതികളും റദ്ദു ചെയ്യുകയുംചെയ്തു.
ഇപ്പോളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആറന്മുളയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സര്‍ക്കാര്‍ ചിലവില്‍ കൃഷിചെയ്യുമെന്ന് പറയുമ്പോഴും നേരത്തെ നല്കിയ വ്യവസായ മേഖലാ പ്ര്യഖ്യാപനം പിന്വലിക്കാത്തതെന്തെന്ന ആശങ്കയാണ് ഉയരുന്നത്.
ആറന്മുളയില് നെല്‍കൃഷി നടത്തുന്നതിന് ഏറെ മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതായുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിന് പ്രധാനം മണ്ണിട്ട് മൂടിയ കരിമാരം തോട് പുനര്‍ നിര്‍മ്മിക്കുക എന്നതാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഈ തോടിന്റെ പുനര്‍നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. തോടിന്റെ യഥാര്‍ത്ഥ ആഴത്തില്‍തന്നെ പുനര്നിര്മ്മിച്ചെങ്കില് മാത്രമേ നിലവിലുള്ള വെള്ളക്കെട്ട് ഒഴിവായി നിലം കൃഷിയ്ക്ക് രൂപപ്പെടുത്തി എടുക്കാനാകൂ എന്ന് പൈതൃകഗ്രാമകര്‍മ്മസമിതി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: