തിരുവല്ല:പൈപ്പ് കുഴികള്‍ ചാത്തമല റോഡ് കുളമാക്കി. നഗരത്തില്‍ നിന്നും ചാത്തമല, കാട്ടൂക്കര, പാലിയേക്കര, ചന്തക്കടവ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണ് ചെളിക്കുളമായി കിടക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ തിങ്ങിപാര്‍ക്കുന്നത്. പ്രദേശത്ത് കുടിവെള്ളം എത്തിക്കാനായി മാസങ്ങള്‍ക്ക് മുമ്പ് പുതിയ പൈപ്പിടാന്‍ ടാറിംഗ് ചെയ്തിരുന്ന റോഡ് വെട്ടികുഴിയെടുത്തതോടെയാണ് തകര്‍ച്ച തുടങ്ങിയത്. റോഡിന്റെ വശങ്ങളില് വലിയ കുഴിയെടുത്ത് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പുകള്‍ സ്ഥാപിച്ചു. എന്നാല്‍ പൈപ്പ് കുഴികള്‍ യഥാസമയം മൂടിയില്ല. പിന്നീട് മണ്ണിട്ടപ്പോഴാകട്ടെ വൃത്തിയായി മൂടിയതുമില്ല. ഇതുകാരണം റോഡിന്റെ പലഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. ടിപ്പര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഓടിയതോടെ കുഴികള്‍ ഗര്‍ത്തങ്ങളായി മാറി. ഒപ്പം നാട്ടുകാരുടെ ടെലിഫോണ്‍ ഭൂഗര്‍ഭ കേബിളുകളും തകര്‍ച്ചയിലായി. മഴക്കാലം തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. റോഡിലാകെ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. വഴിയേതാ കുഴിയേതാ എന്നറിയാത്ത അവസ്ഥ. നാട്ടുകാരും യാത്രക്കാരും റോഡിലൂടെ കടന്നുപോകാന്‍ ഇപ്പോള്‍ പാടുപെടുകയാണ്. ചെളിക്കുഴിയില്‍ ഇറങ്ങാതെ നടന്നുപോകാന്‍ പോലും കഴിയില്ല. ടാക്സികളും ഇതുവഴി വരാന്‍ മടിക്കുന്നു. കുട്ടികളെയും കൊണ്ട് സ്കൂളില്‍ പോകുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. നഗരസഭയുടെ 33, 34 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന വഴിയാണിത്. കുഴികളടച്ച് റോഡ് വീണ്ടും ടാറിംഗ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: